ലോക സാമൂഹിക വികസന ഉച്ചകോടിയിൽ പങ്കെടുക്കാൻ ദോഹയിലെത്തിയ കേന്ദ്രമന്ത്രി
ഡോ. മൻസുഖ് മാണ്ഡവ്യയെ ഇന്ത്യൻ അംബാസഡർ വിപുൽ സ്വീകരിക്കുന്നു
ദോഹ: ഖത്തർ ആതിഥേയത്വം വഹിക്കുന്ന രണ്ടാമത് ലോക സാമൂഹിക വികസന ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി കേന്ദ്ര തൊഴിൽ, യുവജനകാര്യ, കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ദോഹയിലെത്തി. കഴിഞ്ഞദിവസം രാത്രിയോടെയാണ് അദ്ദേഹം ദോഹയിലെത്തിയത്.
ഉച്ചകോടിയുടെ ഉദ്ഘാടന പ്ലീനറി മീറ്റിങ്ങിൽ പങ്കെടുക്കുന്ന അദ്ദേഹം, തുടർന്ന് 'സാമൂഹിക വികസനത്തിന്റെ മൂന്ന് സ്തംഭങ്ങൾ; ദാരിദ്ര്യ നിർമാർജനം, എല്ലാവർക്കും മാന്യമായ ജോലി, സാമൂഹിക ഉൾച്ചേർക്കൽ' എന്ന വിഷയത്തിൽ നടക്കുന്ന ഉന്നതതല വട്ടമേശ സമ്മേളനത്തിൽ സംസാരിക്കും. മാന്യമായ ജോലിയും സാമൂഹിക സംരക്ഷണവും ഉറപ്പാക്കി, എല്ലാവരെയും ഉൾച്ചേർത്തുകൊണ്ട് ഡിജിറ്റൽ രംഗത്തെ ഇന്ത്യയുടെ വളർച്ചയെ കുറിച്ച് അദ്ദേഹം സംസാരിക്കും.
ബുധനാഴ്ച "ദാരിദ്ര്യത്തിൽ നിന്നുള്ള മോചനം: ഇന്ത്യയുടെ അനുഭവം" എന്ന വിഷയത്തിൽ നീതി ആയോഗ് സംഘടിപ്പിക്കുന്ന പരിപാടിയിലും ഡോ. മാണ്ഡവ്യ പങ്കെടുക്കും. ദാരിദ്ര്യ നിർമാർജനത്തിലെ ഇന്ത്യയുടെ നേട്ടങ്ങൾ, സ്വയം സഹായ ഗ്രൂപ്പുകളിലൂടെയും സഹകരണ സ്ഥാപനങ്ങളിലൂടെയും സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം, എല്ലാവർക്കും സാമൂഹിക സുരക്ഷയുടെ ഉറപ്പാക്കൽ തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം വിശദീകരിക്കും.
ഉച്ചകോടിക്ക് എത്തിയ അദ്ദേഹം ഖത്തർ, റുമേനിയ, മൗറീഷ്യസ്, യൂറോപ്യൻ യൂനിയൻ എന്നിവിടങ്ങളിലെ മന്ത്രിമാരുമായും ഐ.എൽ.ഒ ഡയറക്ടർ ജനറലുമായും യു.എൻ ഉന്നത ഉദ്യോഗസ്ഥരുമായും ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്താനും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.