ദോഹ: ഗൾഫ് മേഖലയിൽ കഴിഞ്ഞ നാലര മാസക്കാലമായി തുടരുന്ന പ്രതിസന്ധിയിൽ തങ്ങൾ ഏറെ ദുഃഖിതരാണെന്ന് സുഡാൻ പ്രസിഡൻറ് ഉമർ ബഷീർ. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി നടത്തിയ ചർച്ചയിലാണ് സുഡാൻ പ്രസിഡൻറ് ദുഃഖം പങ്കുവെച്ചത്. സുഡാനുമായി വളരെ അടുത്ത ബന്ധമാണ് ഖത്തറിനുള്ളത്. സുഡാൻ പ്രവിശ്യയായ ദാർഫോറുമായി ബന്ധപ്പെട്ട ഭിന്നത പരിഹരിക്കാൻ ഖത്തർ നടത്തിയ പരിശ്രമങ്ങൾ എന്നും തങ്ങൾ ഏറെ വിലമതിക്കുമെന്ന് സുഡാൻ വിദേശകാര്യ മന്ത്രി ഇബ്രാഹീം ഗദ്ദൂർ വ്യക്തമാക്കി. ഖത്തറിൽ വെച്ച് നിരന്തരമായി നടന്ന ചർച്ചകളിലൂടെയാണ് സുഡാനിൽ സമാധാനം കൊണ്ടുവരാൻ സാധിച്ചതെന്ന് അദ്ദേഹം അറിയിച്ചു.
അമീറുമായി നടന്ന ചർച്ചയിൽ വിവിധ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതായി സുഡാൻ വിദേശകാര്യ മന്ത്രി അറിയിച്ചു. ഖത്തർ സുഡാനിൽ വിവിധ മേഖലകളിൽ നിക്ഷേപം ഇറക്കുമെന്ന് അറിയിച്ച അദ്ദേഹം പരസ്പരം സഹകരിച്ച് പ്രവർത്തിക്കാൻ കഴിയുന്ന മേഖലകളിലൊെക്ക സഹകരിച്ച് നീങ്ങുമെന്നും വ്യക്തമാക്കി.
ഗൾഫ് പ്രതിസന്ധിയുടെ വിഷയത്തിൽ സുഡാൻ ഭരണകൂടം എടുത്ത തീരുമാനം ഏറ്റവും ഉചിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കൂടിയിരുന്നുള്ള ചർച്ചകളിലൂടെ പ്രതിസന്ധി പരിഹരിക്കണമെന്ന അഭിപ്രായമാണ് തങ്ങൾക്കുള്ളത്. കുവൈത്ത് നടത്തിവരുന്ന മാധ്യസ്ഥ ശ്രമങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.