ദോഹ: ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾക്കായി ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്ന ജി.സി.സി രാജ്യങ്ങളിൽ മുൻനിരയിൽ ഖത്തർ. മിഡിലീസ്റ്റും ഉത്തരാഫ്രിക്കയും ഉൾപ്പെടുന്ന മിന മേഖലയിൽ ആദ്യ മൂന്നു സ്ഥാനങ്ങളും അറബ് രാജ്യങ്ങൾക്കാണ് ലഭിച്ചിരിക്കുന്നത്. ഗൾഫ് മേഖലയിൽ യു.എ.ഇ, ഖത്തർ, കുവൈത്ത് എന്നിവരാണ് ആദ്യ മൂന്നു സ്ഥാനക്കാർ.
ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ ഏജൻസി റിപ്പോർട്ട് പ്രകാരം ഖത്തറിന്റെ പ്രതിശീർഷ ആരോഗ്യ പരിപാലന ചെലവ് 180 കോടി ഡോളറാണ്. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ ഏറ്റവും ഉയർന്ന ചെലവാണിത്.
രാജ്യത്തിന്റെ വളർന്നുവരുന്ന ഫാർമസ്യൂട്ടിക്കൽ വ്യവസായം വിദേശനിക്ഷേപത്തിന് ഏറ്റവും കൂടുതൽ അഭികാമ്യമായ കേന്ദ്രമായി ഖത്തറിനെ മാറ്റിയതായും, ശക്തമായ മെഡിക്കൽ അടിസ്ഥാന സൗകര്യങ്ങൾ, ഗവേഷണത്തിനും വികസനത്തിനുമുള്ള വിപുലമായ ധനസഹായം എന്നിവയാണ് ഇതിന് കാരണമെന്നും ഏജൻസി സൂചിപ്പിക്കുന്നു.
ഫാർമസ്യൂട്ടിക്കൽ വ്യവസായം ഉൾപ്പെടെയുള്ള ആഗോള ആരോഗ്യ പരിപാലന സംവിധാനത്തെ കോവിഡ് മഹാമാരി പ്രതികൂലമായി ബാധിച്ചെങ്കിലും ഈ വെല്ലുവിളികൾക്കിടയിലും അന്താരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ നിക്ഷേപങ്ങളെ ആകർഷിക്കുന്നതിലും വ്യവസായത്തെ മുന്നോട്ടു നയിക്കുന്നതിലും ഖത്തർ ശ്രദ്ധേയമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നതെന്നും ഏജൻസി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 2018-2022 കാലയളവിലെ ഖത്തർ ദേശീയ ആരോഗ്യ തന്ത്രമാണ് ഈ മേഖലയിൽ രാജ്യത്തിന്റെ വിജയത്തിൽ അടിസ്ഥാനമെന്നും ആരോഗ്യ പരിപാല സേവനങ്ങൾ വികസിപ്പിക്കുന്നതിനും സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉത്തേജിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഈ തന്ത്രം, ആരോഗ്യ ചെലവുകളിലും സ്വകാര്യ ആരോഗ്യ സംരക്ഷണ ചെലവുകളിലും സുസ്ഥിര വളർച്ചക്കുള്ള സർക്കാർ പ്രതിബദ്ധതയെ പിന്തുണക്കുകയും ചെയ്യുന്നു.
കാര്യക്ഷമമായ വിതരണ ശൃംഖലകളും ആരോഗ്യ സേവനങ്ങളിലേക്കുള്ള മെച്ചപ്പെട്ട പ്രവേശനവും വിപണിയുടെ ആകർഷണീയത വർധിപ്പിക്കുകയും അവശ്യമരുന്നുകളുടെ വിതരണം ഉറപ്പുനൽകുകയും ചെയ്യുന്നുവെന്നും ഏജൻസി വ്യക്തമാക്കി.
ഖത്തർ സർവകലാശാലക്ക് കീഴിലുള്ള ഫാർമസി കോളജ്, ബയോമെഡിക്കൽ റിസർച്ച് ട്രെയിനിങ് പ്രോഗ്രാം(ബി.ആർ.ടി.പി) പോലുള്ള പ്രോഗ്രാമുകൾ രാജ്യത്തിന്റെ ശാസ്ത്ര ഗവേഷണ കഴിവുകൾ വികസിപ്പിക്കുന്നതിനും അതുവഴി ഫാർമസ്യൂട്ടിക്കൽ മേഖലയിലെ നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഏറെ സഹായകമായിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ അനന്തരഫലങ്ങൾ ലോകം വിശകലനം ചെയ്യുമ്പോഴും ആഗോള ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിൽ ഖത്തർ ശക്തമായ ചുവടുകളോടെ ഉറച്ചുനിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.