ദഹ്റാനുല്‍ ജനൂബിലും ജീസാനിലും ആക്രമണം: നാലു സൈനികര്‍ക്ക് വീരമൃത്യു

ജീസാന്‍: തെക്കന്‍ സൗദിയിലെ യമന്‍ അതിര്‍ത്തിപ്രദേശമായ അസീര്‍ പ്രവിശ്യയിലെ ദഹ്റാനുല്‍ ജനൂബില്‍ യമന്‍ അതിര്‍ത്തിക്കപ്പുറത്തു നിന്നുണ്ടായ കനത്ത ഷെല്‍ ആക്രമണത്തില്‍ മൂന്നു സൗദി സൈനികര്‍ കൊല്ലപ്പെട്ടു. അഹ്മദ് ജഅ്ഫര്‍ ഹസന്‍ അല്‍ മുജൈശി, മുഹമ്മദ് അലി യാസീന്‍ അല്‍ ഉമരി, ഹസന്‍ നാസിര്‍ മുഹമ്മദ് ബുശൈരി എന്നിവരാണ് വീരമൃത്യു വരിച്ചതെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ സുരക്ഷാവക്താവ് അറിയിച്ചു. 
വെള്ളിയാഴ്ച രാവിലെ 10.30 ഓടെയായിരുന്നു ആക്രമണം. സൗദി കരസേന ശക്തമായ പ്രത്യാക്രമണം നടത്തിയതായും എതിരാളികളുടെ ആക്രമണകേന്ദ്രങ്ങള്‍ തകര്‍ത്തതായും വക്താവ് കൂട്ടിച്ചേര്‍ത്തു. ആക്രമണത്തില്‍ പരിക്കേറ്റ അതിര്‍ത്തി രക്ഷാസേനയുടെ ഏഴ് ഭടന്മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
അതിനിടെ ജീസാന്‍ പ്രവിശ്യയിലെ തുവാലില്‍ സൈനികരുടെ താമസസ്ഥലത്തിനരികെ ഷെല്‍ വീണു ഒരു ഭടന്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ യമന്‍ അതിര്‍ത്തിക്കപ്പുറത്തുനിന്ന് ഹൂതികള്‍ തൊടുത്തുവിട്ട ഷെല്ലുകളിലൊന്നാണ് തുവാലിലെ സൈനികതാവളത്തിനടുത്ത് പതിച്ചതെന്ന് സുരക്ഷാവക്താവ് അറിയിച്ചു. 
ഖാലിദ് മസാവി ഹംദി എന്ന സൈനികനാണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്‍െറ സഹപ്രവര്‍ത്തകനെ പരിക്കുകളോടെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 ഷെല്‍ ആക്രമണത്തില്‍ നിരവധി കാറുകള്‍ തകര്‍ന്നിട്ടുണ്ട്. നജ്റാനില്‍ വ്യാഴാഴ്ച ഉച്ചക്ക് ശേഷമുണ്ടായ ഷെല്‍ ആക്രമണത്തില്‍ പരിക്കേറ്റ ഒരു ഇന്ത്യക്കാരനെയു മറ്റൊരു പാക് പൗരനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി നജ്റാന്‍ സിവില്‍ ഡിഫന്‍സ് വക്താവ് അലി ബിന്‍ ഉമൈര്‍ അശ്ശഹ്റാനി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.