പൗരാണിക ഖത്തറിന്റെ കടലും ആകാശവും. അസ്തമയ സൂര്യൻ പിൻവാങ്ങിയ ഒരു സായന്തനത്തിൽ ദൂരെ, ചക്രവാളച്ചുവപ്പിനോടു ചേർന്ന് ഗ്രാഫിക് ചിത്രംപോലെ ഒരു ജലയാനത്തിന്റെ രൂപരേഖ. മെല്ലെ സഞ്ചരിക്കുന്ന ഒരു ചെറുകപ്പൽ. അവിടവിടെയായി അനവധിക്കപ്പലുകൾ. അവയിൽനിന്നുയരുന്ന പെരുന്നാളിന്റെ തക്ബീർകീർത്തനങ്ങൾ, കടലോളങ്ങൾക്കുമീതെ ഒഴുകിപ്പരക്കുന്നു. പൗരാണിക ഖത്തറിലെ പെരുന്നാളിന് അവിശ്വസനീയമായ ഒരു കടൽ ചരിതമുണ്ടായിരുന്നു. മുത്തുവാരലിന്റെയും മീൻപിടിത്തത്തിന്റെയും കാലത്തെ ഈദ്. സമുദ്രസഞ്ചാരികളായിരുന്ന ഗൃഹനാഥന്മാരടക്കമുള്ള പുരുഷന്മാർ പലരും സമുദ്രയാനങ്ങളിൽ നോമ്പ് പിടിക്കുകയും പെരുന്നാളാഘോഷിക്കുകയും ചെയ്ത കാലം. ഒരിക്കൽ ദോഹയുടെ തീരംവിട്ടാൽ മടങ്ങിവരുന്നത് ആഴ്ചകളോ മാസങ്ങളോ ഒക്കെക്കഴിഞ്ഞ്. ആ യാത്രക്കിടയിൽ നോമ്പുവരും. പെരുന്നാളുകൾ വരും. മീലാദുകൾ വരും. ആഘോഷ സുദിനങ്ങൾ പലതും കടന്നുവരും. പായ്ക്കപ്പലിന്റെ മേൽത്തട്ടിൽ കയറിനിന്ന് അവർ കരയിലേക്കാൾ മുമ്പെ നിലാവുകാണും. റമദാൻ പിറയും ശവ്വാലമ്പിളിയും ആദ്യമറിയും. തക്ബീറിനാൽ മാനത്തമ്പിളിയെ വരവേൽക്കും. കൈത്താളമിട്ട് ദഫു പാട്ടുകൾ പാടും. കടൽപ്പാട്ടുകളുടെ താളത്തിൽ, അർദാനൃത്തത്തിന്റെ ചുവടുകളിൽ ആകാശമേലാപ്പിൻചോട്ടിൽ അവർ പെരുന്നാൾ രാവിനെ ആഘോഷ സാന്ദ്രമാക്കും. നൗകകളിൽനിന്ന് നൗകകളിലേക്ക് പെരുന്നാൾ പിറയുടെ സന്ദേശം പകരും. അത്ര അകലെയല്ലെങ്കിൽ അത്യുച്ചത്തിലുള്ള ശബ്ദഘോഷംകൊണ്ട്. തക്ബീർഗീതം കൊണ്ട്. അങ്ങകലെയെങ്കിൽ, തീപ്പന്തങ്ങൾ കത്തിച്ചുവീശിക്കൊണ്ട്. കപ്പൽത്തട്ടുകളിൽനിന്ന് കപ്പൽത്തട്ടുകളിലേക്ക് പരക്കുന്ന ഈദിന്റെ ആശ്ലേഷം. പുലർപ്രാർഥനയിലേക്ക് നീളുന്ന പെരുന്നാൾ കീർത്തനങ്ങൾ. കടൽപ്പാട്ടിന്റെ സ്വരസംഗീതിക. കടൽനൃത്തത്തിന്റെ പെരുന്നാൾ രാവ്.
