രാജ്യത്ത് 1.2 കോടി വാഹനങ്ങള്‍; കുടിച്ച് തീര്‍ക്കുന്നത് പ്രതിദിനം 811 ബാരല്‍ എണ്ണ

റിയാദ്: രാജ്യത്തെ മൊത്തം ഇന്ധന ഉപഭോഗത്തിന്‍െറ 23 ശതമാനവും പോകുന്നത് വാഹനങ്ങളുടെ ടാങ്കുകളിലേക്കാണെന്ന് ഗതാഗത വകുപ്പ് റിപ്പോര്‍ട്ട്. മൊത്തം 1.2 കോടി വാഹനങ്ങളാണുള്ളത്. ഇവയെല്ലാം കൂടി കുടിച്ച് തീര്‍ക്കുന്നത് പ്രതിദിനം 1,28,949 ലിറ്റര്‍ (811 ബാരല്‍) എണ്ണയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വാഹനങ്ങളുടെ എണ്ണത്തില്‍ മൊത്തം  82 ശതമാനവും കാറുകളാണ്. 
20 വര്‍ഷമാണ് ശരാശരി കാറുകളുടെ ഉപയോഗം. അതുകൊണ്ട് തന്നെ എണ്ണ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതും കാറുകളാണ്. ജനസംഖ്യ നിരക്കിലുള്ള വര്‍ധനവുകാരണം വരും വര്‍ഷങ്ങളിലും വാഹനങ്ങളുടെ എണ്ണം കൂടുമെന്നാണ് കണക്കാക്കുന്നത്. വര്‍ഷത്തില്‍ 2.7 ശതമാനമാണ് നിലവിലെ ജനസംഖ്യ വര്‍ധനവ്. വിദേശികളടക്കം 3.7 കോടിയാണ് നിലവിലെ ജനസംഖ്യ. 2030 ആവുമ്പോഴേക്കും വാഹനങ്ങളുടെ എണ്ണം 2.6 കോടി കവിയുമെന്നാണ് ഗതാഗത വകുപ്പ് പ്രതീക്ഷിക്കുന്നത്. ലോകത്ത് ഇന്ധനത്തിന് ഏറ്റവും കൂടുതല്‍ സബ്സിഡി നല്‍കുന്ന രാജ്യവും സൗദിയാണ്. വാഹനങ്ങളുടെ ഇന്ധന ക്ഷമത മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് സൗദിയില്‍ കുറവാണ്. ഒരു ലിറ്റര്‍ പെട്രോളിന് 14 കി. മീറ്ററാണ് ശരാശരി ഇന്ധന ക്ഷമത. അമേരിക്കയില്‍ ഇത് 13 കി.മീറ്ററാണ്. ചൈനയില്‍ 15 ഉം യൂറോപ്പില്‍ ശരാശരി 18 കി.മീറ്ററുമാണ്. ഉയര്‍ന്ന ഇന്ധന ഉപഭോഗത്തിന് ഇതും കാരണമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.  വിപണിയിലിറങ്ങുന്ന കാറുകളുടെ ഇന്ധന ക്ഷമത കൂട്ടുന്നതിന് അടുത്തിടെ ഗതാഗത വകുപ്പ് പദ്ധതികളാവിഷ്കരിച്ചിരുന്നു. 2025 ആവുമ്പോഴേക്കും കാറുകളുടെ ഇന്ധന ക്ഷമത ലിറ്ററിന് 19 കി.മീറ്ററായ വര്‍ധിപ്പിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. പുതുതായി നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ ഇന്ധന ക്ഷമത കാണിക്കുന്ന നോട്ടീസ് പുറത്ത് പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശം നല്‍കിയത് ഇതിന്‍െറ ഭാഗമായിരുന്നു. എണ്ണയുടെ ക്രമാതീതമായ ഉപഭോഗത്തിന്‍െറ പശ്ചാത്തലത്തില്‍ പ്രധാന നഗരങ്ങളിലെല്ലാം പൊതുഗതാഗത പദ്ധതി നടപ്പാക്കാന്‍ ഗതാഗത വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. 
ജിദ്ദ, റിയാദ്, ദമ്മാം എന്നീ പ്രധാന നഗരങ്ങളിലെല്ലാം മെട്രോ ഉള്‍പ്പെടെ പൊതുഗതാഗത പദ്ധതികളുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. പൊതുഗതാഗതം പരമാവധി പ്രോത്സാഹിപ്പിച്ച് ഇന്ധന ഉപഭോഗം കുറക്കുന്നതിന്‍െറ ഭാഗമായാണ് ഈ പദ്ധതികളെല്ലാം നടപ്പാക്കുന്നത്. ജി.സി.സി റെയില്‍ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ റെയില്‍ ഗതാഗതം വിപുലമാക്കുന്നതും ഈ ലക്ഷ്യത്തോടെയാണ്. 
അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുത്തനെ കുറഞ്ഞ സാഹചര്യത്തിലാണ് ഇന്ധന ഉപഭോഗത്തിന്‍െറ ക്രമാതീതമായ വര്‍ധനവ് വ്യക്തമാക്കിക്കൊണ്ടുള്ള ഗതാഗത വകുപ്പിന്‍െറ കണക്കുകള്‍ പുറത്തു വന്നിരിക്കുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.