ദോഹ: സർക്കാർസേവനങ്ങളെ അതിവേഗം സാങ്കേതികവത്കരിച്ച ഖത്തറിന് രാജ്യാന്തരതലത്തിൽ അംഗീകാരം. ലോകബാങ്ക് പുറത്തുവിട്ട 'ഗവ. ടെക് മച്യൂരിറ്റി ഇൻഡക്സ്' പട്ടികയിൽ രണ്ടു വിഭാഗങ്ങളിൽ ഖത്തർ ഗ്രൂപ് 'എ'യിൽ ഇടംപിടിച്ചു. പൊതുജനസേവനങ്ങളുടെ ഡിജിറ്റലൈസ്, ഗവ. ടെക് എനാബ്ളേഴ്സ് ഇൻഡക്സ് എന്നീ പട്ടികയിലാണ് രാജ്യം അന്തർദേശീയാടിസ്ഥാനത്തിൽ മികവിന് ഉടമകളായത്. ലോകത്തെ 198 രാജ്യങ്ങളുടെ ഡിജിറ്റൽ സേവനങ്ങളുടെ കാര്യക്ഷമതയും ലഭ്യതയും വിലയിരുത്തിയതിെൻറ അടിസ്ഥാനത്തിലാണ് ലോക ബാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്.
നാല് വിഭാഗങ്ങളിലായാണ് സർക്കാർ ടെക് മച്യൂരിറ്റി ലിസ്റ്റ് തയാറാക്കിയത്. വിവിധ മേഖലകളിൽ 48 പ്രധാന പോയൻറുകൾ പരിഗണിക്കപ്പെട്ടു. സേവനങ്ങളും സൗകര്യങ്ങളും സാങ്കേതിക പരിവർത്തനം ചെയ്യാനുള്ള സർക്കാറുകളുടെ താൽപര്യം, ഇ- സർവിസുകൾ, വിവര- സാമ്പത്തിക മാനേജ്മെൻറ് സംവിധാനം തുടങ്ങി നിരവധി ഘടകങ്ങൾ ഇതിെൻറ ഭാഗമാണ്. മികവ് പരിഗണിച്ച് എ, ബി, സി, ഡി എന്നീ നാല് ഗ്രൂപ്പുകളായാണ് രാജ്യങ്ങളെ വേർതിരിച്ചത്. സാങ്കേതിക സംവിധാനങ്ങളിലൂടെ ഏറ്റവും മികച്ച സേവനങ്ങൾ ഉറപ്പാക്കുന്ന രാജ്യങ്ങളാണ് ഗ്രൂപ് 'എ'യിൽ ഇടംപിടിച്ചത്. ഡിജിറ്റൽ പരിവർത്തനം സജീവമാവുകയും ജനങ്ങൾ ആ തരത്തിലേക്ക് ഉപയോഗിക്കുകയും ചെയ്യുന്ന വിഭാഗങ്ങൾ 'ബി'യിൽ ഉൾപ്പെടുന്നു.
പബ്ലിക് സർവിസ് ഡെലിവറി ഇൻഡക്സ് പ്രകാരം, നികുതി റിട്ടേൺ സമർപ്പണം, ഇ–പേമെൻറുകൾ, ഫയൽ ട്രാൻസ്ഫർ തുടങ്ങിയ മേഖലയിലെ സജീവ സാങ്കേതികവത്കരണമാണ് പരിഗണിക്കുന്നത്. കോവിഡ് കാലം എല്ലാ രാജ്യങ്ങൾക്കും സാങ്കേതികവത്കരണ പ്രവർത്തനങ്ങൾക്ക് വേഗം നൽകിയെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. സർക്കാറും പൗരന്മാരും ഏറ്റവും പുതിയ സാങ്കേതിക സംവിധാനങ്ങൾ ഉൾക്കൊള്ളാൻ നിർബന്ധിക്കപ്പെടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.