ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ പ്രകൃതിയാത്രക്കിടെ സഹയാത്രികരോടൊപ്പം
ദോഹ: ഖത്തറിലെ ഇന്ത്യൻ അംബാസഡറായ ഡോ. ദീപക് മിത്തൽ നല്ലൊരു പ്രകൃതിസ്നേഹി കൂടിയാണ്. ഔദ്യോഗിക തിരക്കുകൾക്കിടയിലും ഖത്തറിെൻറ പ്രകൃതി സൗന്ദര്യം നുണയാൻ അദ്ദേഹം മുന്നിലുണ്ട്.
ഖത്തറിലെ പക്ഷി നിരീക്ഷകർക്കും പ്രകൃതിസ്നേഹികൾക്കുമൊപ്പമാണ് കഴിഞ്ഞ ദിവസം ഇന്ത്യൻ അംബാസഡർ സൗദി അതിർത്തിക്കടുത്തുള്ള ഇർകയ ഫാമിലേക്ക് യാത്രനടത്തിയത്. 22 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള സ്വകാര്യ ഫാമാണിത്. യൂറോപ്പിൽനിന്ന് ആഫ്രിക്കയിലേക്കും മറ്റിടങ്ങളിലേക്കും കുടിയേറുന്ന പക്ഷികളുടെ ഇടത്താവളമാണ് ഖത്തറിലെ ഏറ്റവും വലിയ പക്ഷിസങ്കേതമായ ഇർകിയ.
ഖത്തർ പരിസ്ഥിതി മന്ത്രാലയത്തിെൻറ ലെയ്സൻ ഓഫിസറായിരുന്ന വന്യജീവി ഫോട്ടോഗ്രാഫർ ദിലീപ് അന്തിക്കാടിെൻറ നേതൃത്വത്തിൽ ഇന്ത്യൻ കൾചറൽ സെൻററിൽ ഫോട്ടോഗ്രഫി ക്ലബ് രൂപവത്കരിച്ചിട്ടുണ്ട്. ഇതിന് മുൻകൈയെടുത്തത് മുൻ ഐ.സി.സി പ്രസിഡൻറ് എ.പി. മണികണ്ഠൻ ആണ്. ഇവരുടെ നേതൃത്വത്തിലാണ് യാത്ര നടത്തിയത്. താജുദ്ദീൻ സി, വിഷ്ണു ഗോപാൽ, ഹസീബ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. ഗംഭീരയാത്ര സംബന്ധിച്ച് അറിയിച്ചയുടൻ അംബാസഡറും ആവേശത്തോടെ ഒപ്പംകൂടി. അങ്ങനെയാണ് യാത്രക്കൊരു അംബാസഡർ ടച്ചുകൂടി കൈവന്നത്. പരുന്ത് വര്‍ഗത്തിലെ വിവിധയിനം പക്ഷികൾ, ഉരഗങ്ങൾ, ചിത്രശലഭങ്ങൾ തുടങ്ങിയവയെ നിരീക്ഷിക്കാൻ സാധിച്ചെന്ന് സംഘാംഗങ്ങൾ പറഞ്ഞു.
ഇത്തരത്തിലുള്ള പ്രകൃതി നിരീക്ഷണ ഫോട്ടോഗ്രഫി യാത്രകൾ വിപുലപ്പെടുത്തുമെന്ന് ഐ.സി.സി ക്ലബ് സെക്രട്ടറി ഹസീബ് അറിയിച്ചു. ഫാമിൽ നിന്നുള്ള പക്ഷികൾ, ഉരഗങ്ങൾ, സസ്തനികൾ, ചിത്രശലഭങ്ങൾ എന്നിവയെക്കുറിച്ചുള്ള റഫറൽ പുസ്തകങ്ങൾ പരിസ്ഥിതി മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.