അങ്കമാലി എൻ.ആർ.ഐ അസോസിയേഷൻ സംഘടിപ്പിക്കുന്ന 'അങ്കമാലി കല്യാണത്തലേന്ന്' സംഗീത പരിപാടിയുടെ ടിക്കറ്റ് ലോഞ്ചിങ് ചടങ്ങിനിടെ
ദോഹ: അങ്കമാലി മുനിസിപ്പാലിറ്റിയിൽനിന്നും സമീപത്തെ 14 പഞ്ചായത്തുകളിൽ നിന്നുമുള്ള അംഗങ്ങളുടെ കൂട്ടായ്മയായ അങ്കമാലി എൻ.ആർ.ഐ അസോസിയേഷന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന 'അങ്കമാലി കല്യാണത്തലേന്ന്' സംഗീത പരിപാടിയുടെ ടിക്കറ്റ് ലോഞ്ചിങ് സംഘടിപ്പിച്ചു. കൂട്ടായ്മയുടെ വാർഷികാഘോഷങ്ങളുടെയും സാമൂഹിക സേവനത്തോടുള്ള തുടർച്ചയായ പ്രതിബദ്ധതയുടെയും ഭാഗമായാണ് പരിപാടി നടക്കുക. നവംബർ 28ന് ക്യു.എൻ.സി.സിയിൽ നടക്കുന്ന പരിപാടിയിൽ ചെമ്മീൻ ബാൻഡ്, സീനിയേഴ്സ് ഫ്യൂഷൻ എന്നിവരും സിനിമ താരങ്ങളായ രമ്യ നമ്പീശൻ, സിദ്ധാർഥ് മേനോൻ, കലാഭവൻ സതീഷ് എന്നിവരും വിവിധ പരിപാടികളുമായി എത്തും. അങ്കമാലിയിലെ പരമ്പരാഗത ‘കല്യാണത്തലേന്നി’ലെ ഗൃഹാതുരമായ സന്തോഷം പുനഃസൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള സവിശേഷമായ സംഗീത നിശയാണ് ഒരുക്കുന്നത്.
പങ്കെടുക്കുന്നവർക്ക് അങ്കമാലി മാങ്ങാക്കറി ഉൾപ്പെടെയുള്ള പ്രാദേശിക വിഭവങ്ങൾ അടങ്ങിയ പരമ്പരാഗത അങ്കമാലി ശൈലിയിലുള്ള അത്താഴ വിരുന്നും ഒരുക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അങ്കമാലി എൻ.ആർ.ഐ അസോസിയേഷൻ പ്രസിഡന്റ് വിനോദ് കുമാർ, ജനറൽ സെക്രട്ടറി വിനായക് മോഹൻ, ട്രഷറർ ഡാൻ തോമസ്, ഇവന്റ് ഡയറക്ടർ ഡോ. കൃഷ്ണ കുമാർ, വൈസ് പ്രസിഡന്റ് ജോയ് ജോസ്, ജോയന്റ് സെക്രട്ടറി റിംഗു ബിജു എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.