സമാധാന കരാറിൽ ഒപ്പുവെച്ചശേഷം ചാഡ് വിദേശകാര്യമന്ത്രി മുഹമ്മദ് സൈൻ ഷരീഫിനെ ഹസ്തദാനം ചെയ്യുന്ന ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദു റഹ്മാൻ ആൽഥാനി
ദോഹ: മധ്യാഫ്രിക്കൻ രാജ്യമായ ചാഡിലെ രക്തച്ചൊരിച്ചിലിന് സമാധാന ചർച്ചകളിലൂടെ ശാശ്വത പരിഹാരമൊരുക്കി ഖത്തർ. ദോഹയിൽ തിങ്കളാഴ്ച രാവിലെ നടന്ന കരാർ ഒപ്പുവെക്കൽ ചടങ്ങ് മാസങ്ങളോളം ഖത്തർ നടത്തിയ പരിശ്രമങ്ങൾക്കുള്ള വിജയകരമായ പര്യവസാനം കൂടിയാണ്. ആഗസ്റ്റ് 20ന് ചാഡ് തലസ്ഥാനമായ ജാമിനയിൽ ആരംഭിക്കുന്ന ദേശീയ അനുരഞ്ജന ചർച്ചകൾക്കുള്ള അടിത്തറയായി, 42ഓളം വിമത ഗ്രൂപ്പുകളും സൈനിക ഭരണകൂടവും പങ്കാളിയായ സമാധാന കരാർ.
കഴിഞ്ഞ മാർച്ച് മുതൽ ഖത്തർ നടത്തിയ അനുരഞ്ജന ചർച്ചകൾക്കും ഇടപെടലുകൾക്കുമൊടുവിലാണ് ഇരു വിഭാഗങ്ങളെയും ഒരേ വേദിയിൽ ഒന്നിപ്പിക്കാനായത്. രാജ്യത്ത് സുഗമമായ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നത് സംബന്ധിച്ച ചർച്ചകൾ ആഗസ്റ്റ് 20ഓടെ ചാഡ് തലസ്ഥാന നഗരിയിൽ ആരംഭിക്കും.
47 വിമത ഗ്രൂപ്പുകളിൽ 42 സംഘങ്ങളും ദോഹയിൽ നടന്ന സമാധാന ചർച്ചയിൽ പങ്കെടുത്തതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. മധ്യസ്ഥരായ ഖത്തർ നേതൃത്വം അവസാന നിമിഷം വരെ ശ്രമിച്ചിട്ടും പ്രബലരായ വിമതസംഘം കരാറിൽ ഒപ്പുവെക്കാൻ തയാറായില്ല. സൈനിക ഭരണകൂടവുമായി തിങ്കളാഴ്ച ഒപ്പുവെച്ച കരാർ നിരസിക്കുന്നതായി വിമത വിഭാഗം പ്രസ്താവനയിൽ വ്യക്തമാക്കി. ഇതിനുപുറമെ, അനുരഞ്ജന ചർച്ചകൾക്കുള്ള പുതിയ കമ്മിറ്റി രൂപവത്കരിക്കണമെന്നും ജയിലുകളിലുള്ള വിമത തടവുകാരെ മോചിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
അതേസമയം, രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിന് സൈനിക ഭരണകൂടവുമായി കരാറിൽ ഒപ്പുവെക്കാനായ നീക്കത്തെ മറ്റു വിമത ഗ്രൂപ്പുകൾ സ്വാഗതം ചെയ്തു. ചാഡ് ജനങ്ങൾക്ക് സന്തോഷം നൽകുന്നതാണ് ഈ ശ്രമമെന്നും അന്താരാഷ്ട്ര നിരീക്ഷകരുടെ മേൽനോട്ടമുണ്ടാവുമെന്നും വിമത വിഭാഗത്തെ പ്രതിനിധാനംചെയ്ത ഫദുൽ ഹിസൻ പറഞ്ഞു. ഇപ്പോൾ ബഹിഷ്കരിച്ച വിഭാഗങ്ങൾക്ക് ഏത് സമയവും ഉടമ്പടിയുടെ ഭാഗമാകാമെന്നും ഏവരെയും സ്വാഗതം ചെയ്യുന്നതായും വ്യക്തമാക്കി.
ദോഹ കരാർ പ്രകാരം വരാനിരിക്കുന്ന തലസ്ഥാനമായ ജാമിനയിൽ നടക്കുന്ന ചർച്ചയിൽ വെടിനിർത്തലിൽ ഒപ്പുവെക്കും. ചർച്ചയിൽ പങ്കെടുക്കുന്ന വിമതനേതാക്കളുടെ സുരക്ഷയും സൈനിക സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്.
