ദോഹ: ബലിപെരുന്നാളിലേക്ക് ദിവസങ്ങൾ ബാക്കിനിൽക്കെ 14 രാജ്യങ്ങളിലേക്കുള്ള അദാഹി കാമ്പയിന് തുടക്കംകുറിച്ച് ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി. ‘ബലിയറുക്കൽ അനുഗ്രഹമാണ്’ എന്ന പേരിൽ നടക്കുന്ന കാമ്പയിനിൽ ഖത്തർ, ജോർഡൻ, സിറിയ, ഫലസ്തീൻ, യമൻ, മൗറിത്താനിയ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, ജിബൂട്ടി, നൈജർ, ഛാഡ്, താൻസനിയ, സോമാലിയ ഉൾപ്പെടെ 14 രാജ്യങ്ങൾ ഗുണഭോക്താക്കളാകും.
ബലിപെരുന്നാളിനോടനുബന്ധിച്ച് വിശ്വാസി സമൂഹം അനുഷ്ഠിക്കുന്ന പ്രധാന കർമമായ ഉദുഹിയ വിഹിതം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ അർഹരായ ജനങ്ങളിലെത്തിക്കുകയാണ് ഖത്തർ റെഡ്ക്രസന്റിന്റെ അദാഹി കാമ്പയിൻ വഴി ലക്ഷ്യമിടുന്നത്.
ഖത്തറിലെ പൊതുസമൂഹത്തിൽനിന്ന് സ്വീകരിക്കുന്ന തുക വഴി, ബലിയറുത്ത് സാമ്പത്തിക പിന്നാക്കാവസ്ഥയുള്ള രാജ്യങ്ങളിലെ ജനങ്ങളിലെത്തിക്കും. 2017 മുതൽ എല്ലാ വർഷങ്ങളിലുമായി നടക്കുന്ന അദാഹിയിലൂടെ ലക്ഷങ്ങളാണ് ഗുണഭോക്താക്കളാകുന്നത്. കഴിഞ്ഞ വർഷം 2.71 ലക്ഷം പേരിലേക്കാണ് പദ്ധതി വഴി എത്തിച്ചതെന്ന് റെഡ്ക്രസന്റ് സൊസൈറ്റി സെക്രട്ടറി ജനറൽ ഫൈസൽ മുഹമ്മദ് അൽ ഇമാദി പറഞ്ഞു. ആഭ്യന്തര സംഘർഷങ്ങൾ, യുദ്ധം, പ്രകൃതി ദുരന്തങ്ങൾ, ദാരിദ്ര്യം ഉൾപ്പെടെ പ്രതിസന്ധികളിൽ വലയുന്നവരിലേക്കാണ് സഹായമെത്തുന്നത്.
സംഭാവന ചെയ്യാൻ സന്നദ്ധരായവരെയും അർഹരായ വിഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന കണ്ണിയായാണ് ഖത്തർ റെഡ്ക്രസന്റ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ബലിപെരുന്നാളിന്റെ നാലു ദിനങ്ങളിലായി ഉദുഹിയ നടത്താനും മാംസങ്ങൾ സുരക്ഷിതമായി വിതരണം ചെയ്യാനുമായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.