ദോഹയിൽ നടന്ന റെഡ്ബുൾ ഫൈവ്സ് വേൾഡിൽ ചാമ്പ്യന്മാരായ ബ്രസീൽ ടീമിനൊപ്പം നെയ്മർ
ദോഹ: ലോകഫുട്ബാളിൽ നിലവിലെ സൂപ്പർതാരങ്ങളിൽ ഒരാളായ ബ്രസീലിന്റെ നെയ്മർ തിരഞ്ഞെടുത്ത ടീമിൽ അംഗമാവുക, ഒപ്പം കളിക്കാനൊരു അവസരം പിറക്കുക, ഒടുവിൽ നെയ്മറിന്റെ ആശംസകൾ ഏറ്റുവാങ്ങി എന്നും ഓർക്കാനൊരു ഫോട്ടോയും സ്വന്തമാക്കുക. ലോകത്തെ ഏതൊരു ഫുട്ബാൾ പ്രേമിയുടെയും സ്വപ്നമാണ് ഈ മുഹൂർത്തങ്ങൾ. സ്വപ്നത്തിൽപോലും വിദൂരമായൊരു നിമിഷം സാക്ഷാത്കരിക്കപ്പെട്ടതിന്റെ അവിശ്വസനീയതയിലാണ് ദോഹയിലെ ഒരു മലയാളി പയ്യൻ. കണ്ണൂർ മാട്ടൂലിൽ ഇശാൽ ഹൗസിൽ മുഹമ്മദ് റാഫിയുടെയും ഷരീഫയുടെയും മകനായ ഷഹസാദാണ് ഖത്തർ വേദിയായ റെഡ്ബുൾ നെയ്മർ ജൂനിയർ ഫൈവ്സ് വേൾഡ് ചാമ്പ്യൻഷിപ്പിൽ ഭാഗമായത്.
കുവൈത്തിൽ പഠിച്ചുവളർന്ന ഷഹസാദ് ഫ്രീസ്റ്റൈൽ ഫുട്ബാളിലാണ് മിടുക്കു തെളിയിച്ചത്. കളിക്കളത്തിൽ മിടുക്ക് തെളിയിക്കാൻ അവസരം ലഭിച്ചില്ലെങ്കിലും, പന്തിൽ ബൂട്ട് തൊടുമ്പോൾ ഷഹസാദ് ഒറ്റക്കൊരു മായാജാലക്കാരനായി മാറും.
ബൂട്ടും ഹെഡും ചുമലും ഉൾപ്പെടെ ശരീരംകൊണ്ട് പന്തിനെ മെരുക്കിയെടുക്കും. ഇങ്ങനെ പ്രതിഭതെളിയിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്ന വിഡിയോകളിൽനിന്നാണ് കണ്ണൂരുകാരൻ ഷഹ്സാദ് ബ്രസീലിന്റെ സൂപ്പർതാരമായ നെയ്മറിലെത്തുന്നത്. പത്താം ക്ലാസുവരെ കുവൈത്തിൽ പഠിച്ച ശേഷം, നാട്ടിലെത്തി കണ്ണൂർ പഴയങ്ങാടി വാദിഹുദയിൽ പ്ലസ് ടു വിദ്യാർഥിയാണ് ഷഹ്സാദ്. പഠനത്തിനും കൂട്ടുകാർക്കൊപ്പമുള്ള കളിക്കുമിടയിൽ ഒഴിവുവേളകളിലെ ഫ്രീസ്റ്റൈൽ അഭ്യാസമാണ് ഇപ്പോൾ നെയ്മറിന്റെ ടീമിനൊപ്പമെത്താൻ സഹായകമായതെന്ന് ഷഹ്സാദ് പറയുന്നു.
