ദോഹ: ഖത്തറിലെ പ്രമുഖ മൾട്ടി-സ്പെഷ്യാലിറ്റി മെഡിക്കൽ സെന്ററായ റിയാദ മെഡിക്കൽ സെന്ററിന് വീണ്ടും അന്താരാഷ്ട്ര ആരോഗ്യപരിപാലന രംഗത്തെ ഏറ്റവും ഉയർന്ന നിലവാര സൂചികകളിലൊന്നായ ജോയന്റ് കമ്മീഷൻ ഇന്റർനാഷണൽ (ജെ.സി.ഐ) അംഗീകാരം നേടി. രോഗികളുടെ സുരക്ഷ, മികച്ച ചികിത്സാ സേവനങ്ങൾ, ഗുണനിലവാരമുള്ള ആരോഗ്യപരിപാലനം എന്നിവ ഉറപ്പാക്കുന്നതിലുള്ള റിയാദ മെഡിക്കൽ സെന്ററിന്റെ തുടർച്ചയായ പ്രതിബദ്ധതയുടെ അംഗീകാരമാണ് ഈ നേട്ടം.
രോഗി പരിചരണം, സുരക്ഷ, നേതൃത്വവും ഭരണ സംവിധാനങ്ങളും, മെഡിക്കൽ റെക്കോർഡ് സൂക്ഷിക്കൽ തുടങ്ങി വിവിധ മേഖലകളിലെ പ്രവർത്തനങ്ങളാണ് ജെ.സി.ഐ വിദഗ്ധസംഘം വിലയിരുത്തിയത്. 2023 മേയ് 25-ന് ആദ്യമായി ജെ.സി.ഐ അംഗീകാരം നേടിയ റിയാദ മെഡിക്കൽ സെന്റർ, തുടർന്നുള്ള കാലയളവിലും അന്താരാഷ്ട്ര നിലവാരങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് സേവനം തുടരുകയായിരുന്നു. അതിന്റെ തുടർച്ചയായാണ് ഇപ്പോൾ വീണ്ടും അംഗീകാരം ലഭിച്ചത്.
ഞങ്ങളുടെ മുഴുവൻ ടീമിന്റെയും ആത്മാർത്ഥമായ പരിശ്രമത്തിന്റെയും പ്രതിബദ്ധതയുടെയും ഫലമാണ് ഈ അംഗീകാരമെന്ന് റിയാദ ഹെൽത്ത്കെയർ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ ജംഷീർ ഹംസ പറഞ്ഞു. മികച്ച ആരോഗ്യ സേവനങ്ങൾ തുടർന്നും നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രോഗി സുരക്ഷയ്ക്കും ക്ലിനിക്കൽ മികവിനും ഞങ്ങൾ നൽകുന്ന പ്രാധാന്യത്തിന്റെ തെളിവാണ് ഈ അംഗീകാരം. അന്താരാഷ്ട്ര നിലവാരങ്ങൾ പാലിച്ചുകൊണ്ട് മികച്ച ആരോഗ്യ സേവനങ്ങൾ നൽകാനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഇതിലൂടെ വീണ്ടും ഉറപ്പാക്കുന്നുവെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അബ്ദുൽ കലാം പറഞ്ഞു. ദോഹയിലെ സി-റിങ് റോഡിൽ പ്രവർത്തിക്കുന്ന റിയാദ മെഡിക്കൽ സെന്റർ 18ലധികം സ്പെഷ്യാലിറ്റികളും 30ലധികം വിദഗ്ധ ഡോക്ടർമാരും ഉൾക്കൊള്ളുന്ന ജെ.സി.ഐ അംഗീകൃത ആരോഗ്യ സ്ഥാപനമാണ്. റേഡിയോളജി, ലബോറട്ടറി, ഫാർമസി, ഒപ്റ്റിക്കൽ, ഫിസിയോതെറാപ്പി ഉൾപ്പെടെ സമഗ്രവും ഗുണമേന്മയുള്ളതുമായ ആരോഗ്യ സേവനങ്ങളാണ് സ്ഥാപനം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.