ദോഹ: കത്താറയിലെ കടല്‍ത്തീരത്ത് ആറംഗ മലയാളികളുടെ സംഘം പട്ടംപറത്തല്‍ അവതരണം നടത്തുന്നു. വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മുതല്‍ ആറ് വരെയാണ് പട്ടംപറത്തല്‍ അവതരണം സംഘടിപ്പിക്കുന്നത്. യു.എ.ഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ദുബായില്‍ അടുത്തിടെ പരിപാടി അവതരിപ്പിച്ചിരുന്നുവെന്ന് സംഘത്തിന്‍െറ നേതാവും പട്ടം പറത്തുന്നതില്‍ വിദഗ്ധനുമായ അബ്ദുല്ല മാളിയേക്കല്‍ പറഞ്ഞു. ഈ സംഘം ഇതിനകം നിരവധി സ്ഥലങ്ങളില്‍ പട്ടം പറത്തല്‍ അവതരണം നടത്തിയിട്ടുണ്ട്.
ക്വാലാലംപൂരിനടുത്തുള്ള പാസിര്‍ ഗുഡാന്‍, വെയ്ഫാങ്, വുഹാന്‍, ബെയ്ജിങ് ഉള്‍പ്പെടെ ചൈനയിലെ പത്ത് സംസ്ഥാനങ്ങള്‍, ഇന്ത്യയിലെ ഡല്‍ഹി, ചണ്ഡിഗഡ്, അഹ്മദാബാദ്, രാജസ്ഥാനിലെ ജയ്പൂര്‍, ഉദയ്പൂര്‍ എന്നിവിടങ്ങളിലെല്ലാം ഇവര്‍ പട്ടം പറത്തല്‍ അവതരണം സംഘടിപ്പിച്ചു. ന്യൂസിലന്‍ഡിലുള്ള പ്രൊഫഷണല്‍ പട്ടം നിര്‍മ്മാതാവായ പീറ്റര്‍ ലിനന്‍ ആണ് ഇവര്‍ക്കുവേണ്ടി പട്ടങ്ങള്‍ നിര്‍മ്മിച്ചുനല്‍കുന്നത്.
ഓരോ പട്ടവും 4,000 ഡോളറോളം വിലയുള്ളതാണെന്ന് അബ്ദുല്ല മാളിയേക്കല്‍ പറഞ്ഞു. പട്ടം പറത്തല്‍ അവതരണത്തിന് കാണികളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതെങ്കില്‍ ഏപ്രിലില്‍ ദോഹയില്‍ കൈറ്റ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കാനാണ് സംഘം ഉദ്ദേശിക്കുന്നത്.
ചൈനയിലെ ഇന്‍റര്‍നാഷണല്‍ കൈറ്റ് ഫെഡറേഷനില്‍ അഫിലിയേറ്റ് ചെയ്ത ഈ സംഘം, ഏഷ്യന്‍ കൈറ്റ് ഫെഡറേഷന്‍െറയും യുഎസ്എയിലെ വണ്‍ വേള്‍ഡ് വണ്‍സ്കൈയുടെയും പ്രൊഫഷണല്‍ പങ്കാളിത്തത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ ആളുകള്‍ക്ക് പട്ടം പറത്തലിലുള്ള താല്‍പര്യം പരിഗണിച്ച് സൗജന്യമായാണ് കത്താറ ഈ സൗകര്യം ഏര്‍പ്പെടുത്തിത്തന്നതെന്ന് അദ്ദേഹം പറഞ്ഞു. കാലാവസ്ഥ അനുകൂലമാണെങ്കില്‍ മികച്ച അവതരണം കാഴ്ചവെക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റിയാസ് നിഷാദ്, ബില്‍ഫിന്‍ റോസ് ബേബി, രതീഷ് ഹാഷിം, സാജിദ് തോപ്പില്‍, ശുമൈസ് ശംസീര്‍ എന്നിവരാണ് സംഘത്തിലെ മറ്റു അംഗങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.