ത്വാഇഫ്: കവിതയും ക്ഷാത്രവീര്യവും കുലീനതയും വിനയവും സമഞ്ജസമായി സമ്മേളിച്ച അഭൂതപൂര്‍വമായ വ്യക്തിത്വത്തിന്‍െറ കഥ പറയുന്ന ‘നഖ്ശുന്‍ മിന്‍ ഹവാസിന്‍’ എന്ന മുഴുനീള തെരുവുനാടകം ഉക്കാള് മേളയില്‍ അറബ് സഹൃദയ ലോകത്തിന്‍െറ മനം കീഴടക്കി. പ്രശസ്ത അറബി നാടകസംവിധായകനും നിര്‍മാതാവുമായ മംദൂഹ് സാലിഹ് ലൈറ്റ് ആന്‍ഡ് സൗണ്ട് ഇഫക്ടോടെ അണിയിച്ചൊരുക്കിയ നാടകത്തില്‍ പുരാതന അറബ് ആന്തരാള കാലവും ഇസ്ലാമിക പൂര്‍വകാലവും ദൃശ്യമനോഹരമായി അനാവരണം ചെയ്യുന്നതു കാണാന്‍ തിങ്ങിനിറഞ്ഞ സദസ്സാണ് സുഖ് ഉക്കാളിലെ ഓപ്പണ്‍ എയര്‍ ഗാലറികളിലത്തെിയത്. ഇസ്ലാം പൂര്‍വ കാലത്തെ കവി ലബീദ് ബിന്‍ റബീഅയുടെ 150 വര്‍ഷം നീണ്ട ജീവിതകഥയിലൂടെ അറബ് നാട്ടുജീവിതത്തിന്‍െറ വീര്യവും പ്രതാപവും മാനവികമൂല്യങ്ങളും തനിമ ചോരാത്ത രംഗാവിഷ്കാരങ്ങളിലൂടെ കാണികള്‍ക്കു മുന്നിലത്തെിക്കുകയാണ് മംദൂഹ് സാലിഹ്. പഴയ അറബ് ബദൂയിന്‍ ജീവിതത്തിന്‍െറയും മുത്തശ്ശിക്കഥകളുടെയും ഗൃഹാതുരത നാടകത്തില്‍ നിന്ന് ആവോളം അനുഭവിക്കുന്ന മുതിര്‍ന്നവര്‍ മക്കള്‍ക്കും പുതുതലമുറക്കും പഴയ ചരിത്രം ആവേശപൂര്‍വം പകര്‍ന്നുകൊടുക്കുന്നുമുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി തുടര്‍ച്ചയായി പ്രതിദിനം രണ്ടു വട്ടം അരങ്ങിലത്തെിയ നാടകത്തിന് വമ്പിച്ച ജനസ്വീകാര്യതയാണ് ലഭിച്ചത്. സ്വദേശികളായ അറബികള്‍ക്കു പുറമെ ഭാഷാ ചരിത്രപ്രേമികളായ വിദേശികളും പ്രദര്‍ശനം കാണാനത്തെിയിരുന്നു. നാടകത്തിന്‍െറ വിജയത്തില്‍ താന്‍ സന്തുഷ്ടനാണെന്നും യഥാര്‍ഥത്തില്‍ പ്രേക്ഷകരാണ് ഇതിനെ വിജയിപ്പിച്ചതെന്നും മംദൂഹ് സാലിഹ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. അറേബ്യയിലെ ഇസ്ലാം പൂര്‍വകാലത്തെ കവിയും വീരയോദ്ധാവുമായിരുന്നു ഹവാസിന്‍ ഗോത്രജനായ ലബീദ് ബിന്‍ റബീഅ അല്‍ ആമിരി. ത്വാഇഫിലെ പ്രബല ഗോത്രങ്ങളെല്ലാം ഹവാസിന്‍െറ കൈവഴികളാണ്. 