വീട്ടുകാരന്‍ മര്‍ദിച്ചെന്ന പരാതിയുമായി മലയാളി യുവാവ് ലേബര്‍ കോടതിയില്‍

ജിദ്ദ: ഹൗസ് ഡ്രൈവര്‍ വിസയിലത്തെി തൊഴിലുടമയുടെ മര്‍ദനം ഏറ്റുവാങ്ങേണ്ടി വന്ന യുവാവ് ഹുറൂബില്‍ നിന്നു രക്ഷ തേടി തൊഴില്‍കോടതിയെ സമീപിച്ചു. മലപ്പുറം ജില്ലയിലെ തിരൂര്‍ പറവണ്ണ സ്വദേശി മച്ചിങ്ങലകത്ത് മുഹമ്മദ് ശംസീര്‍ (25) ആണ് ഹതഭാഗ്യന്‍. കഴിഞ്ഞ ഫെബ്രുവരി ഒന്നിന് ഹൗസ് ഡ്രൈവര്‍ വിസയിലാണ് ശംസീര്‍ ജിദ്ദയിലത്തെിയത്. ഹയ്യുന്നസീമിലെ വീട്ടിലായിരുന്നു ജോലി. വീട്ടുകാരിയായിരുന്നു സ്പോണ്‍സര്‍. 1700 റിയാലായിരുന്നു ശമ്പളം വാഗ്ദാനം ചെയ്തിരുന്നതെങ്കിലും ജോലിയില്‍ ചേര്‍ന്നപ്പോള്‍ അത് 1400 റിയാലായി. ആദ്യമാസം ശമ്പളം കൃത്യമായി ലഭിച്ചു. എന്നാല്‍ രണ്ടും മൂന്നും മാസത്തെ ശമ്പളം നാലാം മാസത്തില്‍ ഒന്നിച്ചാണ് കിട്ടിയത്. ശമ്പളം കൂട്ടി ചോദിച്ചെങ്കിലും ഫലമുണ്ടായില്ല. 
അതിനിടെ മൂന്നാഴ്ച മുമ്പ് ഒരു വെള്ളിയാഴ്ച പുലര്‍ച്ചെ ഡ്യൂട്ടി കഴിഞ്ഞത്തെിയ ക്ഷീണത്തിലായിരുന്ന ശംസീര്‍ റൂമില്‍ ഉറങ്ങിപ്പോയി. പള്ളിയില്‍ കയറുമ്പോള്‍ മൊബൈല്‍ ഫോണ്‍ നിശ്ശബ്ദമാക്കിയ ശംസീര്‍ പിന്നീട് അത് ശരിയാക്കാന്‍ മറന്നതിനാല്‍ വീട്ടുകാരി വിളിച്ചത് കേട്ടില്ല. 
ഇതില്‍ അരിശം പൂണ്ട വീട്ടുകാരന്‍ താമസസ്ഥലത്ത് ഇരച്ചുകയറി. ഉറക്കില്‍ നിന്നെണീറ്റ തന്നെ ചെകിട്ടത്തടിക്കുകയായിരുന്നുവെന്നും പേടിച്ചിറങ്ങി പുറത്തിറങ്ങിയ തന്നെ നിരന്തരം അടിക്കുകയും ചവിട്ടുകയും ചെയ്തെന്നും ശംസീര്‍ പറഞ്ഞു. ഇതോടെ ഭയന്ന ശംസീര്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിലത്തെി വെല്‍ഫെയര്‍ വിഭാഗത്തില്‍ പരാതിപ്പെട്ടു. അവിടെ നിന്നുള്ള നിര്‍ദേശപ്രകാരം ലേബര്‍ കോടതിയില്‍ സ്പോണ്‍സര്‍ക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ്. കഴിഞ്ഞ മൂന്നു മാസത്തെ ശമ്പളം കിട്ടാനുണ്ട്. ഞായറാഴ്ച ലേബര്‍ കോടതി കേസ് വിസ്താരത്തിനെടുത്തു. 
കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ ഇഖ്ബാലിന്‍െറ കൂടെ ശംസീര്‍ സ്ഥലത്തത്തെിയെങ്കിലും സ്പോണ്‍സറായ വനിത ഹാജരായില്ല. അതിനാല്‍ പത്തുദിവസം കഴിഞ്ഞ് വിധി പറയാനായി കോടതി കേസ് നീട്ടുകയായിരുന്നു. ഇതിനു ശേഷം സ്ഥലത്തത്തെിയ വീട്ടുകാരന്‍ അധികൃതരുമായി സംസാരിച്ചു. 
മൂന്നു മാസത്തെ ശമ്പളക്കാര്യം അയാള്‍ നിഷേധിച്ചു. എന്നാല്‍ സ്പോണ്‍സര്‍ തന്നെ നേരിട്ട് ഹാജരാകണമെന്ന് കോടതി നിഷ്കര്‍ഷിച്ചു. തുടര്‍ന്ന് പുറത്തിറങ്ങിയ വീട്ടുകാരന്‍ ശംസീറിനെ ഹുറൂബാക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. 
ശമ്പളത്തില്‍ നിന്നു പിടിച്ച തുഛമായ തുകയെല്ലാം കഴിഞ്ഞ വിഷമത്തിലാണ് ശംസീര്‍. കേസ് നീട്ടിവെച്ച 10 നാള്‍ തങ്ങാന്‍ ഭക്ഷണത്തിനു പോലും പണമില്ലാത്ത വിഷമത്തിലാണിയാള്‍. വന്നിട്ട് ആറു മാസമേ ആയിട്ടുള്ളൂ. അതിനാല്‍ പുറത്തെ മലയാളി കൂട്ടായ്മകളുമായൊന്നും ഇയാള്‍ക്ക് ബന്ധപ്പെടാനായിട്ടില്ല.
 പ്രവാസിസംഘടനകളും സാമൂഹികപ്രവര്‍ത്തകരും സജീവമായ ജിദ്ദയില്‍ നിന്ന് സഹായത്തിന് ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയിലാണ് ശംസീര്‍. 0530483508 എന്ന നമ്പറില്‍ ഇയാളുമായി ബന്ധപ്പെടാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.