പ്രൗഡിയോടെ കായിക ദിനാഘോഷം

ദോഹ: ഖത്തര്‍ ആറാമത് കായിക ദിനം  പ്രൗഡിയോടെ കൊണ്ടാടി. വിവിധ മന്ത്രാലയങ്ങളും വിദ്യാലയങ്ങളും പൊതു-സ്വകാര്യ സ്ഥാപനങ്ങളും വിവിധ സംഘടനകളും പ്രവാസി സംഘടനകളും സ്വദേശികളും വിദേശികളും പരിപാടികളില്‍ സജീവമായ പങ്കാളിത്തം നിര്‍വഹിച്ചു. ആരോഗ്യകരമായ ജീവിത ശൈലി രൂപപ്പെടുത്തിയെടുക്കാന്‍ ജനതയെ ബോധവല്‍ക്കരിക്കാനും അതിനൊപ്പം കായിക രംഗങ്ങളിലെ പുതു പ്രതിഭകളെ വാര്‍ത്തെടുക്കുകയും ലക്ഷ്യമാക്കിയാണ് കായികദിനം രാജ്യം സമുചിതമായി ആഘോഷിക്കുന്നത്. 

അല്‍ ശഖബില്‍ നടന്ന കായിക ദിനാഘോഷം കാണാന്‍ പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി എത്തുന്നു
 


ഒരു ദിനം കായിക ദിനമായി ആഘോഷിക്കുന്ന ലോകത്തിലെ അപൂര്‍വ്വ രാജ്യങ്ങളിലൊന്നാണ് ഖത്തര്‍ എന്നതും ഈ ആഘോഷത്തിനെ വേറിട്ടതാക്കി. ഭരണാധികാരികളും പ്രമുഖരും വിവിധ കായികദിനാഘോഷത്തില്‍ പങ്കുചേര്‍ന്നതും ആഘോഷത്തിന്‍െറ തനിമ വര്‍ധിപ്പിച്ചു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഇന്നലെ രാവിലെ നടന്ന കായിക ദിനാഘോഷത്തിന്‍െറ ഭാഗമായുള്ള  ഭിന്നശേഷിയുള്ള കുട്ടികളുടെ വിവിധ കായിക പരിപാടികള്‍  നടന്ന സ്ഥലം സന്ദര്‍ശിച്ചതും  പുതുമയുളള കാഴ്ചയായി. ലൂസയില്‍ ഷൂട്ടിംങ് കോപ്ളക്സിലെ നോമാസ് സെന്‍ററില്‍ നടന്ന ഭിന്നശേഷിയുള്ള കുരുന്നുകള്‍ക്കായുള്ള വിവിധ കായിക പരിപാടികള്‍ വീക്ഷിച്ച അദ്ദേഹം കുട്ടികളോട് കുശലം ചോദിക്കുകയും അവരുടെ സന്തോഷത്തില്‍ ഒപ്പം ചേരുകയും ചെയ്തു. ആസ്പയര്‍ സോണ്‍, കത്താറ എന്നിവിടങ്ങളിലും ഉജ്ജ്വലമായി ആഘോഷ പരിപാടികള്‍ നടന്നു. ഇവിടെ ആയിരക്കണക്കിന് ആളുകളാണ് വിവിധ കായിക പരിപാടികളില്‍ പങ്കാളിയായത്.
പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് കായിക പരിപാടികള്‍ പലയിടത്തും ക്ളബുകളിലേക്കും ഹാളുകളിലേക്കും  മാറ്റിയിരുന്നതിനാല്‍ അത്തരം ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും കഴിഞ്ഞു. ആഘോഷത്തിന്‍െറ ഭാഗമായി ഇന്നലെ പൊതു അവധി പ്രഖ്യാപിച്ചിരുന്നു.  ഖത്തര്‍ സൈനികരുടെ കായികദിനാഘോഷം അഹ്മ്മദ് ബിന്‍ മുഹമ്മദ് കോളേജില്‍ നടന്നു. ഖത്തര്‍ പെട്രോളിയം   കായിക വിനോദങ്ങള്‍ ദുക്കാനിലെ ജിനാല്‍ ക്ളബില്‍ വെച്ചായിരുന്നു നടത്തിയത്.
 

