സില ഓപറേഷൻ സെന്‍റർ ഉദ്ഘാടനം ചെയ്ത ശേഷം വിവിധ സെക്ഷനുകൾ ഗതാഗത മന്ത്രിയും സംഘവും സന്ദർശിക്കുന്നു
ദോഹ: മുഴുവൻ ഗതാഗത സംവിധാനങ്ങളെയും ഒരു കുടക്കീഴിലെത്തിക്കുന്ന 'സില'യുടെ ഓപറേഷൻ സെന്‍റർ ഗതാഗത മന്ത്രി ജാസിം സൈഫ് അഹമ്മദ് അൽ സുലൈതി ഉദ്ഘാടനം ചെയ്തു. മുനിസിപ്പാലിറ്റി മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർകി അൽ സുബൈഇ, അശ്ഗാൽ പ്രസിഡന്‍റ് ഡോ. എൻജി. സഅദ് ബിൻ അഹമ്മദ് അൽ മുഹമ്മദി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഖത്തറിന്‍റെ പൊതുഗതാഗത സംവിധാനങ്ങളെയെല്ലാം ഒരു ശൃംഖലയിലേക്ക് ചേർക്കുന്ന 'സില' ആപ്ലിക്കേഷനും വെബ്സൈറ്റും ഉൾപ്പെടെയുള്ള മുഴുവൻ പ്രവർത്തനങ്ങളുടെയും ഏകോപനമാണ് ഓപറേഷൻ സെന്‍ററിന്‍റെ ലക്ഷ്യം. ബ്രാൻഡ് മാനേജ്മെന്‍റ്, വേ ഫൈൻഡിങ്, ഇലക്ട്രോണിക് ടിക്കറ്റിങ് ഹബ്, പേമെന്‍റ് സിസ്റ്റം, സെൻട്രൽ ക്ലിയറിങ് ഹൗസ്, ടെസ്റ്റിങ് അതോറിറ്റി എന്നിവ സെന്‍ററിനു കീഴിൽ വരും. ഉദ്ഘാടന ശേഷം മന്ത്രിമാരും ഉദ്യോഗസ്ഥരും സില സെന്‍ററിലെ വിവിധ സെക്ഷനുകൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.
നാഷനൽ ട്രാൻസ്പോർട്ട് കോഓഡിനേഷൻ സെന്‍റർ, ലാൻഡ് ട്രാൻസ്പോർട്ട് സേഫ്റ്റി കമ്മിറ്റി എന്നിവയുടെ കൂടി അനുബന്ധമായാവും സിലയുടെ ഓപറേഷൻ സെന്‍ററിന്‍റെ പ്രവർത്തനം. രാജ്യത്തെ ഗതാഗത സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിച്ച്, യാത്രക്കാരന് വിവരങ്ങൾ നൽകുന്നതിനായി സില ആപ്ലിക്കേഷൻ നേരത്തെ പ്രവർത്തനസജ്ജമായിരുന്നു. യാത്ര എളുപ്പവും സ്മാർട്ടും കൂടുതൽ സൗകര്യപ്രദവുമാക്കുന്നതിനായുള്ള നിരവധി പ്രവർത്തനങ്ങളാണ് ആപ്പിലും വെബ്സൈറ്റിലും രൂപകൽപന ചെയ്തിരിക്കുന്നത്.
