ലേബര്‍ കോടതിയെ സമീപിച്ച മലയാളികളെ സ്പോണ്‍സര്‍ ഹുറൂബാക്കി

ജുബൈല്‍: ശമ്പള കുടിശ്ശിക ലഭിക്കാന്‍ ലേബര്‍ കോടതിയെ സമീപിച്ച മലയാളികളെ അനുനയിപ്പിച്ച് വിളിച്ചുകൊണ്ട് പോയി സ്പോണ്‍സര്‍ ഹുറൂബ് ആക്കിയതായി പരാതി. മാവേലിക്കര സ്വദേശി സന്ദീപ് ഉണ്ണികൃഷ്ണന്‍, നൂറനാട് സ്വദേശി ഓമനക്കുട്ടന്‍ എന്നിവരാണ് തൊഴിലുടമയുടെ ചതിയില്‍പ്പെട്ടത്. 
12 വര്‍ഷമായി ഇരുവരും സ്വകാര്യ കമ്പനിയിലെ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരായിരുന്നു. കമ്പനി സാമ്പത്തിക പ്രയാസത്തില്‍ അകപെട്ടപ്പോള്‍ ഇരുവരും മറ്റൊരു സൗദിയുടെ കീഴിലേക്ക് ജോലി മാറി. കഴിഞ്ഞ മൂന്നു മാസമായി മറാഫിക്ക് പ്ളാന്‍റില്‍ പ്ളമ്പിങ് ജോലിയായിരുന്ന ചെയ്തിരുന്നത്. എന്നാല്‍  ഈ മാസങ്ങളിലൊന്നും പുതിയ സ്പോണ്‍സര്‍  ശമ്പളം നല്‍കിയില്ല. പല തവണ ആവശ്യപ്പെട്ടിട്ടും കുടിശ്ശിക നല്‍കാത്തതിനെ തുടര്‍ന്ന് ഇരുവരും ലേബര്‍ കോടതിയെ സമീപിക്കുയായിരുന്നു. ലേബര്‍ ഓഫീസര്‍ സ്പോണ്‍സറെ  വിളിപ്പിക്കുകയും ശമ്പളം നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. 
ലേബര്‍ ഓഫിസറോട് പരാതി ഒത്തു തീര്‍പ്പാക്കാമെന്ന് ഉറപ്പു നല്‍കിയ ഇദ്ദേഹം ഇരുവരോടും പരാതി പിന്‍വലിക്കാനാവശ്യപ്പെട്ടു. ഇത് വിശ്വസിച്ച് പരാതി പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍, സ്പോണ്‍സര്‍ അന്നു തന്നെ ഇവരെ ഹുറൂബാക്കുകയായിരുന്നു. പിറ്റേദിവസം ശമ്പളം വാങ്ങാനായി കമ്പനിയുടെ ഓഫിസില്‍ എത്തിയപ്പോഴാണ് ഹുറൂബ് ആക്കിയ വിവരം അറിയിച്ചത്. ശമ്പളം കൈപ്പറ്റിയതായുളള രേഖകളില്‍ ഒപ്പിട്ടു നല്‍കാനും ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനു വഴങ്ങാതെ തിരിച്ചുപോന്ന ഇരുവരും ഹുറൂബ് നീക്കുന്നതിന് ഇന്ത്യന്‍ എംബസി ജുബൈല്‍ സഹായ കേന്ദ്രത്തെ സമീപിച്ചിരിക്കുകയാണ്. ലേബര്‍ കോടതിയിലും പരാതി നല്‍കിയിട്ടുണ്ട്. താമസ സ്ഥലത്ത് വാടക നല്‍കാനോ ഭക്ഷണത്തിനോ നിവര്‍ത്തിയില്ലാതെ കഴിയുകയാണ് സന്ദീപും ഓമനക്കുട്ടനും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.