ഖത്തറിൽ സ്വന്തക്കാർക്കൊപ്പം താമസിച്ച് ലോകകപ്പ് കാണാം

ദോഹ: ലോകകപ്പ് ഫുട്ബാളിന് പന്തുരുളാൻ മാസങ്ങൾ ബാക്കിനിൽക്കെ മലയാളികൾ ഉൾപ്പെടെയുള്ള ആരാധകരുടെ വലിയൊരു ചോദ്യമാണ് ഖത്തറിലെത്തിയാൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം താമസിക്കാൻ കഴിയമോ എന്നത്. അതിന് അതേയെന്ന് ഉത്തരം നൽകുകയാണ് ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി.

നവംബർ 21 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ലോകകപ്പിനായി ലക്ഷം കാണികൾ ഒഴുകിയെത്തുമ്പോൾ ഖത്തറിൽ പ്രവാസികളായ സ്വന്തക്കാരുടെ അതിഥികളായി കളികൾ കാണാമെന്ന സൂപ്പർ ബംമ്പർ. ലോകകപ്പിന്‍റെ രണ്ടാംഘട്ട ടിക്കറ്റ് വിൽപനയും പൂർത്തിയായപ്പോൾ വലിയൊരു വിഭാഗമാണ് ടിക്കറ്റുകൾ സ്വന്തമാക്കിയത്. ഖത്തർ റസിഡന്‍റിനൊപ്പം, വിദേശികളും ഏറെ. എന്നാൽ, ടിക്കറ്റ് മാത്രം മതിയാവില്ല സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ.

ബുക്ക് ചെയ്ത ടിക്കറ്റ് നമ്പർ സഹിതം ഫാൻ ഐ.ഡിയായ ഹയ്യാകാർഡിന് അപേക്ഷിക്കണം. വിദേശ കാണികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാനുള്ള എൻട്രി പെർമിറ്റ് കൂടിയാണ് ഹയ്യാകാർഡ്. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം മാത്രമല്ല, മത്സര ദിനങ്ങളിൽ രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങളിൽ സൗജന്യ യാത്രയും ഹയ്യാ കാർഡ് വഴി ലഭ്യമാവും.

എങ്ങനെ ആതിഥേയനാവാം?

മത്സരങ്ങൾക്ക് ടിക്കറ്റ് സ്വന്തമാക്കിയവരെല്ലാം ഹയ്യാ കാർഡിന് അപേക്ഷിക്കണം. എന്നാൽ, വിദേശകാണികൾ അപേക്ഷിക്കുമ്പോൾ ഖത്തറിലെത്തി താമസിക്കുന്നത് സംബന്ധിച്ച വിവങ്ങൾ കൂടി നൽകിയാലേ അപേക്ഷാ നടപടി പൂർത്തിയാവൂ. ഹോട്ടലുകൾ, അപാർട്മെന്‍റ്, ക്രൂസ് ഷിപ്പുകൾ, ഫാൻ വില്ലേജുകൾ ഉൾപ്പെടെ നിരവധി സൗകര്യങ്ങൾ താമസത്തിനായി ലഭ്യമാണ്. എന്നാൽ, ഖത്തർ റെസിഡന്‍റായ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പം താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനും വഴിയുണ്ട്.


അങ്ങിനെയെങ്കിൽ, ആതിഥേയനാവുന്ന വ്യക്തി https://hayya.qatar2022.qa/ എന്ന പോർട്ടലിൽ താമസ സൗകര്യങ്ങൾ രജിസ്റ്റർ ചെയ്യണം. അതു വഴിയാണ് ടിക്കറ്റ് ലഭിച്ച ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും താമസത്തിന് ആതിഥേയരാവാനുള്ള അവസരം ലഭിക്കുന്നത്.

ആൾട്ടർനേറ്റീവ് അക്കമഡേഷൻ ടാബ് വഴിയാണ് രജിസ്ട്രേഷൻ നടപടികൾ. പരമാവധി 10 അതിഥികൾക്ക് മാത്രമായിരിക്കും താമസിക്കാൻ അനുവാദമുണ്ടാവുക. രജിസ്റ്റർ ചെയ്ത കെട്ടിടത്തിൽ, അതിഥികളുടെ വിശദാംശങ്ങൾ നൽകി ഹയ്യാ കാർഡിന് അപേക്ഷിച്ചുകഴിഞ്ഞാൽ മാറ്റം വരുത്താനോ, പ്രോപ്പർട്ടി ഒഴിവാക്കാനോ കഴിയില്ല.

അപേക്ഷിക്കേണ്ട വിധം:

-ഖത്തർ ഐ.ഡി വിശദാംശങ്ങൾ നൽകുക (എസ്.എം.എസ് ഒ.ടി.പി വഴി വെരിഫിക്കേഷൻ)

-താമസിക്കുന്ന കെട്ടിടത്തിന്‍റെ പേര്, സോൺ, സ്ട്രീറ്റ്, ബിൽഡിങ്, യൂനിറ്റ് വിവരങ്ങൾ

-കെട്ടിടം സ്വന്തം ഉടമസ്ഥതയിലോ വാടകക്കോ എന്ന് വിശദമാക്കുക.

-ഇത്രയും പൂർത്തിയായാൽ ഓരോ അതിഥിയുടെയും പേര്, പാസ്‌പോര്‍ട്ട് നമ്പര്‍, അതിഥിയുടെ രാജ്യം എന്നിവ രേഖപ്പെടുത്തണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് info@hayya.qa എന്ന ഇമെയില്‍ വിലാസത്തിലോ, വെബ്സൈറ്റ് വഴിയോ അന്വേഷിക്കാം. ഖത്തറില്‍ താമസിക്കുന്നവർക്ക് 800 2022 എന്ന നമ്പറിലും വിദേശത്ത് നിന്ന് വരുന്ന അതിഥികള്‍ക്ക് (+974) 4441 2022 എന്ന നമ്പറിലും ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നതാണ്.

Tags:    
News Summary - Stay with your family and watch the World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.