റിയാദ്: ആസന്നമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്താനും മത്സരിക്കാനും ആവേശപൂര്‍വം മുന്നോട്ടുവരാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് രാജ്യത്തെ വനിതകളെ ആഹ്വാനം ചെയ്തു. മുനിസിപ്പല്‍ സ്ഥാപനങ്ങളിലെ ഭരണനിര്‍വഹണകാര്യങ്ങളില്‍ ഇടപെട്ട് പുരുഷന്മാര്‍ക്കൊപ്പം രാഷ്ട്ര നിര്‍മാണ, വികസനപ്രവര്‍ത്തനങ്ങളില്‍ നേതൃപരമായ പങ്കുവഹിക്കാന്‍ അദ്ദേഹം സ്ത്രീകളെ ഉദ്ബോധിപ്പിച്ചു. സമൂഹത്തില്‍ സ്ത്രീക്കുള്ള സ്ഥാനവും സവിശേഷതയും അംഗീകരിച്ചുകൊണ്ടുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പിലെ സ്ത്രീപങ്കാളിത്തം രാജ്യം അംഗീകരിച്ചത്. പുരുഷന്മാര്‍ക്കൊപ്പം തദ്ദേശ തെരഞ്ഞെടുപ്പില്‍ പങ്കാളികളായി പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ് സൗദി വനിത. പ്രവിശ്യകളിലെ മുനിസിപ്പല്‍ ഭരണസമിതികളില്‍ സേവനമനുഷ്ഠിക്കാനുള്ള സ്ത്രീകളുടെ ശേഷിയെ അംഗീകരിക്കുകയാണ് തെരഞ്ഞെടുപ്പിലെ വനിത പങ്കാളിത്തത്തിന് അവസരം നല്‍കുക വഴി രാജ്യം ചെയ്തിരിക്കുന്നതെന്ന് രാജാവ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.