വ്യത്യസ്ത ഗതാഗതരീതികൾ സംയോജിപ്പിച്ച് രാജ്യത്തുടനീളമുള്ള യാത്ര സൗകര്യപ്രദവും കാര്യക്ഷമവുമാക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് 'സില'ക്ക് രൂപം നൽകിയത്. ഖത്തർ റെയിൽവേസ് കമ്പനി, മുവാസലാത്ത് (കർവ), ഖത്തർ ഫൗണ്ടേഷൻ, മുശൈരിബ് പ്രോപ്പർട്ടീസ് തുടങ്ങിയ പൊതുഗതാഗത ദാതാക്കളുമായി സഹകരിച്ചാണ് 'സില' തയാറാക്കിയിട്ടുള്ളത്. മെട്രോ, ബസ്, ട്രാം, ടാക്സി എന്നിവയാണ് സിലയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തെ എല്ലാ യാത്രാസംവിധാനങ്ങളും ഒരു ശൃംഖലയിൽ ഒന്നിക്കുന്നതോടെ, പൗരന്മാർ, താമസക്കാർ, സഞ്ചാരികൾ ഉൾപ്പെടെ എല്ലാ വിഭാഗം യാത്രക്കാർക്കും പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തൽ എളുപ്പമാവുമെന്ന് ഗതാഗത മന്ത്രാലയം ടെക്നികൽ വിഭാഗം ഡയറക്ടർ ശൈഖ് മുഹമ്മദ് ബിൻ ഖാലിദ് ആൽഥാനി പറഞ്ഞു. നിലവിൽ ഉൾപ്പെടുത്തിയ മെട്രോ, ബസ്, ട്രാം, ടാക്സി സംവിധാനങ്ങൾക്ക് പുറമെ, മറ്റു സേവനങ്ങൾകൂടി ഉൾപ്പെടുന്നതോടെ ഭാവിയിൽ യാത്രക്ക് ഏറ്റവും വലിയ കൂട്ടായി സില മാറുമെന്നും അദ്ദേഹം വിശദീകരിച്ചു.
ലുസൈൽ ബസ് സ്റ്റേഷൻ ഉദ്ഘാടനം ഉടൻ
ദോഹ: ലോകകപ്പ് വേളയിൽ അൽ ബെയ്ത്-ലുസൈൽ സ്റ്റേഡിയങ്ങൾക്കിടയിൽ യാത്രക്കാരുടെ പ്രധാന കേന്ദ്രമായി മാറുന്ന ലൂസൈൽ ബസ് സ്റ്റേഷൻ ഉദ്ഘാടനം ഉടനെന്ന് ഗതാഗത മന്ത്രി ജാസിം സൈഫ് അഹമ്മദ് അൽ സുലൈതി. മേഖലയിലെയും ലോകത്തെയും ഏറ്റവും മനോഹരമായ ബസ് സ്റ്റേഷനുകളിൽ ഒന്നാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും അത്യാധുനിക സൗകര്യങ്ങളോടെയാണ് ലോകകപ്പ് കാലത്ത് കാണികളുടെ യാത്രയിൽ പ്രധാന ഹബായി മാറുന്ന ലുസൈൽ സ്റ്റേഷൻ തയാറാകുന്നത്. ഗതാഗത മേഖല ഉൾപ്പെടെ എല്ലാ വിഭാഗങ്ങളും ലോകകപ്പിനെ വരവേൽക്കാൻ സജ്ജമായതായും അദ്ദേഹം വ്യക്തമാക്കി.
പൊതുഗതാഗത സംവിധാനങ്ങളിൽ നടപ്പാക്കിയ നല്ല പദ്ധതികൾ ലോകകപ്പാനന്തരവും തുടരുമെന്നും, ഖത്തർ 2030 ദേശീയ വിഷന്‍റെ ഭാഗമായി നിലനിർത്തുമെന്നും പറഞ്ഞു. പൊതുഗതാഗത മേഖലയുടെ 25 ശതമാനവും പരിസ്ഥിതി സൗഹൃദമാക്കി മാറ്റുന്നതിൽ വിജയിച്ചു കഴിഞ്ഞു. 2030ഓടെ പൊതുഗതാഗതവും സ്കൂൾ വാഹന ഗതാഗതവും പൂർണമായും പരിസ്ഥിതി സൗഹൃദമായി മാറും -മന്ത്രി പറഞ്ഞു. ലോകകപ്പ് ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയത്തിൽനിന്ന് അരികിലായാണ് ബസ് സ്റ്റേഷൻ നിർമാണം പൂർത്തിയാവുന്നത്. മണിക്കൂറിൽ 40 ബസുകൾക്ക് ഓപറേഷൻ നടത്താൻ കഴിയും. ഇതിനു പുറമെ, ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനും സജ്ജീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.