ദോഹ: വിനോദസഞ്ചാര മേഖല ആകർഷകമാക്കുന്നതിനായി ടൂറിസം-ഹോസ്പിറ്റാലിറ്റി ലൈസൻസിങ് നടപടികൾ കൂടുതൽ ലളിതമാക്കി വാണിജ്യ-വ്യവസായ മന്ത്രാലയവും ഖത്തർ ടൂറിസവും. ഹോട്ടൽ, ഹോസ്പിറ്റാലിറ്റി മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് വ്യാപാരം മെച്ചപ്പെടുത്താനും, സന്ദർശകരെ ആകർഷിക്കുന്നതിനുമുള്ള വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട ലൈസൻസിങ് നടപടികൾ വേഗത്തിലാക്കുന്നതിന് മന്ത്രാലയവും ഖത്തർ ടൂറിസവും സംയുക്ത സംരംഭത്തിന് തുടക്കം കുറിച്ചു.
സീസണൽ ഡിസ്കൗണ്ടുകൾ, ഫെസ്റ്റിവൽ ഓഫറുകൾ, ലോയൽറ്റി കസ്റ്റമർ ഡിസ്കൗണ്ടുകൾ, പ്രമോഷനൽ ഓഫറുകൾ, പ്രത്യേക ഡീലുകൾ തുടങ്ങിയവയുടെ ലൈൻസിങ് ഉൾപ്പെടുന്നതാണ് പുതിയ സംരംഭം. എല്ലാ നിയമ നടപടികളും പാലിച്ചു തന്നെ, ലൈസൻസിങ് പ്രക്രിയ വേഗത്തിൽ പൂർത്തിയാക്കാൻ ഇതുവഴി സൗകര്യമൊരുക്കുന്നു. പ്രമോഷനൽ പരിപാടികൾ, വിലക്കിഴിവ് ഓഫർ ലൈസൻസുകൾ, മേളകൾ, പ്രദർശന അനുമതി എന്നിവക്കായി അപേക്ഷിക്കുമ്പോൾ സ്ഥാപനങ്ങൾ നേരിടുന്ന ലൈസൻസിങ് നടപടികളിലെ തടസ്സങ്ങൾ നീക്കുകയും അവ അനായാസമാക്കുകയുമാണ് പ്രധാന ലക്ഷ്യം. ഹോട്ടലുകളുടെ എല്ലാ ഓഫറുകൾക്കും ഡിസ്കൗണ്ടുകൾക്കുമായി ഒറ്റത്തവണ വാർഷിക ലൈസൻസ് നൽകാനും ധാരണയായിട്ടുണ്ട്. ഫെസ്റ്റിവലിലും ഇവന്റുകളിലും പങ്കെടുക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമുള്ള സിംഗിൾ ലൈസൻസിനുള്ള അപേക്ഷ ഖത്തർ ടൂറിസത്തിന് കീഴിലുള്ള വിസിറ്റ് ഖത്തർ ആയിരിക്കും പൂർത്തിയാക്കുക. ഈ മേഖലയിലെ വിവിധ സ്ഥാപനങ്ങൾ തമ്മിലുള്ള മെച്ചപ്പെട്ട സഹകരണത്തിന് ഇത് വഴിയൊരുക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. പുതിയ നടപടിക്രമം ബിസിനസുകളെ സംരക്ഷിക്കുകയും വ്യവസായ അവസരങ്ങൾ വിപുലമാക്കുകയും സന്ദർശകർക്ക് കൂടുതൽ അനുയോജ്യവും സുരക്ഷിതവുമായ ടൂറിസം അനുഭവങ്ങൾ നൽകുകയും ചെയ്യും. ഖത്തർ ടൂറിസവുമായി ചേർന്ന് പുതിയ ലൈസൻസിങ് സംരംഭം ആരംഭിക്കുന്നത് ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകൾക്ക് നേട്ടമായി മാറുമെന്ന് മന്ത്രാലയത്തിലെ ഉപഭോക്തൃകാര്യ അസി. അണ്ടർ സെക്രട്ടറി ഹസൻ ബിൻ സുൽത്താൻ അൽ ഗാനിം പറഞ്ഞു. നിബന്ധനകളും വ്യവസ്ഥകളും പാലിക്കുകയാണെങ്കിൽ ഒരു പ്രവൃത്തിദിനത്തിൽ തന്നെ ലൈസൻസ് കരസ്ഥമാക്കാമെന്നും അൽ ഗാനിം വ്യക്തമാക്കി. വിനോദസഞ്ചാര ഓഫറുകൾ കൂടുതൽ വിപുലമാക്കാനും സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്കാവശ്യമായ സുരക്ഷയും സംരക്ഷണവും നൽകാനും ലക്ഷ്യമിടുന്നതാണ് പുതിയ സംരംഭമെന്ന് ഖത്തർ ടൂറിസം വികസന മേഖല ആക്ടിങ് ചീഫ് ഉമർ അൽ ജാബിർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.