ഹജ്ജ്​ ഒരുക്കവുമായി ബന്ധപ്പെട്ട്​ റിയാദിൽ വിളിച്ചുച്ചേർത്ത വാർത്താസമ്മേളനത്തിൽ സൗദി വാർത്താവിനിമയ മന്ത്രി സൽമാൻ അൽ ദോസരി സംസാരിക്കുന്നു

പുണ്യ സ്ഥലങ്ങളിൽ നൂറു ശതമാനം ഫൈവ്​ ജി കവറേജ്; ഹജ്ജ് ഒരുക്കങ്ങൾ പൂർത്തിയായതായി വാർത്താവിനിമയ മന്ത്രി

റിയാദ്: ആഗോള ഡിജിറ്റൽ സന്നദ്ധതാ സൂചികയിൽ സൗദി അറേബ്യ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതായി വാർത്താവിനിമയ മന്ത്രി സൽമാൻ അൽ ദോസരി അറിയിച്ചു. ഇത്തവണത്തെ ഹജ്ജ് സീസണിനോടനുബന്ധിച്ച് നടന്ന വാർത്താ സമ്മേളനത്തിലാണ് വിശുദ്ധ നഗരങ്ങളിലെ വിപുലമായ തയ്യാറെടുപ്പുകളെക്കുറിച്ചും സാങ്കേതിക നേട്ടങ്ങളെക്കുറിച്ചും മന്ത്രി വിശദീകരിച്ചത്.

തീർത്ഥാടകർ ഒത്തുചേരുന്ന മിന, അറഫ, മുസ്ദലിഫ തുടങ്ങിയ വിശുദ്ധ സ്ഥലങ്ങളിൽ നൂറു ശതമാനം 5G നെറ്റ്‌വർക്ക് കവറേജ് ഉറപ്പാക്കിയതായി മന്ത്രി വ്യക്തമാക്കി. ഡിജിറ്റൽ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കാൻ 2,400 സാങ്കേതിക വിദഗ്ധർ അടങ്ങുന്ന സംഘം ഇരുപത്തിനാല് മണിക്കൂറും സേവനമനുഷ്ഠിക്കും. ഈ വർഷത്തെ ഹജ്ജ് റിപ്പോർട്ട് ചെയ്യുന്നതിനായി 150 മാധ്യമ സ്ഥാപനങ്ങളിൽ നിന്നുള്ള മൂവായിരത്തിലധികം മാധ്യമ പ്രവർത്തകർ എത്തുമെന്നും 'ഹജ്ജ് മീഡിയ ഫോറ'ത്തി​ന്റെ മൂന്നാം പതിപ്പ് മക്കയിൽ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവിധ രാജ്യങ്ങളിൽനിന്നുള്ള പണ്ഡിതന്മാരും രക്തസാക്ഷികളുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ നൂറിലധികം രാജ്യങ്ങളിൽനിന്നുള്ള 2,500 വിശിഷ്ട അതിഥികളെ മന്ത്രാലയം ഔദ്യോഗികമായി സ്വീകരിക്കും. സൗദി ഭരണാധികാരിയുടെ സമ്മാനമായി രണ്ട് ദശലക്ഷം ഖുർആൻ പ്രതികൾ തീർത്ഥാടകർക്ക് വിതരണം ചെയ്യും. കൂടാതെ, തീർഥാടകരെ സ്വീകരിക്കുന്നതിനായി മക്കയിലും മദീനയിലുമായി ഇരുപതിനായിരത്തിലധികം പള്ളികൾ സജ്ജീകരിച്ചിട്ടുണ്ട്. ഹജ്ജ് കർമ്മങ്ങളെക്കുറിച്ചുള്ള അവബോധം നൽകുന്നതിനായി 120 ദശലക്ഷം സന്ദേശങ്ങൾ തീർത്ഥാടകരുടെ മൊബൈൽ ഫോണുകളിലേക്ക് അയച്ചതായും മന്ത്രി അറിയിച്ചു.

വാണിജ്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിൽ മക്കയിലും മദീനയിലുമായി 33,000-ത്തിലധികം പരിശോധനകളാണ് നടത്തിയത്. സാധനങ്ങളുടെ ലഭ്യതയും ഗുണനിലവാരവും ഉറപ്പാക്കാനായിരുന്നു ഈ നടപടി. ടൂറിസം മന്ത്രാലയം താൽക്കാലിക ലൈസൻസുകൾ അനുവദിച്ചതോടെ താമസ സൗകര്യത്തിൽ വലിയ വർദ്ധനവുണ്ടായി. മക്കയിൽ 20 ലക്ഷത്തിലധികം ബെഡുകളും മദീനയിൽ 3,32,000 ബെഡുകളുമാണ് തീർത്ഥാടകർക്കായി ഒരുക്കിയിരിക്കുന്നത്. ഹോട്ടലുകളിലും താമസസ്ഥലങ്ങളിലുമായി 19,000 നിരീക്ഷണ പരിശോധനകളും ഇതിനകം പൂർത്തിയായി.

എട്ടാം വർഷത്തിലേക്ക് പ്രവേശിക്കുന്ന 'മക്ക റൂട്ട്' പദ്ധതി വഴി ഇതുവരെ 12 ലക്ഷത്തിലധികം തീർത്ഥാടകർക്ക് പ്രയോജനം ലഭിച്ചതായി മന്ത്രി അറിയിച്ചു. പത്ത് രാജ്യങ്ങളിലായി പതിനേഴ് കേന്ദ്രങ്ങളിലാണ് നിലവിൽ ഈ സേവനം ലഭ്യമാകുന്നത്. തീർത്ഥാടകരുടെ യാത്ര കൂടുതൽ സുഗമമാക്കുന്നതിനുള്ള വിപുലമായ ഒരുക്കങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പൂർത്തിയായതായും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - 100 percent 5G coverage in holy places; Hajj preparations complete, says minister of communication

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.