നോബിൾ ഇൻറർനാഷനൽ സ്കൂൾ സംഘടിപ്പിച്ച സർഗോത്സവത്തിൽനിന്ന്
ദോഹ: പെയ്തൊഴിയാത്ത മഹാമാരിക്കിടയിലും സർഗവസന്തത്തിന് ഇടവേള നൽകാതെ നോബിൾ ഇൻറർനാഷനൽ സ്കൂളിലെ വിദ്യാർഥികളുടെ സർഗോത്സവം. ഓൺലൈനിലും ഓഫ്ലൈനിലുമായാണ് പരിപാടികൾ നടന്നതെങ്കിലും മികവ് കുറഞ്ഞില്ല. നൃത്തങ്ങളും നൃത്തേതര പരിപാടികളുമായി കുട്ടികൾ മനംകവർന്നു. നോബിൾ സ്കൂൾ വൈസ് പ്രിൻസിപ്പൽ ജയ്മോൻ ജോയ് സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ ഷിബു അബ്ദുൽ റഷീദ് മുഖ്യപ്രഭാഷണം നടത്തി. നമ്മൾ മത്സരിക്കുന്നത് നമ്മളോടാണ്, പരാജയങ്ങളിൽ കാലിടറാതെ അടുത്ത ഘട്ടത്തിലേക്ക് നമ്മൾ മുന്നേറുകയാണ് ചെയ്യേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുൻ ജയിൽ ഡി.ജി.പി ഋഷിരാജ് സിങ് ഐ.പി.എസ് ഉദ്ഘാടനം നിർവഹിച്ചു.
പഠനത്തോടൊപ്പം കലാപരമായ കഴിവുകളും കായികമായ അഭിരുചികളും വളർത്തിയെടുത്താൽ മാനസിക സംഘർഷങ്ങളും ഉത്കണ്ഠകളും ജീവിതത്തിൽനിന്ന് തുടച്ചുനീക്കാൻ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തുടർന്ന്, നൃത്ത, നൃത്തേതര ഇനങ്ങളിൽ വിവിധ വിഭാഗങ്ങളിലായി ഓൺലൈൻ പ്ലാറ്റ്ഫോമിെൻറ അവസരങ്ങൾ പ്രയോജനപ്പെടുത്തി വിദ്യാർഥികൾ തങ്ങളുടെ കലാമികവ് പ്രദർശിപ്പിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ (സി.സി.എ) റോബിൻ കെ. ജോസ് അധ്യാപകരെ അഭിനന്ദിച്ചു. ഹെഡ് ഓഫ് സെക്ഷൻസ് ശിഹാബുദ്ദീൻ, നിസാർ, സി.സി.എ കോഓഡിനേറ്റർ യു.പി. ഹസ്സൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കുട്ടികളിൽ ഉൾച്ചേർന്നിട്ടുള്ള നൈസർഗികമായ കഴിവുകൾ കണ്ടെത്തി വളർത്തിയെടുത്ത് അവയെ ജീവിതത്തിൽ ഉപയുക്തമാംവിധം വിനിയോഗിക്കാനുള്ള ഒരവസരമായി സർഗോത്സവം മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.