ഖത്തർ ടോയ് ഫെസ്റ്റിവലിന്റെ ഉദ്ഘാടന പരിപാടിയിൽനിന്ന്
ദോഹ: കുട്ടികളെയും മുതിര്‍ന്നവരെയും കളിപ്പാട്ടങ്ങളുടെയും കുട്ടിക്കളിയുടെയും മാന്ത്രിക ലോകത്തേക്ക് കൊണ്ടുപോകുമെന്ന വാഗ്ദാനവുമായി വിസിറ്റ് ഖത്തർ ടോയ് ഫെസ്റ്റിവലിന് തുടക്കം. ലോകത്തിലെ വമ്പൻ കളിപ്പാട്ട നിർമാതാക്കളായ കമ്പനികളെയെല്ലാം ഒരു കുടക്കീഴിൽ ഒരുമിപ്പിച്ച് വിസിറ്റ് ഖത്തർ സംഘടിപ്പിക്കുന്ന മൂന്നാമത് ടോയ് ഫെസ്റ്റിവൽ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ തുടക്കംകുറിച്ചു. ക്യൂട്ടിപൈ ലാൻഡിൽ ക്യു ക്രൂ നയിച്ച ഫ്ലാഷ് മോബോടെ ആരംഭിച്ച ചടങ്ങിൽ വിനോദ പരിപാടികൾ, കാർട്ടൂൺ കഥാപാത്രങ്ങളുടെ അവതരണം, ബലൂൺ സമ്മാനങ്ങൾ, ഷോസ്റ്റോപ്പിങ് ബലൂൺ ഡ്രോപ് എന്നീ പരിപാടികളും അരങ്ങേറി.
ഖത്തർ ടോയ് ഫെസ്റ്റിവലിന്റെ ഉദ്ഘാടന പരിപാടിയുടെ സദസ്സിൽ നിന്ന്
ആഗസ്റ്റ് നാലു വരെ, 17,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലുള്ള ഫെസ്റ്റിവൽ വേദിയിൽ അഞ്ച് സോണുകളിലായി വിവിധ പരിപാടികൾ നടക്കും. പെൺകുട്ടികൾക്ക് ഫാൻസി ഐലൻഡ്, ആൺകുട്ടികൾക്കും കൗമാരക്കാർക്കും ചാമ്പ്യൻസ് ലാൻഡ്, പ്രീ സ്കൂൾ കുട്ടികൾക്ക് ക്യുട്ടിപൈ ലാൻഡ്, ഇൻഫ്ലറ്റബ്ൾ ഗെയിമുകൾക്കായി ഹൈപ്പർ ലാൻഡ്, ഷോകൾക്കായ് പ്രാധാന വേദി എന്നിങ്ങനെയാണ് വേദി ഒരുക്കിയത്.
കളിപ്പാട്ടങ്ങളുടെയും വിനോദങ്ങളുടെയും പുതിയ ലോകമാകും ടോയ് ഫെസ്റ്റിവൽ ഖത്തറിന് സമ്മാനിക്കുക. ടോയ് ഫെസ്റ്റിവർ സമ്മർ ക്യാമ്പ്, ‘ബാക്ക് ടു സ്കൂൾ’ പരിപാടികളിലൂടെ കുട്ടികൾക്ക് കളിക്കാനും പഠനത്തിനും അവസരമൊരുക്കുന്ന പരിപാടികളും ഈ വർഷം ആരംഭിച്ചിട്ടുണ്ട്.കുടുംബത്തോടൊപ്പം എത്തുന്നവർക്കായി ദിവസേന 10ലധികം സ്റ്റേജ് ഷോകൾ സംഘടിപ്പിക്കും. സംഗീത പരിപാടികൾ, ശാസ്ത്ര പ്രദർശനങ്ങൾ, നൃത്ത പരിപാടികൾ, വിവിധ മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. ഫെസ്റ്റിവലിന്റെ ഭാഗമായി ഔട്ട്ലെറ്റുകളും ഫുഡ് കോർട്ടും ഒരുക്കിയിട്ടുണ്ട്. ക്യു-ടിക്കറ്റുകൾ, വിർജിൻ മെഗാസ്റ്റോർ, പ്ലാറ്റിനം ലിസ്റ്റ് എന്നിവയിൽ ഓൺലൈനായി ടിക്കറ്റുകൾ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.