ലേഖകൻ വി.എം. കുട്ടിക്കൊപ്പം

എ​ന്‍റെ ഹൃദയത്തിലെ പാട്ടുകാരൻ

നാണയമിട്ട് പാട്ടുകേട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. അക്കാലത്ത് കേട്ട എത്രയോ മാപ്പിളപ്പാട്ടുകളില്‍ വി.എം. കുട്ടി മാഷി​ന്‍റെ ശബ്​ദം കൊതിയോടെ കേട്ടുനിന്നിട്ടുണ്ട്.

1975 കാലഘട്ടത്തില്‍ ഗള്‍ഫിലേക്ക് വരാനായി പാസ്‌പോര്‍ട്ടെടുക്കാന്‍ മദിരാശിയില്‍ പോയപ്പോള്‍ അവിടെ വെച്ചും ഹോട്ടലില്‍ നിന്ന് കോയിന്‍ ഇട്ട് റേഡിയോയിലെ പാട്ടുകള്‍ കേട്ടു. അതൊരു മനസ്സിനെ തൊടുന്ന ഓര്‍മയാണ്.ഉമ്മാ​ന്‍റെ കുടുംബക്കാര്‍ മലപ്പുറത്തായിരുന്നതിനാല്‍ കൊണ്ടോട്ടിയിലും വേങ്ങരയിലും മലപ്പുറത്തുമൊക്കെയായി പല തവണ പരിപാടികളിലും നേര്‍ച്ചകളിലുമെല്ലാം വി.എം. കുട്ടി പാട്ടുപാടുന്നത് നേരില്‍ കാണാനും കേള്‍ക്കാനുമുള്ള ഭാഗ്യം ചെറുപ്പത്തില്‍ തന്നെയുണ്ടായിരുന്നു.

ഖത്തറില്‍ വന്നതിനുശേഷം 1978 ഏപ്രില്‍ 19നാണ് വി.എം. കുട്ടി മാഷെ ആദ്യമായി പരിചയപ്പെടുന്നതും സംസാരിക്കുന്നതും. അതിനുശേഷം പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഏറ്റവും അവസാനം അദ്ദേഹത്തെ കണ്ടത് 2019 ഫെബ്രുവരി 27നാണ്.

ഓര്‍ത്തെടുക്കാനാണെങ്കില്‍ അദ്ദേഹവുമായി ബന്ധപ്പെട്ട എത്രയോ വിശേഷങ്ങളുണ്ട്. പാട്ടുകള്‍ തന്നെയാണല്ലോ ഓര്‍മകളും. കാളപൂട്ടിന്നതിശയം, മാളികയില്‍ മുടിചൂടി വിളങ്ങുന്ന, മൈലാഞ്ചി കൊമ്പൊടിച്ച് തുടങ്ങി എത്രയെത്ര പാട്ടുകള്‍ ഇഷ്​ടഗാനങ്ങളായി അന്നും ഇന്നും എന്നുമുണ്ട്.

കൊണ്ടോട്ടിയിലെ വൈദ്യര്‍ സ്മാരക അക്കാദമിയില്‍ 2011 മുതല്‍ അഞ്ചു വര്‍ഷം എനിക്ക് അംഗമായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിരുന്നു. എല്ലാ വര്‍ഷവും കൊണ്ടോട്ടിയില്‍ നടന്ന വൈദ്യര്‍ മഹോത്സവത്തില്‍ അദ്ദേഹം അതിഥിയായും ഉപദേശകനായുമൊക്കെ കൂടെയുണ്ടാകുമായിരുന്നു.

ഖത്തറിലേക്കും അദ്ദേഹത്തെ പലതവണ കൊണ്ടുവരാന്‍ സാധിച്ചു. എത്ര തവണയെന്ന എണ്ണം ഓര്‍മയില്ല. രണ്ടു മൂന്നു തവണ കൊണ്ടുവന്നത് മറക്കാന്‍ സാധിക്കാത്ത അനുഭവങ്ങളാണ്. മംവാഖ് എന്ന സംഘടനക്കുവേണ്ടി സെമിനാര്‍ ഉള്‍പ്പെടെയുള്ളവ നടത്താനും സാധിച്ചിട്ടുണ്ട്. വി.എം. കുട്ടിക്കു പുറമേ എസ്.എ. ജമീല്‍, കെ.എം. അഹമ്മദ്, ടി.കെ. ഹംസ തുടങ്ങിയവരെയും യതീന്ദ്രന്‍ മാസ്​റ്ററെയും ഫൈസല്‍ എളേറ്റിലിനേയുമൊക്കെ കൊണ്ടുവരാനായത് അഭിമാനത്തോടെയാണ് ഓര്‍ക്കുന്നത്.

പുതിയ തലമുറയും പഴയ തലമുറയും സംഗമിച്ച ഗാനമേള ഗള്‍ഫ് സിനിമയില്‍ സംഘടിപ്പിക്കാന്‍ സാധിച്ചതാണ് മറ്റൊരു മറക്കാനാവാത്ത ഓര്‍മ. എല്ലാവരേയും ഒരിക്കല്‍ കൂടി നേരില്‍ കാണണമെന്ന അദ്ദേഹത്തി​െൻറ ആഗ്രഹം കോവിഡ് കാലമായതിനാല്‍ നടത്തിക്കൊടുക്കാന്‍ സാധിച്ചില്ല.

നാടി​ന്‍റെ ആദരം എന്ന നിലയിൽ കേരളത്തിൽ ഒരു പരിപാടി ഒരുക്കാനുള്ള ശ്രമങ്ങൾക്ക്​ തുടക്കം കുറിച്ചെങ്കിലും കോവിഡിൽ മുടങ്ങി. അതിനൊന്നും കാത്തുനിൽക്കാതെയാണ്​ പ്രിയ സുഹൃത്തി​ന്‍റെ വിടവാങ്ങൽ.

കെ. മുഹമ്മദ് ഈസ

Tags:    
News Summary - The singer in my heart

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.