ദോഹ: ഇന്ത്യയിലെ പ്രശസ്ത ആധുനിക ചിത്രകാരനായിരുന്ന എം.എഫ്. ഹുസൈന്റെ (മഖ്ബൂൽ ഫിദ ഹുസൈൻ) സൃഷ്ടികൾ ഉൾപ്പെടുത്തി ഖത്തർ മ്യൂസിയംസ് ന്യൂഡൽഹിയിലെ കിരൺ നാടാർ മ്യൂസിയം ഓഫ് ആർട്ടുമായി (കെ.എൻ.എം.എ) സഹകരിച്ച് സംഘടിപ്പിക്കുന്ന പ്രദർശനം ആരംഭിച്ചു.
2024ൽ വെനീസിയയിൻ നടന്ന 60ാമത് ഇന്റർനാഷനൽ ആർട്ട് എക്സിബിഷൻ ഓഫ് ലാ ബിനാലെ ഡി പ്രദർശനത്തിനുശേഷമാണ്, എം.എഫ്. ഹുസൈൻ: ദി റൂട്ടഡ് നോമാഡ് എന്ന പേരിൽ ഖത്തർ മ്യൂസിയംസിന്റെ നേതൃത്വത്തിൽ കതാറയിൽ പ്രദർശനം നടക്കുന്നത്. എം.എഫ്. ഹുസൈന്റെ ഫോട്ടോഗ്രാഫുകൾ, ഡ്രോയിങ്ങുകൾ, കവിതകൾ, സിനിമ പോസ്റ്ററുകൾ, അപൂർവമായി മാത്രം കാണുന്ന ആർക്കൈവൽ മെറ്റീരിയൽ എന്നിവ ഉൾപ്പെടുത്തി, അദ്ദേഹത്തിന്റെ 80ലധികം രചനകളിൽനിന്നാണ് ദൃശ്യ പനോരമ തയാറാക്കിയത്. പരിപാടിയുടെ തലക്കെട്ട് സൂചിപ്പിക്കുന്നതുപോലെ സ്വന്തം രാജ്യത്തോടുള്ള ആഴത്തിലുള്ള ബന്ധവും അദ്ദേഹത്തിന്റെ നാടോടി, കോസ്മോപൊളിറ്റൻ മനോഭാവവും പ്രകടിപ്പിക്കുന്നതായിരിക്കും പ്രദർശനം.
മിത്ത്, ആധുനികത എന്നിവ സമന്വയിപ്പിക്കുന്ന സൃഷ്ടികളിലൂടെ ഇന്ത്യയെക്കുറിച്ചുള്ള പ്രാചീന സംസ്കാരവും പോസ്റ്റ് കൊളോണിയൽ കാഴ്ചപ്പാടുകളുമായിരിക്കും പ്രദർശനത്തിൽ ഒരുങ്ങുക. ഇന്ത്യയിലെ ജനനകാലം മുതൽ ഖത്തർ പൗരനായി ദോഹയിൽ ചെലവഴിച്ച അവസാനനാളുകൾവരെയുള്ള അദ്ദേഹത്തിന്റെ സഞ്ചാരവും കലായാത്രയും അടയാളപ്പെടുത്തുന്ന പ്രദർശനം, കാഴ്ചക്കാരന് പൂർണമായും അനുഭവഭേദ്യമായതും സംവേദനക്ഷമവുമായിരിക്കും. എക്സിബിഷൻ 2026 ഫെബ്രുവരിവരെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.