വ്യാപക മഴ: അല്‍ബാഹയില്‍ ഉരുള്‍പൊട്ടി 

റിയാദ്: തണുപ്പിന്‍െറ കാഠിന്യം കൂട്ടി വിവിധ പ്രവിശ്യകളില്‍ വ്യാപക മഴയും കാറ്റും. മക്ക, മദീന, അല്‍ബാഹ, അസീര്‍, റിയാദ്, ദമ്മാം എന്നിവിടങ്ങളിലെല്ലാം മഴ പെയ്തതിനെ തുടര്‍ന്ന് വെള്ളി, ശനി ദിവസങ്ങളില്‍ ശക്തമായ തണുപ്പ് അനുഭവപ്പെട്ടു. രണ്ടു ദിവസമായി പെയ്ത മഴയില്‍ അല്‍ബാഹ പ്രവിശ്യയില്‍ വ്യാപക നാശം. മലവെളത്തോടൊപ്പം കുത്തിയൊലിച്ച് വന്ന മണ്ണും കല്ലും റോഡുകള്‍ പാടെ തകര്‍ത്തു. ഈ ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. ചില പ്രദേശങ്ങളില്‍ ജനങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. പ്രദേശത്തെ പ്രമുഖ കൃഷിയിടങ്ങളായ തഹാമ, സറാറ എന്നിവിടങ്ങളിലേക്കുള്ള 12 കി.മീ ദൂരത്തെ റോഡ് തകര്‍ന്ന് വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു. ഇവിടെ റോഡുതന്നെ ഇല്ലാത്ത സ്ഥിതിയാണ്. തകര്‍ന്ന റോഡുകള്‍ പുനഃസ്ഥാപിക്കുന്നതിന് ദിവസങ്ങള്‍ വേണ്ടിവരും. മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ കുടുങ്ങിയ നിരവധി പേരെ സിവില്‍ ഡിഫന്‍സ് സുരക്ഷിത താവളങ്ങളിലേക്ക് മാറ്റി. താഴ്വരയില്‍ സന്ദര്‍ശനത്തിനത്തെി കുടുങ്ങിയ ആറംഗ സംഘത്തെ അധികൃതര്‍ കാറിനുള്ളില്‍ നിന്ന് രക്ഷപ്പെടുത്തി. 
അസീറിലും ശക്തമായ മഴയും മൂടല്‍ മഞ്ഞും ജനജീവിതത്തെ ബാധിച്ചു. കിഴക്ക്, പടിഞ്ഞാറ്, മധ്യ പ്രവിശ്യകളില്‍ പലയിടങ്ങളിലും വെള്ളി, ശനി ദിവസങ്ങളില്‍ മഴയത്തെി. മഴയോടൊപ്പം തണുത്ത കാറ്റും വീശിയതോടെ അന്തരീക്ഷ താപ നില മൂന്ന് ഡിഗ്രി വരെ താഴ്ന്നു. റിയാദ്, ദമ്മാം പ്രവിശ്യകളിലെല്ലാം മഴയെ തുടര്‍ന്ന് ശക്തമായ തണുപ്പാണ് അനുഭവപ്പെട്ടത്. മക്ക, മദീന എന്നിവിടങ്ങളിലും മഴയും തണുപ്പും മൂടല്‍മഞ്ഞും ഗതാഗതം ദുഷ്കരമാക്കി. വരും ദിവസങ്ങളിലും തണുപ്പ് തുടുരുമെന്നും ചില പ്രദേശങ്ങളില്‍ മഴയും കാറ്റും അനുഭവപ്പെടുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചിലയിടങ്ങളില്‍ മൂടല്‍ മഞ്ഞ് അനുഭവപ്പെടാനിടയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.