സൗദിയില്‍ വിമാന സര്‍വീസുകളുടെയും യാത്രക്കാരുടെയും എണ്ണത്തില്‍ വന്‍ വര്‍ധന

റിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെയും വിമാന സര്‍വീസുകളുടെയും എണ്ണത്തില്‍ ഈ വര്‍ഷം ജൂണ്‍ വരെ റെക്കോഡ് വര്‍ധനയെന്ന് സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി (ജി.എ.സി.എ). കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ കണക്കുമായി താരതമ്യം ചെയ്താണ് ഈ റിപ്പോര്‍ട്ട് ജി.എ.സി.എ പുറത്തുവിട്ടത്. ആഭ്യന്തര വിമാന സര്‍വീസുകളിലെ യാത്രക്കാരുടെ എണ്ണം 66 ലക്ഷവും അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം 130 ലക്ഷവുമായാണ് ഉയര്‍ന്നതെന്നും 2014ല്‍ ഇത് യഥാക്രമം 59 ലക്ഷവും 100ലക്ഷവും ആയിരുന്നെന്നും ജി.എ.സി.എ പ്രസിഡന്‍റ് സുലൈമാന്‍ ബിന്‍ അബ്ദുല്ല അല്‍ഹംദാന്‍ അറിയിച്ചു. 11.8 ശതമാനത്തിന്‍െറയും 17.9 ശതമാനത്തിന്‍െറയും പെരുപ്പമാണ് കുറഞ്ഞ കാലയളവിനുള്ളില്‍ സംഭവിച്ചത്.
ചാര്‍ട്ടര്‍ വിമാനങ്ങളില്‍ സഞ്ചരിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. 2014ലെ 180,028ല്‍ നിന്ന് 237,273 ആയി ഉയര്‍ന്നു. 19.8 ശതമാനം കൂടുതല്‍. വിമാന സര്‍വീസുകളുടെ എണ്ണത്തിലും പോയ വര്‍ഷത്തെ അപേക്ഷിച്ച് 9.1 ശതമാനം വര്‍ധനയുണ്ടായി. 60,085 വിമാനങ്ങളാണ് ഈ വര്‍ഷം ജൂണ്‍ വരെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട് ആഭ്യന്തര, അന്താരാഷ്ട്ര സെക്ടറുകളില്‍ സര്‍വീസ് നടത്തിയത്.
വര്‍ധിച്ചുവരുന്ന ആവശ്യം പരിഗണിച്ച് രാജ്യത്തെ കൂടുതല്‍ വിമാനത്താവളങ്ങളില്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ഏര്‍പ്പെടുത്തുമെന്നും കൂടുതല്‍ വിദേശ വിമാന കമ്പനികള്‍ക്ക് പുതുതായി അനുമതി നല്‍കുമെന്നും ജി.എ.സി.എ പ്രസിഡന്‍റ് വാര്‍ത്താക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു. 
ഈജിപ്തിലെ ഏറ്റവും വലിയ സ്വകാര്യ വിമാന കമ്പനിയായ നൈല്‍ എയറിന് കെയ്റോക്കും വടക്കന്‍ സൗദിയിലെ അല്‍ജൗഫിനുമിടയില്‍ ആഴ്ചയില്‍ രണ്ട് സര്‍വീസുകളും വടക്കുപടിഞ്ഞാറന്‍ മേഖലയിലെ തബൂക്കിനും ഷാര്‍ജക്കുമിടയില്‍ ആഴ്ചയില്‍ നാലു സര്‍വീസുകളും നടത്താന്‍ അനുമതി നല്‍കി കഴിഞ്ഞു. ആഗസ്റ്റ് 20 മുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. 
തബൂക്കിലെ അമീര്‍ സുല്‍ത്താന്‍ വിമാനത്താവളത്തിലും അല്‍ജൗഫ് വിമാനത്താവളത്തിലും നിലവില്‍ വേറെയും അന്താരാഷ്ട്ര വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. നൈല്‍ എയര്‍ കൂടി വരുന്നതോടെ അല്‍ജൗഫിലെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നാലായി ഉയരും. നിലവില്‍ നസ്മ എയര്‍, അറേബ്യന്‍ എയര്‍ലൈന്‍സ്, ഫൈ്ള ദുബൈ എന്നിവയുടെ വിമാനങ്ങളാണുള്ളത്.
രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലേക്ക് കൂടുതല്‍ വിമാന കമ്പനികളെ ആകര്‍ഷിക്കാന്‍ അനുഗുണമായ ലൈസന്‍സിങ് സമ്പ്രദായമാണ് ഇപ്പോള്‍ നടപ്പാക്കി വരുന്നതെന്നും ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസ് മേഖലയില്‍ കൂടുതല്‍ കമ്പനികള്‍ കടന്നുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതല്‍ വിമാനത്താവളങ്ങള്‍ക്ക് അന്താരാഷ്ട്ര പദവി നല്‍കും. ആഭ്യന്തര വ്യോമയാന വ്യവസായത്തിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ക്ക് എല്ലാ പിന്തുണയും നല്‍കും. ലൈസന്‍സിങ് കൂടുതല്‍ എളുപ്പമാക്കും. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.