ലോകത്തെ ഫ്രീസ്റ്റൈൽ പ്രതിഭകളിൽനിന്ന് നെയ്മർ തിരഞ്ഞെടുത്ത ഗ്ലോബൽ ടീമിന്റെ ഏഴു പേരിൽ ഒരാളായിരുന്നു ഷഹസാദും. ഇവർക്കു പുറമെ, വിവിധ രാജ്യങ്ങളിൽനിന്നായി പുരുഷ-വനിതകളിലായി 57 ടീമുകളാണ് മത്സരിച്ചത്. ഓരോ മത്സരവും 10 മിനിറ്റ് വീതം. നോർവേ, ഇറ്റലി, ബെൽജിയം, നൈജീരിയ, ബ്രസീൽ ടീമുകൾക്കൊപ്പമായിരുന്നു ഷഹസാദ് ഇടം പിടിച്ച ഗ്ലോബൽ ടീം മത്സരിച്ചത്. എന്നാൽ, പ്രഫഷനൽ താരങ്ങളുമായിറങ്ങിയ മറ്റു ടീമുകൾക്കു മുന്നിൽ ഫ്രീസ്റ്റൈൽ ഫുട്ബാളിസ്റ്റുകൾക്ക് പിടിച്ചുനിൽക്കാനായില്ല. ഗ്രൂപ് റൗണ്ടിൽതന്നെ പുറത്തായി.
ടൂർണമെന്റിലെ വിജയികളായ ബ്രസീൽ ടീമിനെതിരായിരുന്നു നെയ്മർ ആൻഡ് ഫ്രൻഡ്സ് ടീം അവസാനം പ്രദർശന മത്സരത്തിനിറങ്ങിയത്. നെയ്മറിനെതിരെ കളത്തിലിറങ്ങാനായില്ലെങ്കിലും അദ്ദേഹത്തിനൊപ്പം മണിക്കൂറുകൾ ചെലവഴിക്കാനും അടുത്തിടപഴകാനും ചിത്രം പകർത്താനും കഴിഞ്ഞതിന്റെ ത്രില്ലിലാണ് ഷഹസാദ്.
ഫ്രീസ്റ്റൈലിൽനിന്ന് നെയ്മറിനരികിലേക്ക്
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലായിരുന്നു ദോഹയിൽ നെയ്മർ ജൂനിയർ ഫൈവ്സ് അരങ്ങേറിയത്. ബ്രസീലിലും മറ്റുമായി നടക്കുന്ന റെഡ്ബുൾ ടൂർണമെന്റിൽ ഭാഗമാവുന്നതിനായി 2020ലും ശ്രമിച്ചിരുന്നതായി ഷഹസാദ് പറയുന്നു. സംഘാടകർ നിർദേശിക്കുന്നതിന് അനുസരിച്ച് ഇൻസ്റ്റയിൽ ഫ്രീസ്റ്റൈൽ വിഡിയോ അപ്ലോഡ് ചെയ്ത് ടാഗ്ചെയ്ത്കൊണ്ടാണ് സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കുന്നത്. നെയ്മറുടെ സംഘം നടത്തുന്ന പരിശോധനയിലാണ് ഇവരിൽനിന്നും ഗ്ലോബൽ ടീമിനെ തിരഞ്ഞെടുക്കുന്നത്. രണ്ടുവർഷം മുമ്പ് നടത്തിയ ശ്രമം പരാജയപ്പെട്ടെങ്കിലും ഇക്കുറി വിജയിച്ചപ്പോൾ ഷഹസാദിനും സ്വപ്നസാക്ഷാത്കാരമായി. ടൂർണമെന്റിന്റെ ഭാഗമായ ഏക മലയാളിയും ഷഹസാദാണ്.
സംഘാടകരുടെ ക്ഷണപ്രകാരം ഈ മാസം 21ന് ദോഹയിലെത്തിയ 17കാരൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ സഹതാരങ്ങൾക്കൊപ്പം ചേർന്ന് കാര്യമായ തയാറെടുപ്പൊന്നുമില്ലാതെയാണ് കളത്തിലിറങ്ങിയത്. ഖത്തർ ഫൗണ്ടേഷൻ ആസ്ഥാനത്തായിരുന്നു മത്സരം. ടൂർണമെന്റിനൊടുവിൽ കളത്തിലിറങ്ങിയ നെയ്മർ തന്റെ സ്കില്ലുകൾ പ്രകടിപ്പിച്ചും കളിക്കാർക്ക് ആശംസകൾ നേർന്നും ഫോട്ടോക്ക് പോസ്ചെയ്തുമാണ് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.