മഴയില്‍ ചോരാത്ത ആവേശവുമായി ആയിരങ്ങള്‍
ദോഹ: രാവിലെ മുതല്‍ മഴ പെയ്തിട്ടും കായിക ദിനത്തിന്‍െറ ആഘോഷത്തിന് ഒട്ടും മങ്ങലേറ്റില്ല. കുട്ടികളും സ്ത്രീകളും അടക്കമുള്ളവര്‍ ധാരാളം ആവേശത്തോടെ കായിക ദിന ആഘോഷ വേദികളിലേക്ക് വന്നുകൊണ്ടിരുന്നു. 
മഴക്കോട്ടുകളും കുടകളുമായി നടന്നും ഓടിയും നിരവധിപേര്‍ പരിപാടികളില്‍ പങ്കെടുത്തു. ദേശീയ കായിക ദിനത്തില്‍ ഗവണ്‍മെന്‍റ് നോണ്‍ ഗവണ്‍മെന്‍റ് സ്ഥാപനങ്ങളും സംഘടനകളും സംഘടിപ്പിച്ച ഒട്ടനവധി കായിക ഇനങ്ങള്‍ക്കാണ് ഖത്തര്‍ വേദിയായത്. അതേസമയം രാജ്യത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പോലും മത്സരങ്ങളില്‍ പങ്കെടുത്ത് അവരുടെ കായികക്ഷമത തെളിയിച്ചു. ഖത്തര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ ക്യുഎഫിന്‍െറ ചെയര്‍പേഴ്സണ്‍ ശൈഖ മോസ ബിന്‍ത് നാസര്‍ പങ്കെടുത്തു. 


അല്‍ഷഖാബില്‍ നടന്ന ‘വാല്‍ക്കത്തോണ്‍’ മത്സരാര്‍ത്ഥികള്‍ക്ക് നേതൃത്വം നല്‍കിയത് ക്യുഎഫിന്‍്റെ വൈസ് ചെയര്‍പേഴ്സണും സിഇഒയുമായ ശൈഖ ഹിന്ദ് ബിന്‍ത് ഹമദ് ആണ്. 
ഇവിടെ സ്ഥാപിച്ച ഊര്‍ജം നിര്‍മ്മിക്കുന്ന സൈക്കിള്‍ സന്ദര്‍ശകരുടെ ശ്രദ്ധയാകര്‍ഷിച്ചു. ആരോഗ്യകരമായ ഭക്ഷണരീതിയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനായി നിരവധി ആരോഗ്യ ഭക്ഷ്യ സ്റ്റാളുകളും ഇവിടെ നിര്‍മ്മിച്ചിരുന്നു. 
 പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ലാഹ് ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനി തന്‍െറ സ്റ്റാഫ് അംഗങ്ങളോടും വികലാംഗരോടുമൊപ്പം കായിക ദിന പരിപാടികളില്‍ പങ്കെടുക്കുന്നതിന്‍െറ ഫോട്ടോ അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ആസ്പയര്‍ സോണില്‍ നടന്ന പരിപാടികളിലാണ് സാംസ്കാരിക കായിക വകുപ്പ് മന്ത്രി സലാഹ് ബിന്‍ ഗനിം അല്‍ അലി പങ്കെടുത്തത്. പേള്‍ ഖത്തറിലെ കായിക ദിന പരിപാടികളില്‍ ഗതാഗത വാര്‍ത്താനിവിമയ വകുപ്പ് മന്ത്രി ജാസിം സെയ്ഫ് അഹ്മദ് അല്‍ സുലൈത്തി സന്നിഹിതനായിരുന്നു. ഊര്‍ജ വ്യാവസായിക വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് ബിന്‍ സലാഹ് അല്‍ സാദ കത്താറയില്‍ സംഘടിപ്പിച്ച പരിപാടികളിലും പങ്കടെുത്തു.  മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് പാര്‍ക്കില്‍ നടന്ന കായിക മത്സരങ്ങളില്‍ ഉരീദുവിന്‍െറ ചെയര്‍മാന്‍ ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ സൗദ് ആല്‍ഥാനി പങ്കെടുത്തു. 
നിരവധി ഗ്രൂപ്പ് മത്സരങ്ങളും വാള്‍പ്പയറ്റുമെല്ലാം ഇവിടെ അരങ്ങേറി.
 

Tags:    
News Summary - qatar sports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.