മഴവെള്ളപ്പാച്ചിലില്‍ കുടുങ്ങിയ ഇന്ത്യക്കാരനെ രക്ഷിച്ച സൗദി പൗരന് സിവില്‍ ഡിഫന്‍സിന്‍െറ ആദരം

റിയാദ്: നഗരത്തിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞയാഴ്ച പെയ്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ കുടുങ്ങി മരണത്തെ മുഖാമുഖം കണ്ട ഇന്ത്യക്കാരനെ രക്ഷിക്കാന്‍ രംഗത്തിറങ്ങിയ സ്വദേശി വൃദ്ധനെയും മക്കളെയും സിവില്‍ ഡിഫന്‍സ് ആദരിച്ചു. പൈതൃകനഗരമായ ദറഇയ്യക്കു സമീപം വാദി ഹനീഫയില്‍ മഴ വെള്ളപ്പാച്ചിലില്‍ മിനിലോറിയുമായി കുടുങ്ങിയ ഇന്ത്യന്‍ ഡ്രൈവറെ രക്ഷിച്ച മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഗശ്യാനെയും മക്കളെയുമാണ് ആദരിച്ചത്. ഇവര്‍ ജെ.സി.ബിയും കയറുമുപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്‍െറ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രചാരം നേടി. ഗശ്യാന്‍െറ പേരക്കുട്ടി അബ്ദുല്ല ഹമീസാണ് വീഡിയോ പോസ്റ്റ് ചെയ്തത്. അറബ് മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കിയതോടെ സംഭവത്തിന് വന്‍ പ്രചാരം ലഭിച്ചു. ഇതുസംബന്ധിച്ച് ‘മീഡിയ വണ്‍’ നല്‍കിയ വാര്‍ത്തയും വീഡിയോയും പ്രമുഖ അറബ് അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളില്‍ ഇടം നേടി. 
വെള്ളപ്പാച്ചിലില്‍ കുടുങ്ങിയ ഇന്ത്യക്കാരന്‍ ലോറിക്ക് മുകളില്‍ കയറി നിന്ന് സഹായം അഭ്യര്‍ഥിച്ചപ്പോള്‍ പരിസരത്തെ താമസക്കാരായ ഗശ്യാനും മക്കളായ ഉസ്മാന്‍, അബ്ദുല്‍ മജീദ്, ഖാലിദ് എന്നിവരും ജെ.സി.ബിയുമായി രംഗത്തിറങ്ങി. 
മക്കള്‍ക്കുവേണ്ട നിര്‍ദേശങ്ങള്‍ നല്‍കി ഗശ്യാന്‍ കരയില്‍ നിന്നു. ജെ.സി.ബിയുടെ കൊട്ടയിലിരുന്ന് മക്കള്‍ ഇന്ത്യക്കാരന് കയര്‍ ടയറില്‍ കെട്ടി എറിഞ്ഞുകൊടുത്തു. ഇതില്‍ തൂങ്ങി ഡ്രൈവര്‍ കര പറ്റി. ഈ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. വീഡിയോയും വാര്‍ത്തകളും വൈറലായതിനെ തുടര്‍ന്നാണ് കുടുംബത്തെ തേടി അംഗീകാരമത്തെിയത്. 
ദറഇയ്യയിലെ സിവില്‍ ഡിഫന്‍സ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ റിയാദ് മേഖല മേധാവി ആയിശ് ത്വല്‍ഹി ഗശ്യാനും മക്കള്‍ക്കും സ്നേഹോപഹാരങ്ങള്‍ സമ്മാനിച്ചു. ദറഇയ്യ ഓഫിസ് മേധാവി അബ്ദുല്ല മുഅ്തിഖ് അബൂ മാരിഖയും സംബന്ധിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.