ദോഹ: ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയും ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി ഡോ. ബദർ അബ്ദുലത്തിയും കൂടിക്കാഴ്ച നടത്തി. അധിനിവേശ ജറുസലേമിൽ ഇസ്രായേൽ തുടരുന്ന നയങ്ങൾക്കും നടപടികൾക്കുമെതിരെ ജോർഡാൻ തലസ്ഥാനമായ അമ്മാനിൽ ചേർന്ന അറബ് മന്ത്രിതല സമിതി യോഗത്തിനിടെയാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. അധിനിവേശ ജറുസലേമിനെ ലക്ഷ്യമിട്ടുള്ള ഇസ്രായേൽ അക്രമങ്ങളെ നേരിടുന്നതിനെക്കുറിച്ചും മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുമുള്ള നയതന്ത്ര ശ്രമങ്ങളെക്കുറിച്ചും നേതാക്കൾ സംസാരിച്ചു. ഹുർമുസ് കടലിടുക്കിലെ സഞ്ചാര സ്വാതന്ത്ര്യം, പ്രാദേശിക സുരക്ഷ ഉറപ്പാക്കൽ തുടങ്ങി മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിർത്തുന്നതിനായി അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണാപത്രത്തിന്റെ വ്യവസ്ഥകൾ നടപ്പാക്കേണ്ടതിന്റെ ആവശ്യകത ഖത്തർ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
മേഖലയിലെ സംഘർഷങ്ങൾ പരിഹരിക്കുന്നതിനും സമാധാനം കൈവരിക്കുന്നതിനുമായി സമ്പൂർണ്ണ കരാറിലെത്താൻ ലക്ഷ്യമിട്ടുള്ള എല്ലാ നയതന്ത്ര ശ്രമങ്ങൾക്കും ഖത്തറിന്റെ പൂർണ്ണ പിന്തുണ അദ്ദേഹം ആവർത്തിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കുന്നതിനുള്ള വഴികളും ചർച്ചയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.