ദോഹ: ദേശീയ ഉൽപന്നങ്ങൾക്ക് സ്വീകാര്യത വർധിക്കുന്നതായി കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവർ. സ്വദേശികളുടെ കൃഷിയിടങ്ങളിൽ ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾക്ക് വലിയ തോതിൽ ആവശ്യക്കാർ ഉള്ളതായി കഴിഞ്ഞ ദിവസം തുടക്കം കുറിച്ച സ്വദേശി പച്ചക്കറി ചന്തയിൽ പങ്കെടുക്കുന്നവർ അഭിപ്രായപ്പെടുന്നു. വക്റ, അൽഖോർ, ദഖീറ എന്നീ മൂന്ന് പ്രദേശങ്ങളിലാണ് പുതിയ പച്ചക്കറി ചന്തകൾ ആരംഭിച്ചിരിക്കുന്നത്. വ്യാഴം, വെള്ളി ശനി ദിവസങ്ങളിലാണ് ദേശീയ പച്ചക്കറികൾ, ഇറച്ചി, മീൻ തുടങ്ങിയവക്ക് വേണ്ടി മാത്രം പ്രത്യേകം വിപണി ആരംഭിച്ചിരിക്കുന്നത്. മുൻസിപ്പൽ–കാർഷിക മന്ത്രാലയത്തിെൻറ മേൽനോട്ടത്തിൽ നടക്കുന്ന വിപണിയിൽ രാജ്യത്തെ എൺപതോളം ഉൽപാദകർ പങ്കെടുക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. ആഴ്ചയിൽ മൂന്ന് ദിവസം പ്രവർത്തിക്കുന്ന വിപണി രാവിലെ ആറ് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ പ്രവർത്തിക്കും.
ദേശീയമായി ഉൽദിപ്പിച്ച പത്തോളം പച്ചക്കറികളാണ് ഇവിടെ വിൽപനക്ക് എത്തിയിട്ടുള്ളത്. സ്വദേശികളിൽ നിന്നും വിദേശികളിൽ നിന്നും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് കാർഷിക വകുപ്പ് ഡയറക്ടർ ആദിൽ അൽകുർദി വ്യക്തമാക്കി. അടുത്ത മാസത്തോടെ 56 ഇനങ്ങൾ വിപണിയിൽ എത്തുമെന്ന് കാർഷിക വകുപ്പ് പ്രധാന സൂപ്പർവൈസർ അബ്ദുറഹ്മാൻ ഹസൻ അൽസുലൈത്തി അറിയിച്ചു. സ്വദേശികളുടേതായ 19 മാട് ഫാമുകളിൽ നിന്നുള്ള ആടുകൾ ഇവിെട വിൽപ്പനക്ക് എത്തിയിട്ടുണ്ട്. കൂടാതെ മീൻ വിപണിയും ഒരുക്കിയതായി അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ നാലര മാസത്തോളമായി തുടരുന്ന ഉപരോധത്തെ മറികടക്കാൻ സ്വദേശി ഉൽപന്നങ്ങളുടെ കടന്നുവരവ് ഏറെ സഹായം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വലിയ തോതിൽ പച്ചക്കറികൾ വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത് വിപണി പിടിച്ച് നിർത്തുന്നുണ്ടെങ്കിലും സ്വദേശത്ത് തന്നെ ഉൽപ്പാദിപ്പിക്കണമെന്ന തീരുമാനമാണ് മന്ത്രാലയത്തിനുള്ളത്. വരും മാസങ്ങളിൽ കാർഷിക മേഖലയെ കൂടുതൽ ശക്തിപ്പെടുത്താനുള്ള നടപടികൾ മന്ത്രാലയം സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാകി. നിലവിൽ കുറഞ്ഞ നിരക്കിൽ സാധനങ്ങൾ ഉപഭോക്താക്കൾക്ക് നൽകകാൻ കഴിയുന്നുണ്ടെന്ന് കച്ചവക്കാരും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.