സുബഹി നമസ്കാരശേഷം കപ്പലിന്റെ മേലാപ്പിൽ ഈദ് നമസ്കാരത്തിനുള്ള ഒരുക്കമായി. കരയിൽനിന്ന് പോരുമ്പോൾ പലകപ്പെട്ടികളിലടക്കംചെയ്തു കൊണ്ടുവന്ന പുതുവസ്ത്രങ്ങൾ. കടൽമണത്തെ മറികടക്കാൻ പോന്ന കുഞ്ഞുകുപ്പികളിലെ അത്തർ സൗരഭ്യങ്ങൾ. കടൽച്ചൂരിനെ അലിയിച്ചു കളയുന്ന ബുഹൂറിന്റെ ധൂപക്കൂടുകൾ.
പരിമിതമെങ്കിലും യാത്ര പുറപ്പെടുമ്പോൾ പെരുന്നാളിനായി കരുതിയ വിഭവങ്ങൾ കൊണ്ട് വിരുന്ന്. പിന്നെ, കഥപറച്ചിലുകളായി. സ്വന്തം വീടുകളിലെ പെരുന്നാളാഘോഷങ്ങളുടെ ഓർമ പങ്കിടൽ. പ്രസിദ്ധമായ അറേബ്യൻ കടൽക്കഥകൾ പിറക്കുന്നത് ആഘോഷസുദിനങ്ങളിലെ ഈ കടൽ യാത്രകളിലാണ്. എല്ലാം വാമൊഴിക്കഥകൾ. വായിൽ വരുന്നത് കോതയ്ക്ക് പാട്ട് എന്നുപറയുംപോലെ ഓരോരുത്തരുടെയും ഭാവന വിരിയുന്ന നേരം. അത്തരം കഥപറച്ചിലുകളിൽ നിന്നാണ് സാംസ്കാരിക പഠനങ്ങളിൽ ശ്രദ്ധേയമായ ഖത്തറിന്റെ നാടോടിക്കഥകളിൽ പലതും പിറവിയെടുത്തിരിക്കുന്നത്. പ്രത്യേകിച്ച് ജിന്നുകഥകൾ. കടൽക്കൊള്ളക്കാരായ ജിന്നുകളുടെ കഥകൾ. ഉപജീവനത്തിനായുള്ള മാസങ്ങൾ നീണ്ട കടൽയാത്രകൾക്കുശേഷം ഓരോ അറബിയും തീരത്തേക്ക് മടങ്ങിയെത്തുന്നത് മനസ്സുനിറയെ കഥകളുമായാണ്. ചുണ്ടിലാകെ പാട്ടിന്റെ ഈണവുമായാണ്. ഇങ്ങനെ സമുദ്രാന്തരയാത്രകളിൽ രൂപപ്പെട്ട കടൽപ്പാട്ടുകൾ ഖത്തറിന്റെ ഖലീജീസംഗീതത്തെ സമ്പന്നമാക്കിയിട്ടുണ്ട്. ഖത്തറിന്റെ കടൽസംഗീതത്തിൽ പ്രഥമസ്ഥാനമലങ്കരിക്കുന്ന 'ഫിജ്‌രി', പെരുന്നാൾ കീർത്തനങ്ങൾകൂടി ഉൾക്കൊള്ളുന്ന ജപഗീതികളാണ്.
