ഐ.എസ്.സി-മഞ്ഞപ്പട ഖത്തർ യങ് കൊമ്പൻസ് ഫുട്ബാൾ ക്യാമ്പ് അംഗങ്ങൾ പരിശീലകർക്കൊപ്പം
ദോഹ: ആസാദി കാ അമൃത് മഹോത്സവത്തിന്റെയും ലോകകപ്പ് ഫുട്ബാൾ നൂറുദിന കൗണ്ട്ഡൗണിന്റെയും ഭാഗമായി ഇന്ത്യൻ സ്പോർട്സ് സെന്ററും കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ഖത്തറും സംയുക്തമായി സംഘടിപ്പിക്കുന്ന യങ് കൊമ്പൻസ് വേനലവധി സൗജന്യ ഫുട്ബാൾ പരിശീലന ക്യാമ്പ് അംഗങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണംചെയ്തു. ക്യാമ്പിലെ വിദ്യാർഥികളെ പങ്കെടുപ്പിച്ച് വിപുലമായ സ്വാതന്ത്ര്യദിനാഘോഷവും നൂറുദിന കൗണ്ട്ഡൗൺ പരിപാടികളും സംഘടിപ്പിച്ചു.
ഒലിവ് ഇന്റർനാഷനൽ സ്കൂളിൽ നടന്ന പരിപാടി ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്പോർട്സ് സെന്ററും മഞ്ഞപ്പടയും സംയുക്തമായി സംഘടിപ്പിച്ചുവരുന്ന ഒരുമാസത്തെ സൗജന്യ സമ്മർ ഫുട്ബാൾ ക്യാമ്പിനെ അദ്ദേഹം അഭിനന്ദിച്ചു. വളർന്നുവരുന്ന തലമുറക്ക് ഫുട്ബാളിന്റെ ബാലപാഠങ്ങൾ പകർന്നുനൽകുന്ന ക്യാമ്പ് മികച്ചൊരു മുതൽക്കൂട്ടാവുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സമ്മർ ക്യാമ്പ് പരിശീലകരായ സുനീഷ് ശിവൻ, സുവിത്ത് വാഴപ്പുള്ളി എന്നിവരെ ആദരിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി ക്യാമ്പിലെ കുട്ടികൾക്കുവേണ്ടി സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ടൗട്ട്, ക്രോസ് ബാർ ചലഞ്ച്, ബാൾ പ്ലേസിങ് തുടങ്ങിയ മത്സരവിജയികൾക്ക് സമ്മാനങ്ങൾ നൽകി. ക്യാമ്പ് അംഗങ്ങൾക്ക് ഇന്ത്യൻ എംബസി ഡിഫൻസ് അറ്റാഷെ ക്യാപ്റ്റൻ മോഹൻ അട്ല, ഐ.എസ്.സി വൈസ് പ്രസിഡന്റ് ഷെജി വലിയകത്ത്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണംചെയ്തു. ചെയർമാൻ മുഹമ്മദ് ഈസ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ശ്രീനിവാസ്, ബോബൻ, രാജേഷ്, സിപ്പി ജോസ്, മണികണ്ഠൻ, നിഷ, മഞ്ഞപ്പട പ്രസിഡന്റ് ദീപേഷ് ഗോവിന്ദൻകുട്ടി, വൈസ് പ്രസിഡന്റ് ജോസ് ഫ്രാൻസിസ് സെക്രട്ടറി അഖിൽ നൂർദീൻ എന്നിവർ പങ്കെടുത്തു. ഒരുമാസത്തെ പരിശീലന ക്യാമ്പിൽ നിരവധി വിദ്യാർഥികളാണ് പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.