റിയാദ്: സൗദി അറേബ്യയിലെ ആരോഗ്യ മേഖലയിൽ 12 പുതിയ പ്രഫഷനൽ സർട്ടിഫിക്കറ്റുകൾ കൂടി തങ്ങളുടെ അംഗീകൃത പട്ടികയിൽ ഉൾപ്പെടുത്തിയതായി മാനവ വിഭവ ശേഷി വികസന ഫണ്ട് (ഹദഫ്) അറിയിച്ചു.
ഇതോടെ വിവിധ സുപ്രധാന മേഖലകളിലായി ഫണ്ട് പിന്തുണയ്ക്കുന്ന അംഗീകൃത സർട്ടിഫിക്കറ്റുകളുടെ ആകെ എണ്ണം 417 ആയി ഉയർന്നു. മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ വിപണിയുടെ ആവശ്യങ്ങൾക്കനുസരിച്ച് ആരോഗ്യ മേഖലയിലുള്ള സ്വദേശി ജീവനക്കാരുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.
ആരോഗ്യ പ്രവർത്തകർക്ക് ഏറ്റവും പുതിയ അറിവുകളും പ്രായോഗിക നൈപുണ്യങ്ങളും ലഭ്യമാക്കുക, ആരോഗ്യ വിഭാഗങ്ങളിൽ അവരുടെ ശേഷി വർധിപ്പിക്കുക, ക്ലിനിക്കൽ-ചികിത്സാ മേഖലകളിലെ ആധുനിക വികാസങ്ങളോടും സാങ്കേതികവിദ്യകളോടും പൊരുത്തപ്പെടാൻ അവരെ പ്രാപ്തരാക്കുക, പ്രത്യേക പരിശീലനം ലഭിച്ച സ്വദേശി ജീവനക്കാരെ ആരോഗ്യ സംബന്ധിയായ സ്വകാര്യ മേഖലയിൽ സജ്ജമാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സ്വദേശികളായ ഉദ്യോഗാർഥികൾക്ക് പ്രഫഷനൽ രംഗത്ത് തുടർച്ചയായ വളർച്ച ഉറപ്പാക്കാനും തൊഴിൽ വിപണിയുടെ മാറുന്ന ആവശ്യങ്ങൾ നിറവേറ്റാനുമാണ് പ്രഫഷനൽ സർട്ടിഫിക്കറ്റുകൾക്കായുള്ള പിന്തുണ വിപുലീകരിക്കുന്നതെന്ന് ഫണ്ട് വ്യക്തമാക്കി. പ്രത്യേക വൈദഗ്ധ്യങ്ങളിലൂടെ ഗുണനിലവാരമുള്ള തൊഴിലവസരങ്ങൾ വർധിപ്പിക്കുക, തൊഴിൽ വിപണിയുടെ ഉത്പാദനക്ഷമത ഉയർത്തുക, ദേശീയ പ്രതിഭകളുടെ പങ്കാളിത്തം ഉറപ്പാക്കി വിഷൻ 2030-െൻറ ലക്ഷ്യങ്ങൾ കൈവരിക്കുക എന്നിവയാണ് ഈ നീക്കത്തിലൂടെ ഹദഫ് മുന്നിൽ കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.