സൂഖ് വാഖിഫ് പുഷ്പമേളയുടെ പ്രവേശന കവാടം
ദോഹ: സൂഖ് വാഖിഫിൽ പൂക്കളുടെ പരിമളം പടർത്തി അഞ്ചാമത് പുഷ്പമേളക്ക് ഗംഭീര തുടക്കം. ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയത്തിനു കീഴിലെ കാർഷിക വിഭാഗവുമായി സഹകരിച്ചാണ് സൂഖ് വാഖിഫ് ശ്രദ്ധേയമായ പുഷ്പമേളക്ക് തുടക്കം കുറിച്ചത്. മുനിസിപ്പാലിറ്റി മന്ത്രാലയത്തിനു കീഴിൽ ഖത്തറിലെ 24 ഫാമുകളും നഴ്സറികളും പുഷ്പമേളയിൽ പങ്കെടുക്കുന്നതായി എക്സിബിഷൻ ജനറൽ സൂപ്പർ വൈസർ മുഹമ്മദ് അൽ സാലിം അറിയിച്ചു. വൈവിധ്യമാർന്ന പൂക്കൾ, ആകർഷകമായ രൂപഭംഗിയിൽ വിന്യസിച്ചുകൊണ്ടാണ് ഇത്തവണ സന്ദർശകരെ വരവേൽക്കുന്നത്.
പൂന്തോട്ടവും റോഡ് വാട്ടർഫാൾസും ഉൾപ്പെടെ മനോഹരമായി തന്നെ സജ്ജീകരിച്ചിട്ടുണ്ട്. പൂച്ചെടികൾ, വിവിധ പഴവർഗങ്ങളുടെ തൈകൾ, പച്ചക്കറി വിത്തുകൾ, ചെടികൾ, അലങ്കാര ചെടികൾ എന്നിവയും മേളയിൽ ലഭ്യമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നഴ്സറികൾ ഒരു കുടക്കീഴിൽ എത്തിച്ച് വിപണി കണ്ടെത്താൻ സാധിക്കുന്നതാണ് ഈ മേളയെന്ന് മുഹമ്മദ് അൽ സാലിം പറഞ്ഞു.
സൂഖ് വാഖിഫിൽ ആരംഭിച്ച പുഷ്പമേള സന്ദർശിക്കുന്ന വനിത
ഫാമുകൾ, നഴ്സറികൾ, കമ്പനികൾ എന്നിവയുൾപ്പെടെ പൂക്കളുടെ വ്യവസായത്തിൽ പ്രവർത്തിക്കുന്ന പ്രാദേശിക സ്ഥാപനങ്ങളെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്താനും പ്രദർശനം സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡിസംബർ 15 വരെ നീണ്ടുനിൽക്കുന്ന മേളയിൽ രാവിലെ ഒമ്പത് മുതൽ രാത്രി പത്തു വരെ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നു. വെള്ളിയാഴ്ച ദിവസം വൈകുന്നേരം നാലുമുതൽ രാത്രി പത്തു വരെയാണ് പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.