സൗദിയിലെ ഗുഹകളിൽ പഠനം നടത്തുന്നു
റിയാദ്: സൗദിയുടെ വിവിധ പ്രദേശങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഗുഹകളും ഭൂമിശാസ്ത്രപരമായ സവിശേഷതകളും രാജ്യത്തിന്റെ ഏറ്റവും അപൂർവമായ പ്രകൃതിദത്ത നിധികളാണെന്ന് സൗദി ജിയോളജിക്കൽ സർവേ വ്യക്തമാക്കി.
ശാസ്ത്രീയ ഗവേഷണത്തിന് സഹായം നൽകാൻ പര്യാപ്തമായ 150 ഗുഹകൾ രാജ്യത്തുണ്ടെന്ന് കണക്കാക്കുന്നു. അവയിൽ ചിലത് ഭൗമ ചരിത്രത്തിന്റെയും ഭൗമശാസ്ത്രത്തിന്റെയും കാലാവസ്ഥാ വ്യതിയാനങ്ങളുടേയും യുഗാന്തര പഠനത്തിനുള്ള സ്വാഭാവിക രേഖകളാണ്. ഈ സ്ഥലങ്ങൾ കണ്ടെത്താനും പഠിക്കാനും ജിയോളജിക്കൾ സർവേ കഠിനശ്രമങ്ങളാണ് നടത്തുന്നത്.
ആയിരക്കണക്കിന് വർഷങ്ങളായി ഈ പ്രദേശം അനുഭവിച്ച പാരിസ്ഥിതിക പരിവർത്തനങ്ങളെ പ്രതിഫലിപ്പിക്കുന്ന കൃത്യമായ ശാസ്ത്രീയ തെളിവുകൾ ഈ പഠനങ്ങൾ വെളിപ്പെടുത്തുന്നു. അപൂർവ സസ്യങ്ങളുടെയും മൃഗങ്ങളുടെയും അവശിഷ്ടങ്ങൾ അതിലുണ്ട്. അവയിൽ ചിലത് സ്വാഭാവിക മാറ്റങ്ങളുടെ ഫലമായി അപ്രത്യക്ഷമായതായും ജിയോളജിക്കർ സർവേ വ്യക്തമാക്കി.
ഈ ഗുഹകളും പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശങ്ങളും പ്രയോജനപ്പെടുത്തുന്നതിനും ആഴത്തിലുള്ള പഠനങ്ങൾ നടത്തുന്നതിനും ഭൂമി ശാസ്ത്രം, പുരാവസ്തുശാസ്ത്രം, പാലിയോബയോളജി എന്നീ മേഖലകളിലെ ഗവേഷകർക്കും വിദഗ്ധർക്കും അതോറിറ്റി അവസരം നൽകിവരുകയാണെന്നും അതോറിറ്റി ഔദ്യോഗിക വക്താവ് താരിഖ് ബിൻ അലി അബാ അൽഖൈൽ പറഞ്ഞു.
കൃത്യമായ ഭൗമശാസ്ത്ര വിവരങ്ങൾ നൽകുന്നതിനും അക്കാദമിക്, ഗവേഷണ സ്ഥാപനങ്ങളുമായി ഫലപ്രദമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുള്ള റഫറൻസ് റോളാണ് അതോറിറ്റിയുടേതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രകൃതി വിഭവങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുകയും ശക്തമായ ഒരു വിജ്ഞാന അടിത്തറ സ്ഥാപിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണിതെന്നും അബാഖൈൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.