15ാമത്തെ വയസ്സില്‍ തന്‍െറ ബുദ്ധിസാമര്‍ഥ്യത്തിലൂടെയും കവനവാചാലതയിലൂടെയും നാട്ടുരാജാവായിരുന്ന നുഅ്മാന്‍ ബിന്‍ മുന്‍ദിറിന്‍െറ ദര്‍ബാറില്‍ കയറിച്ചെന്ന് തന്നോടുള്ള ശത്രുത മാറ്റിയെടുക്കുകയും രാജാവിന്‍െറ ഇഷ്ടക്കാരനായിരുന്ന അമ്മാവന്‍ റബീഇനെ തുരത്തി ആ സ്ഥാനം കൈയടക്കുകയും ചെയ്തു. തിഹാമയിലെ കാട്ടുകൊള്ളക്കാരുടെ നേതാവായ കുപ്രസിദ്ധനായ ബര്‍റാദിനെ യുവാവായ ലബീദ് കീഴടക്കിയതും മറ്റൊരു വീരകഥ. അങ്കക്കളരികളിലെ ഈ വീര്യം കവിതയിലും തെളിയിച്ചു ലബീദ്. ഇസ്ലാം പൂര്‍വ പ്രശസ്ത കവികളായിരുന്ന ഫിറസ്ദഖ്, അന്‍തറ, ത്വറഫ എന്നിവരോടൊക്കെ അദ്ദേഹം മത്സരിച്ചു. ജീവിതത്തിന്‍െറ അര്‍ധാംശം പിന്നിട്ടപ്പോള്‍ ഇസ്ലാം സ്വീകരിച്ച അദ്ദേഹത്തിന്‍െറ ജീവിതവും സംക്ഷിപ്തമായി ദൃശ്യാവിഷ്കാരത്തില്‍ വരച്ചുകാട്ടുന്നു. റവാദ് മീഡിയ സൗണ്ട് വിഷന്‍ പ്രൊഡക്ഷന്‍സിനു വേണ്ടി ഹുസൈന്‍ ആദില്‍ ശാഹീന്‍ ആണ് രചന നിര്‍വഹിച്ചത്.
മംദൂഹ് സാലിഹ് അവതരിപ്പിക്കുന്ന ഈ നാടകത്തില്‍ 250 കലാകാരന്മാണ് അണിനിരക്കുന്നത്. ഇതില്‍ 50 പേര്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് എന്‍ജിനീയര്‍മാരാണ്. 40 ഒട്ടകങ്ങളും 20 കുതിരകളും 200 ലേറെ വാളും മറ്റു യുദ്ധോപകരണങ്ങളും ഉപയോഗിച്ച നാടകത്തിന്‍െറ പരമ്പരാഗത ചമയം ഒരുക്കിയത് പ്രശസ്ത അറബി ഡിസൈനര്‍ രിസാ ഗസ്സാവിയാണ്.
ഈ ചരിത്രാവിഷ്കാരത്തില്‍ പങ്കുകൊള്ളാന്‍ സാധിച്ചത് തനിക്ക് വലിയ നേട്ടമാണെന്ന് ലബീദ് ബിന്‍ റബീഅയായി വേഷമിട്ട അഹ്മദ് അല്‍ ഖഅ്തബി പറഞ്ഞു. ഹുസൈന്‍ ശാഹീന്‍ എഴുതിയ കൃതികളെ അവലംബിച്ചാണ് കഥാപാത്രത്തെ പഠിക്കാന്‍ ശ്രമിച്ചതെന്നും എന്നാല്‍ അധികവായനയിലൂടെ ഈ വേഷത്തില്‍ മനസാ കുടിയിരിക്കാന്‍ സാധിച്ചെന്നാണ് തന്‍െറ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. നാടകം കണ്ട മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ സന്തുഷ്ടി രേഖപ്പെടുത്തുകയും പുതിയ തലമുറയെ പാരമ്പര്യത്തോടടുപ്പിക്കാനുള്ള ശ്രമങ്ങള്‍ പ്രോത്സാഹജനകമാണെന്നു സംഘാടകരെ ശ്ളാഘിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.