മാസ്റ്റർ പ്ലാൻ ഫോർ ഖത്തർ 2050 ഉദ്ഘാടനം ചെയ്ത ശേഷം മന്ത്രി ജാസിം സൈഫ് അഹമ്മദ്
അൽ സുലൈതി
ദോഹ: രാജ്യത്തെ റോഡ് ഗതാഗതം അടിമുടി മാറ്റിമറിക്കുന്ന മാസ്റ്റർ പ്ലാനുമായി ഗതാഗത മന്ത്രാലയം. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ രക്ഷാകർതൃത്വത്തിലുള്ള ട്രാൻസ്പോർട്ടേഷൻ മാസ്റ്റർ പ്ലാൻ ഫോർ ഖത്തർ 2050 (ടി.എം.പി.ക്യു) ഗതാഗത മന്ത്രി ജാസിം സൈഫ് അഹമ്മദ് അൽ സുലൈതി പുറത്തിറക്കി.
770 കിലോമീറ്റർ നീളത്തിൽ രാജ്യത്തെ പ്രധാന റോഡ് ശൃംഖല വികസിപ്പിക്കുന്നതിനുള്ള 37 പദ്ധതികൾ, 540 കിലോമീറ്റർ ദൈർഘ്യത്തിൽ പ്രധാന പൊതുഗതാഗത ശൃംഖല വികസിപ്പിക്കുന്നതിനുള്ള 30 പദ്ധതികൾ, സുസ്ഥിര ഗതാഗതത്തിലേക്കുള്ള മാറ്റത്തെ പിന്തുണക്കുന്ന സൗകര്യങ്ങളുടെ വിപുലീകരണം എന്നിവ ഉൾപ്പെടുന്നതാണ് 2050ലേക്കുള്ള ട്രാഫിക് മാസ്റ്റർ പ്ലാൻ.
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി ഡോ. ഫാലിഹ് ബിൻ നാസർ ബിൻ അഹ്മദ് ബിൻ അലി ആൽഥാനി, പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി പ്രസിഡൻറ് ഡോ. സാലിഹ് ബിൻ മുഹമ്മദ് അൽ നാബിത്, പൊതു മരാമത്ത് അതോറിറ്റി പ്രസിഡൻറ് ഡോ. എൻജി. സഅദ് ബിൻ അഹ്മദ് അൽ മുഹന്നദി, ഖത്തരി ദിയാർ സി.ഇ.ഒ എൻജി. അബ്ദുല്ല ബിൻ ഹമദ് അൽ അതിയ്യ എന്നിവരുൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥരും പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
സാമ്പത്തിക വളർച്ചയുടെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും ആവശ്യകതകൾ തമ്മിലുള്ള സന്തുലനം നിലനിർത്തിയും കാലാവസ്ഥ വ്യതിയാനം കുറക്കുന്നതിനാവശ്യമായ സംഭാവനകൾ നൽകിയും സാമ്പത്തിക പാരിസ്ഥിതിക വികസനത്തിൽ ഇത് ചെലുത്തുന്ന വലിയ സ്വാധീനം കണക്കിലെടുത്ത് കൊണ്ട് സുസ്ഥിരതയാണ് മാസ്റ്റർ പ്ലാൻ 2050ന്റെ അടിത്തറയെന്ന് ചടങ്ങിൽ മന്ത്രി ജാസിം സൈഫ് അൽ സുലൈതി പറഞ്ഞു.വാഹനങ്ങളുടെ പ്രവർത്തനച്ചെലവ് ചുരുക്കൽ, ഊർജ - ഇന്ധനങ്ങൾ ലാഭിക്കൽ, യാത്രാ സമയം കുറക്കൽ, പുറന്തള്ളപ്പെടുന്ന കാർബണിന്റെ അളവ് കുറക്കൽ, റോഡപകടങ്ങളുടെ കുറവ് എന്നിവയിലൂടെയുള്ള വരുമാനങ്ങളും നേട്ടങ്ങളും പദ്ധതിക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുമെന്നും അൽ സുലൈതി കൂട്ടിച്ചേർത്തു.
നൂതന, സുസ്ഥിര ഗതാഗത പരിഹാരമാർഗങ്ങൾ വിന്യസിക്കുന്ന ഏറ്റവും സുസ്ഥിരമായ രാജ്യങ്ങളുടെ പട്ടികയിൽ ഖത്തറിന് ഉന്നത റാങ്ക് സമ്മാനിക്കാൻ പദ്ധതിക്കാകുമെന്ന് ഗതാഗത മന്ത്രാലയത്തിലെ ലാൻഡ് ട്രാൻസ്പോർട്ട് വിഭാഗം ആക്ടിങ് അസി.അണ്ടർ സെക്രട്ടറി എൻജി. ഹമദ് ഇസ്സ അബ്ദുല്ല പറഞ്ഞു. വികസനത്തിന്റെ എല്ലാ തലങ്ങളെയും ഇത് പിന്തുണക്കുമെന്നും പൗരന്മാരുൾപ്പെടെ ഖത്തറിൽ താമസിക്കുന്നവരുടെ ജീവിതനിലവാരം ഉയർത്തുന്നതിന് ഇത് സഹായിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
എക്സ്പ്രസ് ഹൈവേകൾ, പൊതു ഗതാഗതം, കാൽനടയാത്രക്കാർ, സൈക്കിളുകൾ, ലാൻഡ് ട്രാൻസ്പോർട്ടേഷൻ ഡിമാൻഡ് മാനേജ്മെൻറ്, മറ്റു ട്രാൻസിറ്റ് സാങ്കേതികവിദ്യകൾ തുടങ്ങിയവയുൾപ്പെടെ 2050ഓടെ രാജ്യത്തെ കര ഗതാഗത സംവിധാനങ്ങളുടെയും ശൃംഖലകളുടെയും എല്ലാ ഉപയോക്താക്കൾക്കും ഗുണകരമാകുന്ന സമഗ്രസ്വഭാവമുള്ള സംരംഭങ്ങൾ പദ്ധതിയിലടങ്ങിയിട്ടുണ്ട്.
കൂടുതൽ ഗതാഗത സേവനങ്ങൾ വികസിപ്പിക്കുന്നതിൽ സഹായകമാകുന്ന 60ലധികം ദേശീയ കര ഗതാഗത നയങ്ങൾ വികസിപ്പിക്കുന്നതും പദ്ധതിയിലെ സുപ്രധാന ഘടകമാണ്. റോഡ് ശൃംഖല, പൊതു ഗതാഗത സംവിധാനം എന്നിവയുടെ വികസനം, ട്രാൻസ്പോർട്ടേഷൻ സർവീസ് മാനേജ്മെൻറ്, നിയമം, നിയമ സംസ്ഥാപനം, ഗതാഗത സാങ്കേതികവിദ്യകൾ, ആസൂത്രണവും സാധ്യതാപഠനങ്ങളും എന്നിവയുൾപ്പെടുന്ന 286 സ്കീമുകളും പദ്ധതികളും നടപ്പാക്കലും മാസ്റ്റർ പ്ലാനിലുണ്ട്. ലുസൈൽ സിറ്റിയുമായി 39 കിലോമീറ്റർ നീളമുള്ള, 25 സുപ്രധാന ഇൻറർസെക്ഷനുകളുൾപ്പെടുന്ന എക്സ്പ്രസ് വേ ശൃംഖല ബന്ധിപ്പിക്കുന്ന പദ്ധതി രൂപരേഖയും ചടങ്ങിൽ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.