ദോഹ: അതിവേഗ കോവിഡ് വാക്സിനേഷൻ നടപടിക്രമങ്ങളുമായി മുന്നോട്ടുപോവുന്ന ഖത്തറിന് രാജ്യാന്തരതലത്തിൽ അംഗീകാരം. രാജ്യത്ത് കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 80 ശതമാനം പിന്നിട്ട വാർത്തകൾക്കുപിന്നാലെ, ജനസംഖ്യയിൽ ഏറ്റവും കൂടുതൽ ശതമാനം പേർ വാക്സിനെടുത്ത രാജ്യങ്ങളിൽ ലോകത്ത് രണ്ടാം സ്ഥാനം എന്ന ബഹുമതി ഖത്തറിനെ തേടിയെത്തി.
ലോകമെമ്പാടുമുള്ള കോവിഡ് വാക്സിനേഷൻ വിവരങ്ങൾ സമാഹരിക്കുന്ന 'ഔവർ വേൾഡ് ഇൻ ഡാറ്റ' പ്രസിദ്ധീകരിച്ച സ്ഥിതിവിവരക്കണക്കുകൾ പ്രകാരമാണ് ഖത്തറിനെ രാജ്യാന്തരതലത്തിൽ രണ്ടാം സ്ഥാനത്തെത്തിച്ചത്. ഒരു ഡോസ് എങ്കിലും വാക്സിൻ സ്വീകരിച്ചവർ 92.3 ശതമാനമായതോടെയാണ് ലോകത്ത് ജനസംഖ്യാനുപാതികമായി ഏറ്റവും കൂടുതൽ ശതമാനം പേർ വാക്സിൻ സ്വീകരിച്ചവരുടെ പട്ടികയിൽ ഖത്തർ രണ്ടാമതെത്തിയത്.
വാക്സിൻ സ്വീകരിക്കാൻ യോഗ്യരായ 12 വയസ്സിന് മുകളിലുള്ളവരുടെ ജനസംഖ്യാനുപാതികമായാണ് ശതമാനം കണക്കാക്കുന്നത്. 20 ലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള രാജ്യങ്ങളുടെ കണക്കിൽ രണ്ട് ഡോസും സ്വീകരിച്ച് സമ്പൂർണ വാക്സിനേറ്റഡ് ആയവരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഖത്തർ. രാജ്യത്തിൻെറ സമ്പൂർണ വാക്സിനേഷൻ യജ്ഞത്തിന് കൂടുതൽ ഊർജം നൽകുന്നതാണ് രാജ്യാന്തരതലത്തിൽ തേടിയെത്തിയ ഈ അംഗീകാരം. ഖത്തറിലെ ആകെ ജനസംഖ്യയുടെ 79.8 ശതമാനം പേർ ഒരു ഡോസ് വാക്സിനെങ്കിലും ഇതുവരെ സ്വീകരിച്ചു. 68.9 ശതമാനം രണ്ട് ഡോസും സ്വീകരിച്ചുവെന്നാണ് കണക്ക്. ആകെ വിതരണം ചെയ്ത ഡോസുകളുടെ എണ്ണം 42.52 ലക്ഷം ആയി ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.