ദോഹയിലെത്തിയ ചാഡ് പ്രസിഡന്റ് ലഫ്. ജനറൽ
മുഹമ്മദ് ഇദ്രിസ് ഡെബി, വിമത നേതാക്കൾ എന്നിവരുമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അമീരി ദിവാനിൽ കൂടിക്കാഴ്ച നടത്തുന്നു
ദോഹയിലെത്തിയ ചാഡ് പ്രസിഡന്റ് ലഫ്. ജനറൽ മുഹമ്മദ് ഇദ്രിസ് ഡെബി, വിമത നേതാക്കൾ എന്നിവരുമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അമീരി ദിവാനിൽ കൂടിക്കാഴ്ച നടത്തുന്നു
ലിബിയൻ മരുഭൂമി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന 'ഫാക്ട്'നേതാവ് മഹ്ദി അലിയോട് ചർച്ചയിൽ പങ്കാളിയാവണമെന്ന് ഖത്തർ നിർദേശിച്ചുവെങ്കിലും തങ്ങളുടെ സുരക്ഷ സംബന്ധിച്ച് സൈനിക സർക്കാറിൽനിന്ന് വ്യക്തമായ ഉറപ്പ് ലഭിച്ചില്ലെന്ന് അവർ വ്യക്തമാക്കി.
രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള ജനങ്ങളുടെ ആഗ്രഹത്തിനൊപ്പം മറ്റു വിമത ഗ്രൂപ്പുകളും ഉടൻ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകിയ ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി പറഞ്ഞു.
ചാഡിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ഖത്തറിന്റെ ശ്രമം യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുെട്ടറസ്, ആഫ്രിക്കൻ യൂനിയൻ കമീഷൻ ചെയർപേഴ്സൻ മൗസ ഫാകി എന്നിവർ അഭിനന്ദിച്ചു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ഇടപെടലിന് ഇരുവരും നന്ദി അറിയിച്ചു. അഫ്ഗാനിലും സുഡാനിലും ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സമാധാന ദൗത്യത്തിൽ ഖത്തർ വഹിക്കുന്ന പങ്കിനെ പ്രകീർത്തിച്ച മൗസ ഫാകി, ദോഹയെ സമാധാന നഗരമെന്നും വിശേഷിപ്പിച്ചു.
30 വർഷം രാഷ്ട്രത്തലവനായിരുന്ന ഇദ്രിസ് ഡെബിയെ 2021 ഏപ്രിലിൽ വിമതർ കൊലപ്പെടുത്തിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. തുടർന്ന് സൈനിക ഇടപെടലിലൂടെ അധികാരം പിടിച്ച മകൻ ലഫ്. ജനറൽ മുഹമ്മദ് ഇദ്രിസ് ഡെബി പ്രസിഡന്റായി സ്ഥാനമേറ്റു. 18 മാസത്തിനുള്ളിൽ രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തുമെന്നായിരുന്നു വാഗ്ദാനം. ഒക്ടോബറിന് മുമ്പായി തെരഞ്ഞെടുപ്പ് പൂർത്തിയാക്കണമെന്ന് ഡെബിക്ക് മുമ്പാകെ ഫ്രാൻസ്, യൂറോപ്യൻ യൂനിയൻ, ആഫ്രിക്കൻ യൂനിയൻ എന്നിവരുടെ സമ്മർദവുമുണ്ട്. ദോഹയിൽ നടന്ന ചർച്ചയിൽ യൂറോപ്യൻ യൂനിയൻ, ആഫ്രിക്കൻ യൂനിയൻ, വിവിധ ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവരുടെ പ്രതിനിധികളും പങ്കാളികളായി.\
ദോഹ: ചാഡ് സമാധാന ഉടമ്പടിയിൽ ഒപ്പുവെക്കുന്നതിനായി ദോഹയിലെത്തിയ രാഷ്ട്രനേതാക്കളുമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കൂടിക്കാഴ്ച നടത്തി. ചാഡ് പ്രസിഡന്റ് ലഫ്. ജനറൽ മുഹമ്മദ് ഇദ്രിസ് ഡെബി, സർക്കാർ പ്രതിനിധികൾ, വിമതവിഭാഗം നേതാക്കൾ, വിവിധ രാഷ്ട്ര പ്രതിനിധികൾ എന്നിവരുമായി അമീരി ദിവാനിലായിരുന്നു അമീറിന്റെ കൂടിക്കാഴ്ച. ചാഡിന്റെ ചരിത്രത്തിലെ ഏറ്റവും സുപ്രധാന ചുവടുവെപ്പാണ് സമാധാന കരാർ എന്ന് അമീർ വിശേഷിപ്പിച്ചു.
ചാഡിൽ അനുരഞ്ജന സംഭാഷണത്തിന് വഴിയൊരുക്കുന്ന ആദ്യപടിയാണ് സമാധാനക്കരാറെന്ന് വ്യക്തമാക്കിയ അമീർ, ദേശീയ താൽപര്യവും സമാധാനവും പരിഗണിച്ച് ചർച്ചയുമായി സഹകരിക്കുന്ന ഭരണകൂടത്തിനും വിമത നേതാക്കൾക്കും നന്ദി അറിയിച്ചു.
ചർച്ചയിൽ പങ്കെടുത്ത വിവിധ രാജ്യങ്ങളിൽനിന്നുള്ള മന്ത്രിമാർ, അന്താരാഷ്ട്ര സംഘടന പ്രതിനിധികൾ, സൗഹൃദ രാഷ്ട്ര പ്രതിനിധികൾ എന്നിവരും അമീരി ദീവാനിൽ നടന്ന കൂടിക്കാഴ്ചയിൽ പങ്കുചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.