പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ
അബ്ദുർറഹ്മാൻ ആൽ ഥാനി
ദോഹ: ഖത്തറും ബ്രിട്ടനും തമ്മിലെ രണ്ടാമത് ഉഭയകക്ഷി ചർച്ചകൾക്ക് ഞായറാഴ്ച ദോഹ വേദിയാകും. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽ ഥാനിയുടെയും ബ്രിട്ടീഷ് വിദേശകാര്യ, കോമൺവെൽത്ത് സെക്രട്ടറി ഡേവിഡ് ലാമിയുടെയും സംയുക്ത അധ്യക്ഷതയിലാണ് രണ്ടാമത് ഉഭയകക്ഷി ഉച്ചകോടി നടക്കുന്നത്.
കഴിഞ്ഞ ഡിസംബറിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയുടെ ലണ്ടൻ സന്ദർശനത്തിനും പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായുള്ള കൂടിക്കാഴ്ചക്കും പിന്നാലെയാണ് പുതിയ ചർച്ചകളെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് ഡോ. മാജിദ് മുഹമ്മദ് അൽ അൻസാരി പറഞ്ഞു.
വാണിജ്യം, നിക്ഷേപം, ആഗോള വെല്ലുവിളികളിലെ സഹകരണം, സാങ്കേതിക കണ്ടുപിടിത്തങ്ങൾ, സുസ്ഥിര ഹരിത സമ്പദ് വ്യവസ്ഥയിലേക്കുള്ള മാറ്റം, ജീവശാസ്ത്രം, വ്യവസായം, സാംസ്കാരിക സഹകരണം, സംഘർഷങ്ങൾ പരിഹരിക്കുക, വിജ്ഞാന വിനിമയം എന്നീ മേഖലകളിലെ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളിലെ തുടർച്ചയാകും ചർച്ചയുടെ കേന്ദ്രം. സാമ്പത്തികം, വാണിജ്യം, നിക്ഷേപം, പ്രതിരോധം, സുരക്ഷ എന്നീ മേഖലകളിൽ ഇരു കക്ഷികളും തമ്മിലുള്ള പങ്കാളിത്തം ശക്തമാക്കുന്നതിലും ഭീകരവിരുദ്ധ പ്രവർത്തനങ്ങളിലെ സഹകരണത്തിനും ഈ ചർച്ചകൾ സഹായകമാകുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. ആരോഗ്യ മേഖല ഉൾപ്പെടെ സമിതികൾക്കും രൂപം നൽകും.
മാനുഷിക വികസന പരിപാടികൾക്കായി ഇരു രാജ്യങ്ങളും ചേർന്ന് പ്രഖ്യാപിച്ച 100 ദശലക്ഷം ഡോളറിന്റെ സംയുക്ത ധനസഹായവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും യോഗത്തിൽ വിശകലനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.