ദോഹ: കേരളത്തിലേക്ക് തിരിച്ചെത്തുന്ന പ്രവാസികൾ തങ്ങളുടെ ക്വാറൈൻറൻ ചെലവ് സ്വയം വഹിക്കണമെന്ന കേരളസർക്കാറിൻെറ നിലപാടിൽ പ്രതിഷേധം. ഇത് അംഗീകരിക്കാനാവില്ലെന്ന് കൾച്ചറൽ ഫോറം സംസ്ഥാന കമ്മിറ്റി പറഞ്ഞു. ജോലി നഷ്ടപ്പെട്ടും രോഗത്തിന് അടിപ്പെട്ട് വിദഗ്ധ ചികിത്സ തേടിയും നിവൃത്തിയില്ലാതെയാണ് ഭൂരിഭാഗം പ്രവാസികളും നാടണയുന്നത്.പ്രവാസികളെ സ്വീകരിക്കാൻ സന്നദ്ധരാണെന്ന് വലിയ പ്രഖ്യാപനങ്ങൾ നടത്തിയിരുന്ന മുഖ്യമന്ത്രിയും സർക്കാരും ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നിലപാട് തികഞ്ഞ നീതി നിഷേധമാണ്. കേരളവികസനത്തിലും പ്രളയമടക്കം മുഴുവൻ പ്രതിസന്ധികളിലും കേരളത്തെ താങ്ങി നിർത്തിയപ്രവാസികളുടെ പങ്ക് വിസ്മരിച്ച് മുന്നോട്ട് പോവുന്നത് ഭൂഷണമല്ല.ഖത്തറിൽ ഓൺ അറൈവൽ, വിസിറ്റ് വിസകളിൽ വന്ന് കോവിഡ് മൂലം കുടുങ്ങി പോവുകയും ദൈനം ദിന ചെലവുകളും റൂം വാടകയും പോലും കൊടുക്കാൻ കഴിയാത്ത നിരവധി പേരുണ്ട്. സന്നദ്ധ സംഘടനകളും മറ്റും നൽകുന്ന ഭക്ഷണ കിറ്റുകളും മറ്റു സഹായങ്ങളും കൊണ്ടാണ് പലരും കഴിയുന്നത്. നാടണയാനുള്ള ടിക്കറ്റ് പോലും വ്യക്തികളും സംഘടനകളും സ്ഥപനങ്ങളുമാണ് പലർക്കും നൽകുന്നത്.
ഇങ്ങിനെ മടങ്ങി വരുന്നവരെ ക്വാറൻറീന്‍ ചെയ്യാനുള്ള ഉത്തരവാദിത്വത്തിൽ നിന്ന് കേരള സർക്കാർ ഒഴിവാകുന്നത് തെളിയിക്കുന്നത് പൗരന്മാരോടുള്ള പ്രാഥമിക ബാധ്യത നിർവഹിക്കാൻ ആവില്ലെന്ന പ്രഖ്യാപനത്തിന് തുല്യമാണ്.സർക്കാറിന് സൗകര്യം ഒരുക്കാൻ സാധ്യമല്ലെങ്കിൽ വിവിധ രാഷ് ട്രീയ സാമൂഹിക സാംസ്കാരിക സംഘടനകളുടെ സഹകരണത്തോടെ കൂട്ടായ മാർഗ്ഗങ്ങൾ ആരായുക, ക്വാറൻറീന്‍ കേന്ദ്രങ്ങൾ പ്രാദേശികമായി സംവിധാനിക്കുക തുടങ്ങിയ മാർഗ്ഗങ്ങളും സർക്കാരിന് ആരായാം. ഇതിനൊന്നും ശ്രമിക്കാതെ ചെലവ് സ്വയം വഹിക്കണമെന്ന് പ്രസ്താവിച്ച് ബാധ്യതകളിൽനിന്ന് ഒഴിയാനുള്ള നീക്കത്തിനെതിരെ പ്രവാസ ലോകത്ത് പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്നും സംസ്ഥാന കമ്മിറ്റി അറിയിച്ചു. ദോഹ: കേരള സർക്കാറിൻെറ നിലപാടിൽ ഇൻകാസ് ഖത്തറും പ്രതിഷേധിച്ചു. രണ്ടുലക്ഷം പ്രവാസികളെ ക്വറൻറീൻ ചെയ്യാൻ കേരളം സുസജ്ജമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ അവർ വന്നുതുടങ്ങിയപ്പോൾ നിലപാട് മാറ്റുകയാണ്.
ഇത് തികച്ചും അപലപനീയമാണെന്ന് ഇൻകാസ് ഖത്തർ പ്രസിഡൻറ് സമീർ ഏറാമല പറഞ്ഞു. കൂടുതൽ ഫ്ലൈറ്റുകൾ കേന്ദ്രം അനുവദിച്ചിട്ടും കേരളം ലാൻഡിങ് അനുമതി നൽകാത്തതാണ് കാരണം എന്ന പരാതി നിലനിൽക്കുമ്പോഴാണ് ഇരുട്ടടി പോലെ വീണ്ടും പിണറായി സർക്കാരിൻെറ പ്രവാസികളോടുള്ള അവഗണന. നാട്ടിലുള്ള പൗരന്മാർക്ക് കൊടുക്കുന്ന എല്ലാ ആനുകൂല്യങ്ങളും സൗകര്യങ്ങളും പ്രവാസികൾക്കും കൂടി അവകാശപ്പെട്ടതാണ്. അത് കൊണ്ട് തന്നെ ഈ തീരുമാനം ഉടൻ പിൻവലിക്കണം. ഇൻകാസ് അടക്കമുള്ള പ്രവാസി സംഘടനകൾ ആവശ്യപ്പെട്ട ചാർട്ടേഡ് ഫ്ലൈറ്റുകൾ കേരളത്തിൻെറ അനുമതിക്കായി കാത്തു നിൽക്കുകയാണ്. ഇതോടൊപ്പം കൂടുതൽ ഫ്ലൈറ്റുകൾക്ക് വേണ്ടി കേന്ദ്ര സർക്കാറിൽ സമ്മർദ്ദം ചെലുത്തേണ്ട സമയത്ത് പ്രവാസികളെ വഞ്ചിക്കുന്ന ഇത്തരം സമീപനങ്ങളുമായി മുന്നോട്ട് പോകുന്നത് പിണറായി സർക്കാറിൻെറ ഇരട്ടത്താപ്പ് വെളിവാക്കുന്നതാണെന്നും സംഘടന ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.