അബ്ദുൽ റഊഫ് കൊണ്ടോട്ടി
ഇന്ത്യൻ ജനപ്രാതിനിധ്യ നിയമഭേദഗതി പ്രകാരം 2010 മുതൽ പ്രവാസികൾക്ക് ‘പ്രവാസി വോട്ടർ’ എന്ന വിഭാഗത്തിൽ പ്രത്യേകമായി രജിസ്റ്റർ ചെയ്യുകയും വോട്ടർ പട്ടികയിൽ പ്രവാസികളെ ഓവർസീസ് ഇലക്ടർ എന്ന കാറ്റഗറിയിൽ തന്നെ ഉൾപ്പെടുത്തുകയും വോട്ടെടുപ്പ് സമയത്ത് നേരിട്ട് ഹാജരായി വോട്ട് രേഖപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. ഇന്ത്യയിൽ ജനറൽ വോട്ടർമാർ, പ്രവാസി വോട്ടർമാർ, സർവിസ് വോട്ടർമാർ എന്നീ കാറ്റഗറികളിലായാണ് വോട്ട് രേഖപ്പെടുത്തേണ്ടത്. കേരളത്തിൽ 22 ലക്ഷത്തോളം പേർ പ്രവാസികളാണെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിൽ തൊണ്ണൂറായിരത്തോളം പേർ മാത്രമാണ് പ്രവാസി വോട്ടർമാരായുള്ളത്.
പ്രവാസികൾ പലരും പ്രവാസി വോട്ടർമാർ ആവാതെ റസിഡന്റ് ഇന്ത്യക്കാരുടെ വിഭാഗമായ സാധാരണ ഇലക്ടർ പട്ടികയിൽ ആണുള്ളത്. ഇത് നിയമപരമായി യഥാർഥത്തിൽ നിലനിൽക്കുന്നതല്ല. ഏതെങ്കിലും രൂപത്തിലുള്ള ആക്ഷേപം ഉയർന്നാൽ ഈ വോട്ടർമാർക്ക് സാധുത ഉണ്ടായിരിക്കില്ലെന്നതാണ് വസ്തുത.
നിലവിൽ ഇങ്ങനെ വോട്ടർമാർ ആയവർ പ്രവാസി വോട്ടർ ആയി ചേരുകയും മറ്റു കാറ്റഗറികളിൽ നിന്ന് റദ്ദാവുകയും സാധാരണ വോട്ടർ എന്ന പേരിലുള്ള വോട്ടർ ഐ.ഡി റദ്ദാക്കുകയും ചെയ്യേണ്ടതുണ്ട്. രണ്ടാം ഘട്ട എസ്.ഐ.ആർ നടപ്പാക്കുന്നതോടെ രാജ്യത്തെ വോട്ടർമാരിൽ മൂന്നിൽ ഒരു ഭാഗത്തെയും കവർ ചെയ്യും. ഇതിൽ മറ്റു സംസ്ഥാനങ്ങളിലെ പ്രവാസി വോട്ടർമാരുടെ സ്ഥിതി കേരളത്തെ അപേക്ഷിച്ച് വളരെ ദുർബലമാണ്.
ഇന്ത്യയിൽ നിന്നുള്ള 1.35 കോടി പ്രവാസികൾ വോട്ടവകാശത്തിന് അർഹരാണെങ്കിലും 2024 ലെ കണക്കനുസരിച്ച് 1,19,374 പേരാണ് മൊത്തം പ്രവാസി വോട്ടർമാർ. അതായത് ഇന്ത്യ മൊത്തം എടുക്കുകയാണെങ്കിൽ പ്രവാസി വോട്ടറായി രജിസ്റ്റർ ചെയ്യാത്തതിനാൽ ഒരു കോടി മുപ്പത്തിനാല് ലക്ഷം പേർ എസ്.ഐ.ആറിൽ നിന്നും പുറത്താവുമെന്ന് സാരം.
എസ്.ഐ.ആറും പൗരത്വവും പ്രവാസികളും എന്നത് വിവക്ഷകളും സംവാദങ്ങളും ഏറെയുള്ള വിഷയമാണ്. പൗരത്വവുമായി ബന്ധപ്പെട്ട ഏറെ കാര്യങ്ങൾ എസ്.ഐ.ആറിലും പ്രകടമാണെന്നതാണ് പ്രബലമായ വീക്ഷണം. ഇന്ത്യൻ പ്രാതിനിധ്യ നിയമം അനുസരിച്ച് ഇന്ത്യൻ പൗരന്മാർക്ക് മാത്രമാണല്ലോ വോട്ടവകാശം. 2010ൽ എൻ.ആർ.ഐ പ്രവാസികൾക്ക് കൂടെ വോട്ടവകാശം ലഭിക്കുകയും പ്രവാസികളിലെ മറ്റു രാജ്യങ്ങളിൽ പൗരത്വം ലഭിച്ച ഒ.സി.ഐ, പി.ഐ.ഒ കാറ്റഗറിയിൽപെട്ടവരെ കൂടെ ഒഴിവാക്കാനും നിലവിലെ എസ്.ഐ.ആർ കാരണമാവുമെന്നതിനാൽ എസ്.ഐ.ആറിന് ശേഷമുള്ള വോട്ടർ പട്ടികയും പൗരത്വത്തിനുള്ള രേഖയാകാൻ സാധ്യത ഏറെയാണ്.
