കപ്പ്​ കാണാനെത്തുന്നു

ദോഹ: ഇന്ന്​ കഴിഞ്ഞ്​ നാളെ മുതൽ ​ഖത്തർ ലോകകപ്പ്​ ആവേശങ്ങളിലേക്ക്​ പന്തുരുളാൻ ഇനി 200 ദിനത്തിന്‍റെ കാത്തിരിപ്പ്​ മാത്രം. ലോകകപ്പിലേക്കുള്ള ദൂരം കുറഞ്ഞു വരവെ, ആവേശം വാനോളമുയർത്താനുള്ള പരിപാടികളുമായി അണിയറിൽ സജീവമാവുകയാണ്​ സംഘാടകർ. ലോകകപ്പിന്‍റെ 200 ദിന കൗണ്ട്​ഡൗൺ ആഘോഷങ്ങളുടെ ഭാഗമായി ഈദ് അവധിദിനത്തിൽ ഖത്തറിലെ കളിപ്രേമികൾക്ക് ലോകകപ്പ് ഫുട്ബോൾ കിരീടം അടുത്ത് നിന്ന് കാണാനും ഫോട്ടോ എടുക്കാനും സുവർണാവസരമൊരുക്കുന്നു. വ്യാഴാഴ്ച മുതൽ മെയ് 10 വരെ രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിൽ കിരീടം പ്രദർശനത്തിനെത്തും. ആസ്​പയർ പാർക്ക്, ലുസൈൽ മറീന, സൂഖ് വാഖിഫ്, മുശൈരിബ് ഡൗൺടൗൺ തുടങ്ങിയ കേന്ദ്രങ്ങളിലാണ് പ്രദർശനം.

കൊക്കക്കോള സംഘടിപ്പിക്കുന്ന ലോകകപ്പ് കിരീട പര്യടനത്തിന്‍റെ ഖത്തറിലെ അവസാന ഘട്ട പ്രയാണമാണ് മെയ് 5 മുതൽ 10 വരെ നടക്കാനിരിക്കുന്നത്. ശേഷം കിരീടം നവംബർ 21ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിലേക്ക് തിരികെയെത്തിക്കുന്നതിനായി ഖത്തറിൽ നിന്ന് ഫിഫ ആസ്​ഥാനത്തേക്ക് മടക്കും. നവംബർ 21 വരെ ലോകകപ്പ് കിരീടം ആഗോള പര്യടനത്തിലായിരിക്കും.

മിഡിലീസ്​റ്റിൽ ആദ്യമായെത്തുന്ന ലോകകപ്പിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 200 ദിനങ്ങൾ മാത്രമാണിനി നമുക്ക് മുന്നിൽ അവേശേഷിക്കുന്നത്. ലോകകപ്പ് സ്വർണ്ണകിരീടത്തിന്‍റെ ആഗോള പര്യടനത്തിന് മുമ്പായി അത് അടുത്ത് നിന്ന് കാണുന്നതിനുള്ള സുവർണാവസരമാണ് ഖത്തറിലുള്ളവർക്കെത്തിയിരിക്കുന്നത്. എല്ലാവരെയും ഈ അവസരം ഉപയോഗപ്പെടുത്താൻ ക്ഷണിക്കുകയാണെന്ന് സുപ്രീം കമ്മിറ്റി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഖാലിദ് അൽ മവ്​ലവി പറഞ്ഞു.

മുഖ്യാതിഥികളായി ഫുട്ബോൾ താരങ്ങളും വിശിഷ്​ട വ്യക്തിത്വങ്ങളും പ്രദർശന ചടങ്ങുകളിൽ സന്നിഹിതരായിരിക്കും. കൂടാതെ ആരാധകർക്കായി വിവിധ പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. മത്സരത്തിൽ വിജയിക്കുന്നവരിൽ തെരഞ്ഞടുക്കപ്പെടുന്നവർക്ക് നവംബർ 21ലെ ഖത്തർ– എക്വഡോർ ഉദ്ഘാടന മത്സരത്തിന്‍റെ ടിക്കറ്റ് സമ്മാനമായി നൽകുകയും ചെയ്യും.

മെയ് അഞ്ച് മുതൽ 10 വരെ നടക്കുന്ന പ്രദർശനത്തിൽ വൈകിട്ട് 6 മുതൽ 9 വരെ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. പകൽ സമയങ്ങളിൽ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ സ്​ഥാപനങ്ങളിലും സംഘടനാ ആസ്​ഥാനങ്ങളിലും പ്രദർശനത്തിനെത്തും. മെയ് 10ന് കതാറയിൽ പ്രത്യേക യാത്രയയപ്പു ചടങ്ങും സംഘടിപ്പിക്കും.


ലോകകപ്പ് ട്രോഫി ടൂർ

മേയ് 5 – ആസ്​പയർ പാർക്ക് – 6pm- 9 pm

മേയ്​ 6 – ഇൻഡ. ഏരിയ ക്രിക്കറ്റ് സ്​റ്റേഡിയം– 6pm- 9 pm

മേയ് 7 – ലുസൈൽ മറീന 6pm- 9 pm

മേയ് 8 – സൂഖ് വാഖിഫ് 6pm- 9 pm

മേയ് 9 – മുശൈരിബ് ഡൗൺടൗൺ 6pm- 9 pm

Tags:    
News Summary - world cup tour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.