കാലങ്ങൾ കടന്നെത്തിയ
പെരുന്നാൾകാലം
ബ്ലാക്ക് ആൻഡ് വൈറ്റ് ചലച്ചിത്രകാലത്തുനിന്ന് എച്ച്.ഡിയുടെ ദൃശ്യപരതയിലേക്ക് വെള്ളിത്തിരയുടെ സാങ്കേതികവിദ്യ മാറിയതുപോലൊരു അത്ഭുതമാറ്റമാണ് പഴയ കാലത്തുനിന്ന് പുതിയ കാലത്തെത്തിയപ്പോൾ ഖത്തറിലെ ഈദാഘോഷത്തിന് സംഭവിച്ചിരിക്കുന്നത്. പരമ്പരാഗത സൂഖുകളിലെ തിരക്കുകളിലും, ഒറ്റവരിപ്പാത അതിരിട്ടിരുന്ന കടലോരങ്ങളിലുമൊക്കെയായി തിളങ്ങിനിന്നിരുന്നു പണ്ട് പെരുന്നാൾ രസങ്ങൾ. കാലവും കഥയും മറിയപ്പോൾ, ലുസൈൽ എന്ന ലോകോത്തര നഗരത്തിലെ ഡ്രോൺഷോയുടെയും ആകാശം ചിതറിത്തെറിക്കുന്ന ഫയർവർക്സിന്റെയും വിസ്മയാനുഭവങ്ങളിലേക്കൊക്കെ ഈദ് അനുഭവങ്ങളെ പുതിയകാലം പരാവർത്തനം ചെയ്തിരിക്കുന്നു. ലുസൈൽ ബൊളിവാഡിൽ, അൽവാബിലെ വെസ്റ്റ് വോക്കിൽ, അൽഹസമിലെ മാർബിൾ ചത്വരത്തിൽ, കത്താറയുടെ ആമ്പിയൻസിൽ ഈദ് ആഘോഷത്തിന് നവലോകമുഖം.
ഖത്തറിലെ ഈദാഘോഷങ്ങളുടെ ക്രമാനുഗതമാറ്റത്തെ നേരിൽക്കണ്ടവരുടെ അവസാന തലമുറയിൽപെട്ട രണ്ടുപേർ ഈ അടുത്ത നാളുകളിൽ വിടപറഞ്ഞു പോയി. ഒന്ന്, ഈസക്കാ. രണ്ടാമത്തേത് ഹാജി കെ.വി. അബ്ദുല്ലാക്കുട്ടി. ഖത്തറിൽ അമ്പതും അറുപതും വർഷമൊക്കെ പിന്നിട്ടവർ. അവികസിത ഖത്തറിന്റെ ആഘോഷരാവുകളെയും, കോസ്മോപൊളിറ്റൻ ഖത്തറിന്റെ വർണരാജികളെയും രണ്ടുകാലങ്ങളിലുംനിന്ന് കണ്ടാസ്വദിച്ചവർ.
ഇതിൽ, ഹാജി അബ്ദുല്ലാക്കുട്ടി സാഹിബുമായി എനിക്ക് വളരെ അടുത്ത വ്യക്തിബന്ധമുണ്ടായിരുന്നു. 1960കളിൽ താൻ വന്നകാലത്തെ ഖത്തറിനെയും, ഖത്തറിലെ ജീവിതത്തെയും, ഖത്തറിന്റെ സംസ്കാരത്തെയുമൊക്കെപ്പറ്റി അദ്ദേഹം പലപ്പോഴും എന്നോട് വാചാലനായിട്ടുണ്ട്.
പൗരാണിക ഖത്തറിൽ നിന്ന് ഫുട്ബാളാനന്തര ഖത്തറിലേക്കെത്തുമ്പോൾ ഈദ് ആഘോഷങ്ങളിലുണ്ടായ മാറ്റങ്ങളിലെ പ്രധാന സൂചികയെ അടയാളപ്പെടുത്തുന്നു ഫിഫാ സ്റ്റേഡിയത്തിലെ ഈദ് നമസ്കാരം. 2023 മുതൽ എജുക്കേഷൻ സിറ്റി ഫുട്ബാൾ സ്റ്റേഡിയം ഈദ് നമസ്കാരത്തിനായി തുറന്നു കൊടുത്തതോടെ ഖത്തറിലെ പെരുന്നാളിന് ഒരു ഗ്ലോബൽ മുഖം കൈവന്നതുപോലെ തോന്നുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.