പ്രവാസി വോട്ടറാകണം; അടുത്ത തലമുറക്കും പ്രയോജനം ചെയ്യും
പ്രവാസ ലോകത്ത് തലമുറകളായി ജീവിക്കുകയും എന്നാൽ, തങ്ങൾ ജീവിക്കുന്ന നാട്ടിൽ പൗരത്വം ലഭിക്കാതിരിക്കുകയും ചെയ്യുന്ന എൻ.ആർ.ഐകളായവർ നിർബന്ധമായും പ്രവാസി വോട്ടറാകേണ്ടതുണ്ട്. അല്ലെങ്കിൽ ഇനിയും വർഷങ്ങൾ കഴിയുമ്പോൾ മാതാപിതാക്കൾ ഇന്ത്യയിൽ വോട്ടർമാർ ആയിരുന്നില്ലെന്ന കാരണത്താൽ തങ്ങളുടെ അടുത്ത തലമുറക്ക് വോട്ടർമാരായി ചേരാൻ നിരവധി കടമ്പകൾ കടക്കേണ്ടിവരുകയും ഒരുപക്ഷേ, വോട്ടറാവാൻ കഴിയാതെയും വന്നേക്കാം.
പ്രവാസികൾക്ക് വോട്ടർ ഐ.ഡി ലഭ്യമാക്കണം; നടപടി ക്രമങ്ങൾ എളുപ്പമാക്കണം
നിലവിൽ പ്രവാസി വോട്ടർക്ക് വോട്ടർ ഐ.ഡി ലഭ്യമാക്കുന്നില്ലെന്നത് വിവേചനപരമാണ്. സാധാരണ വോട്ടർമാർക്ക് ഐ.ഡി നൽകുമ്പോൾ പ്രവാസികളെ മാറ്റി നിർത്തുന്നതിന്റെ കാരണം സർക്കാർ വ്യക്തമാക്കുന്നില്ല.
നിലവിൽ വോട്ടർ ഐ.ഡി പല കാര്യങ്ങൾക്കും ഔദ്യോഗിക രേഖയായി പരിഗണിക്കുമ്പോൾ പ്രവാസികൾ ഇക്കാര്യത്തിൽ നിന്ന് പുറത്താണ്! പ്രവാസികൾ വോട്ട് ചെയ്യാൻ ഒറിജിനൽ പാസ്പോർട്ട് ഹാജരാക്കണമെന്നാണ് വ്യവസ്ഥ. വിചിത്ര വ്യവസ്ഥകൾ പ്രവാസികളെ ജനാധിപത്യ പ്രക്രിയയിൽ പൂർണ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിൽ വിഘാതമാകും.
അതുപോലെ, രജിസ്ട്രേഷനായി ഓൺലൈൻ മാർഗം പ്രയോജനപ്പെടുത്തിയാലും എല്ലാ രേഖകളും രജിസ്ട്രേഡ് പോസ്റ്റൽ വഴിയോ നേരിട്ടോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസറിൽ എത്തിക്കേണ്ടതുണ്ട്. ഇങ്ങനെയെല്ലാം ചെയ്താലും നേരിട്ടെത്തി വോട്ട് ചെയ്യണമെന്ന വ്യവസ്ഥ ഉള്ളതിനാൽ സാധാരണക്കാരായ പ്രവാസികൾക്ക് ഏറെ പ്രയാസകരമാവുകയും അതിനാൽതന്നെ പ്രവാസി വോട്ടർ ആകുന്നതിൽ വിമുഖത കാണിക്കുകയും ചെയ്യുന്നു. ഇതാണ് പ്രബുദ്ധ പ്രവാസികൾ അടക്കമുള്ള പലരെയും നാളിതുവരെ ഈ പ്രക്രിയകളിൽ നിന്ന് അകറ്റിനിർത്തിയത്.
നാം ശ്രദ്ധിക്കേണ്ടത്
പ്രവാസികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉണ്ടാവുന്ന നിയമങ്ങൾ കൃത്യമായി മനസ്സിലാക്കുകയും യഥാസമയം കാര്യങ്ങൾ യഥാവിധി നടത്തിയെടുക്കാനും ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. പ്രവാസി സംഘടനകളും പ്രവാസി രംഗത്ത് പ്രവർത്തിക്കുന്ന പ്രവർത്തകരും അവസാന നിമിഷത്തിലേക്ക് കാത്തിരിക്കാതെ കാര്യങ്ങൾ കൃത്യമായി സാധാരണ ജനങ്ങളിലേക്ക് എത്തിക്കാനും അവരെ ഇത്തരം കാര്യങ്ങളിൽ പ്രാപ്തരാക്കാനും ഉതകുന്നവിധം പ്രവർത്തനങ്ങൾ നൈരന്തര്യത്തോടെ നടപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.