ദോഹ: സാമൂഹിക ഉത്തരവാദിത്ത പ്രവർത്തനങ്ങളുടെ ഭാഗമായി ഖത്തർ ചാരിറ്റിക്ക് 1.25 ലക്ഷം ഖത്തർ റിയാൽ അഥവാ 31 ലക്ഷത്തിലധികം രൂപ സംഭാവന നൽകി ലുലു ഹൈപ്പർമാർക്കറ്റ്. ഖത്തർ ചാരിറ്റിയുടെ ‘ചാരിറ്റി പാർട്ണർ’ പ്രോഗ്രാമുമായി സഹകരിച്ച് റമദാൻ മാസത്തിൽ ലുലു ഹൈപ്പർമാർക്കറ്റ് സംഘടിപ്പിച്ച വാർഷിക 'ഷോപ്പ് ആൻഡ് ഡൊണേറ്റ്' (Shop & Donate) കാമ്പയിനിലൂടെ സമാഹരിച്ച തുകയാണ് കൈമാറിയത്.
ഡി റിങ് റോഡിലെ ലുലു റീജനൽ ഓഫിസിൽ നടന്ന ചടങ്ങിൽ, ലുലു ഹൈപ്പർമാർക്കറ്റ് ഖത്തർ റീജനൽ ഡയറക്ടർ പി.എം. ഷാനവാസ്, ഖത്തർ ചാരിറ്റി ഡോണർ റിലേഷൻസ് ഡെപ്യൂട്ടി ഡയറക്ടർ ആമിർ മുഹമ്മദ് അൽ ബസിരിക്ക് ചെക്ക് കൈമാറി.
സാമൂഹിക നന്മക്കും ക്ഷേമത്തിനുമായി ലുലു ഹൈപ്പർമാർക്കറ്റ് നൽകുന്ന തുടർച്ചയായ പിന്തുണയെ ആമിർ മുഹമ്മദ് അൽ ബസിരി പ്രശംസിച്ചു. ലോകമെമ്പാടുമുള്ള ഖത്തർ ചാരിറ്റിയുടെ പ്രവർത്തനങ്ങളെ സഹായിക്കുന്നതിൽ ഇത്തരം പങ്കാളിത്തങ്ങൾ വലിയ പ്രചോദനമാണെന്നും, മറ്റ് സ്വകാര്യ സ്ഥാപനങ്ങൾ ഇത്തരത്തിൽ മുന്നോട്ടുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഖത്തർ ചാരിറ്റിയുടെ കാമ്പയിനും മറ്റ് പദ്ധതികൾക്കും ലുലു ഹൈപ്പർമാർക്കറ്റ് സ്ഥിരമായി പിന്തുണ നൽകുന്നുണ്ട്. സമൂഹ സേവനവും മാനുഷിക പ്രവർത്തനങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഇത്തരം ശ്രമങ്ങൾ വലിയ പ്രാധാന്യം നിർവഹിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഖത്തർ ചാരിറ്റി പ്രവർത്തനങ്ങളിൽ ഭാഗമാകുന്നതിന് ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉപഭോക്താക്കൾക്ക് അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ലുലു റീജനൽ ഡയറക്ടർ പി.എം. ഷാനവാസ് പറഞ്ഞു. ഖത്തർ ചാരിറ്റിയുമായുള്ള സഹകരണം തുടരുമെന്നും അദ്ദേഹം വിശദീകരിച്ചു.
കഴിഞ്ഞ എട്ട് വർഷമായി ലുലു ഹൈപ്പർമാർക്കറ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഖത്തർ ചാരിറ്റിയുമായി പരസ്പരം കൈകോർത്ത് പ്രവർത്തിക്കുന്നുണ്ട്. ചെക്ക് ഔട്ട് കൗണ്ടറുകൾ വഴി ഉപഭോക്താക്കൾക്ക് സംഭാവന നൽകാനുള്ള അവസരം ഒരുക്കിയും, ‘ഖൈർ കാർഡ്’ പ്രമോഷൻ, ‘ഷോപ്പ് ആൻഡ് ഡൊണേറ്റ്’ കാമ്പയിൻ തുടങ്ങിയ വിവിധങ്ങളായ പ്രവർത്തനങ്ങൾ ഖത്തറിലൂടനീളമുള്ള ലുലു സ്റ്റോറുകളിൽ ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.