ദോഹ: ആറാമത് ഖത്തർ എയർവേയ്സ്–എഫ് സി ബയേൺ മ്യൂണിക്–അഡിഡാസ് യൂത്ത് കപ്പ് നവംബർ അവസാനം മുതൽ ഫെബ്രുവരി മൂന്ന് വരെയായി ഇന്ത്യയിൽ നടക്കുമെന്ന് ഖത്തർ എയർവേയ്സ് അറിയിച്ചു. ന്യൂ ഡൽഹി, മുംബൈ, ബംഗളൂരു, കൊൽക്കത്ത, ശ്രീനഗർ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അണ്ടർ–16 സ്കൂൾ ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ ഏറ്റുമുട്ടുക. മുന്നിലെത്തുന്ന ടീമിന് 2019 മെയ് മാസത്തിൽ എഫ് സി ബയേൺ യൂത്ത് വേൾഡ് ഫൈനൽസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ടീം ഇന്ത്യ എന്ന പേരിൽ പങ്കെടുക്കാനുള്ള സുവർണാവസരമാണ് കൈവന്നിരിക്കുന്നത്. വൈവിധ്യമാർന്ന സംസ്കാരങ്ങളിൽ നിന്നും ദേശങ്ങളിൽ നിന്നുമുള്ളവരെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് ഫുട്ബോളെന്ന ആഗോള കായികമേഖലയുടെ സന്ദേശം പ്രചരിപ്പിക്കുകയാണ് സംഘാടകരുടെ ലക്ഷ്യം.
തെരഞ്ഞെടുക്കപ്പെടുന്ന താരങ്ങൾക്ക് മ്യൂണിച്ചിലെ അലയൻസ് അറീനയിൽ നടക്കുന്ന ബുണ്ടസ് ലീഗ മാച്ചും കാണാനുള്ള അവസരമുണ്ടാകും.
ഇന്ത്യയിൽ എഫ് സി ബയേൺ മ്യൂണിക്കിെൻറ യൂത്ത് കപ്പ് 2018–2019ന് പിന്തുണ നൽകാൻ സാധിക്കുന്നതിൽ വളരെ സന്തോഷമുണ്ടെന്നും ഇന്ത്യയിൽ വളരെ വേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്ന കായിക ഇനമാണ് കാൽപന്തു കളിയെന്നും ഖത്തർ എയർവേയ്സ് മാർക്കറ്റിംഗ് ആൻഡ് കോർപറേറ്റ് കമ്മ്യൂണിക്കേഷൻസ് വൈസ് പ്രസിഡൻറ് സലാം അൽ ഷവാ പറഞ്ഞു. ഇന്ത്യ ആതിഥ്യം വഹിച്ച 2017ലെ ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് വിജയകരമായത് ഇതോടൊപ്പം ചേർക്കണമെന്നും സലാം അൽ ഷവ കൂട്ടിച്ചേർത്തു. അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന യൂത്ത് കപ്പിെൻറ കലാശപ്പോരാട്ടങ്ങൾക്ക് മുന്നോടിയായി മുൻ ഫുട്ബോൾ താരവും ബയേൺ താരവുമായിരുന്ന ബിക്സെെൻറ ലീസാറസു ഇന്ത്യയിലെത്തുകയും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് ആവശ്യമായ പരിശീലനം നൽകുകയും ചെയ്യും. കാൽപന്തുകളിയിൽ മികച്ച പ്രതിഭകളാണ് ഇന്ത്യയിലുള്ളതെന്ന് അദ്ദേഹം പ്രതികരിച്ചു.
ഫുട്ബോളിെൻറ വളർച്ചക്ക് പ്രതികൂലമായി പല ഘടകങ്ങളുണ്ടെങ്കിലും അവയെല്ലാം ഇന്ത്യയിലെ വളർന്നുവ രുന്ന പ്രതിഭകൾ തരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.