നോമ്പിനെ കുറിച്ച് എഴുതാനിരിക്കുമ്പോൾ, ഓർമകളിലേക്ക് നിലമ്പൂരിലെ പോത്തുകല്ലിലെയും ലണ്ടനിലെയും ആഫ്രിക്കയിലെ അംഗോളയിലെയും ഖത്തറിലെയുമായി ഓർമകൾ നിരനിരയായെത്തും. പോത്തുകല്ലിലെ, അയൽവാസികൾ സ്നേഹത്തിൽ പൊതിഞ്ഞ് എത്തിക്കുന്ന രുചിയേറിയ പത്തിരിയും തേങ്ങ അരച്ച കോഴിക്കറിയും തരിക്കഞ്ഞിയുമെല്ലാമായിരുന്നു ആദ്യകാലത്തെ നോമ്പ് ഓർമകളിൽ നിറമുള്ളത്.
അയൽവാസികൾ ഏറെ സ്നേഹത്തോടെ നൽകുന്ന ഈ വിശേഷ വിഭവങ്ങളിലൂടെയായിരുന്നു കുഞ്ഞുനാളിൽ പലപ്പോഴും റമദാൻ മാസമെത്തിയത് അറിഞ്ഞിരുന്നത്.
പിന്നെ, നോമ്പുമാസം മുഴുവൻ ദിവസവും വൈകീട്ട് അതിനായി കാത്തിരിക്കും. പതിവുതെറ്റാതെ, അയൽവീടുകളിൽനിന്നും സ്നേഹത്തിൽ പൊതിഞ്ഞ വിഭവങ്ങൾ ഞങ്ങളെ തേടിയെത്തിക്കൊണ്ടിരുന്നു.
സ്കൂളും കോളജും കഴിഞ്ഞ് 2010ൽ ലണ്ടനിൽ തുടർപഠനത്തിനും തൊഴിലിനുമായി താമസിച്ചപ്പോൾ ഞങ്ങളുടെ നോമ്പിന്റെ ശൈലി മാറി. സുഹൃത്തുക്കളെല്ലാം നോമ്പുകാരാവുമ്പോൾ ഞാനും ഭാര്യയും അവർക്കൊപ്പം നോമ്പുനോൽക്കും. ഒന്നിച്ച് വിഭവങ്ങൾ തയാറാക്കിയും നോമ്പുതുറന്നുമെല്ലാം റമദാൻ അനുഭവിച്ചറിഞ്ഞ കാലമായിരുന്നു അത്. ലണ്ടൻ വിട്ട്, ആഫ്രിക്കയിലേക്ക് തൊഴിൽ തേടിയെത്തിയപ്പോൾ അവിടെയുമുണ്ടായിരുന്നു നോമ്പനുഭവങ്ങൾ.
ഏറെ വൈവിധ്യമുള്ള സംസ്കാരക്കാർക്കൊപ്പം നോമ്പ് കൂടുതൽ ഓർമകളുടെ കാലമായി മാറി. ഭാഷയും ഭക്ഷണ രീതികളുമെല്ലാം ഏറെ വ്യത്യസ്തരായ സഹപ്രവർത്തകരുമൊത്ത് അംഗോളയിലെ ഓഫിസിൽ നോമ്പിന്റെ വേറിട്ട രീതികളും അനുഭവിച്ചു. അവർ ഏറെ പ്രിയത്തോടെ വിരുന്നുകളിൽ വിളിമ്പുന്ന ഗിനിക്കാരുടെ ചെ ബൂ ജാൻ എന്ന വിശേഷപ്പെട്ട വിഭവം പോത്തുകല്ലിലെ വീട്ടിലേക്ക് അയൽവാസികളെത്തിക്കുന്ന പത്തിരിയുടെയും കറിയുടെയുമെല്ലാം സ്നേഹം തന്നെയായിരുന്നു പൊതിഞ്ഞുനൽകിയത്.
അരിയും പച്ചക്കറിയും മാംസവുമെല്ലാം ഒരുമിച്ചുചേർത്ത് പാചകം ചെയ്യുന്ന ചെ ബു ജാനായിരുന്നു ആഫ്രിക്കക്കാരുടെ നോമ്പുതുറ വിഭവങ്ങളിലെ പ്രധാനി.
നോമ്പുതുറക്കുള്ള പ്രത്യേക സൂപ്പും ഇന്ത്യൻ സമൂസയുമെല്ലാം നിറംമങ്ങാതെ ഇന്നും ഓർമയിലുണ്ട്. ഗിനിയയിലെ സുഹൃത്തായ ബോബോ ഡിയാളോ നോമ്പിനും പെരുന്നാളിനുമെല്ലാം മുടങ്ങാതെ അയക്കുന്ന ആശംസാ സന്ദേശം അവർ നൽകുന്ന കരുതലിന്റെയും സ്നേഹത്തിന്റെയും വലുപ്പമാണ്.
2018ലായിരുന്നു ഖത്തറിലെ പ്രവാസത്തിന്റെ തുടക്കം. ഈ മണ്ണിലേക്ക് വന്നിറങ്ങിയതും നോമ്പുകാലത്തായിരുന്നു. ആദ്യദിനം തന്നെയെത്തിയത് നാനാജാതി ആളുകളുടെ സാന്നിധ്യംകൊണ്ട് സമൃദ്ധമായ ഒരു സമൂഹനോമ്പുതുറയിലേക്ക്. അതുവരെ കണ്ടും അനുഭവിച്ചുമറിഞ്ഞതിനേക്കാൾ ഉൾക്കാഴ്ചയോടെ നോമ്പിനെ അറിഞ്ഞു. പിന്നീടുള്ള മൂന്നുവർഷവും സുഹൃത്തുക്കൾക്കൊപ്പം നോമ്പു നോറ്റും ഇഫ്താറുകളിൽ പങ്കാളിയായും സമൂഹതുറകളിൽ സജീവമായുമെല്ലാം നോമ്പ് നൽകുന്ന അതിരുകളില്ലാത്ത സ്നേഹവും സഹനവും അനുഭവിച്ചറിഞ്ഞു.
അന്നപാനീയങ്ങൾ ഉപേക്ഷിച്ച് പ്രഭാതം മുതൽ സായാഹ്നം വരെ നീണ്ടുനിൽക്കുന്ന വ്രതത്തിൽ സുഹൃത്തുക്കൾക്കൊപ്പം പങ്കാളിയായി, വൈകുന്നേരം അവർക്കൊപ്പം നോമ്പ് തുറക്കുമ്പോൾ ലഭിക്കുന്ന ആത്മസംതൃപ്തി വാക്കുകൾക്കതീതമായി കഴിഞ്ഞ മൂന്നുവർഷങ്ങളിലും അനുഭവിച്ചറിയുന്നു.
അർധരാത്രിയിൽ സുഹൂർ വിരുന്നുകൾ ഖത്തറിൽനിന്നും ലഭിച്ച പുതിയൊരു അനുഭവമായിരുന്നു. അകലെ നിന്നു കാണുന്നതിനേക്കാൾ ഏറെ വിശേഷപ്പെട്ടതാണ് അനുഭവിച്ചറിയുന്ന നോമ്പെന്ന് മനസ്സിലാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.