ദോഹ: ഖത്തര്‍ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് 12 വന്‍ സാംസ്കാരിക-സംഗീത-കായിക പരിപാടികള്‍ ഡിസംബർ 18ന് നടക്കും. ഏഷ്യന്‍ സമൂഹങ്ങളുമായും കമ്പനികളുമായും ഖത്തറിലെ ഏഷ്യന്‍ സ്കൂളുകളുമായും ചേര്‍ന്നാണ് 10 കേന്ദ്രങ്ങളില്‍ ദേശീയ ദിനാഘോഷ പരിപാടികള്‍ നടത്തുന്നതെന്ന് അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.വക്റ സ്പോര്‍ട്സ് ക്ലബ്, ബര്‍വ അല്‍ ബറാഹ, ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഏഷ്യന്‍ അക്കമഡേഷന്‍ സിറ്റി, ഏഷ്യന്‍ ടൗണ്‍, ദോഹ സ്റ്റേഡിയം, ദോഹയിലെ ശ്രീലങ്കന്‍ സ്കൂള്‍, മുകൈനിസിലെ ബര്‍വ വില്ലേജ്, ഷഹാനിയ ഇന്‍ഡസ്ട്രിയല്‍ ഏരിയ, ലുസൈല്‍ സ്പോര്‍ട്സ് കോംപ്ലക്സ്, അല്‍ഖോര്‍ ബര്‍വ റിക്രിയേഷന്‍ ക്ലബ് എന്നിവിടങ്ങളിലാണ് വിവിധ രാജ്യക്കാരായ പ്രവാസികള്‍ പങ്കെടുക്കുന്ന നൃത്ത സംഗീത പരിപാടികള്‍ അരങ്ങേറുക.
ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഏഷ്യന്‍ ടൗണില്‍ ഉച്ചക്ക് രണ്ടു മുതല്‍ രാത്രി ഒമ്പത് വരെയാണ് ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍ പ്രവാസികള്‍ പങ്കടുക്കുന്ന പ്രധാന പരിപാടികള്‍ നടക്കുക. ഗാനമേള, ഹാസമേള, ഖവാലി തുടങ്ങിയ പരിപാടികളുണ്ടാകും. ഏഷ്യന്‍ ടൗണിലും ഏഷ്യന്‍ അക്കമഡേഷന്‍ സിറ്റിയിലും നടക്കുന്ന പരിപാടികളില്‍ സാബ്രി ബ്രദേഴ്സ്, ദീപക് മഹാന് തുടങ്ങിയവര്‍ പങ്കെടുക്കും.വക്റ സ്പോര്‍ട്സ് ക്ലബില്‍ കെ.എം.സി.സിയുടെ നേൃത്വത്തില്‍ ഒപ്പന, ദഫ്മുട്ട്, കോല്‍ക്കളി, കളരി തുടങ്ങിയ കലാരൂപങ്ങള്‍ അരങ്ങേറും. വൈകീട്ട് മൂന്നു മുതല്‍ ഒമ്പതു വരെ ഇന്‍ഡോര്‍ ഫുട്ബാള്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഗാനമേളയില്‍ പ്രമുഖ ഗായകരായ വൈഷ്ണവ് ഗിരീഷ്, യുംന ഒജിന്‍ തുടങ്ങിയവര്‍ പാടും.
ബര്‍വ അല്‍ ബറാഹയില്‍ വൈകീട്ട് മൂന്നു മുതല്‍ ഒമ്പതു വരെ കള്‍ചറല്‍ ഫോറം സംഘടിപ്പിക്കുന്ന അറബിക് ഡാന്‍സ്, കള്‍ചറല്‍ ഫ്യൂഷന്‍, ചെണ്ടമേളം, ഗാനമേള തുടങ്ങിയ പരിപാടികളുണ്ടാകും. ശ്രീലങ്ക, ഇന്തോനേഷ്യ, പാകിസ്താന് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ പരിപാടികളും വിവിധ വേദികളിലായി നടക്കും.ദേശീയദിന അനുബന്ധ പരിപാടികളുടെ ഭാഗമായി ഏഷ്യന്‍ ടൗണില്‍ നടക്കുന്ന ട്വൻറി20 ക്രിക്കറ്റ് മത്സരത്തില്‍ ഖത്തറുമായി ഇൻറര്‍നാഷനല്‍ ടീം മാറ്റുരക്കും. ഖത്തര്‍ ക്രിക്കറ്റ് അസോസിയേഷനുമായി സഹകരിച്ചാണ് മത്സരം. പ്രമുഖ പാകിസ്താന്, ശ്രീലങ്കന്‍ താരങ്ങള്‍ ഇൻറര്‍നാഷനല്‍ ടീമിനു വേണ്ടി കളിക്കും. വിവിധ ഇന്ത്യന്‍ സ്കൂളുകളില്‍ നിന്നുള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന പരേഡ്, തീമാറ്റിക് ഷോ, തീമാറ്റിക് സോങ്, പ്രസംഗം തുടങ്ങിയ പരിപാടികള്‍ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് നാലര വരെയാണ് അരങ്ങേറുക. വിവിധ കമ്പനികളില്‍നിന്നുള്ള തൊഴിലാളികള്‍ ഉള്‍പ്പെടെ ഒന്നര ലക്ഷത്തോളം പേര് പരിപാടികളില്‍ പങ്കാളികളാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. തൊഴിലാളികള്‍ക്ക് വേദികളിലെത്താന്‍ ആവശ്യമായ വാഹന സൗകര്യം കമ്പനികള്‍ ഒരുക്കും. സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ് ഓഫിസേഴ്സ് ക്ലബില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ കേണല്‍ മഖ്ബൂത്ത് അല്‍ മര്‍റി, ലഫ്റ്റനൻറ് ഹമദ് അലി അല്‍ ജഹ്വീല് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.