ദോഹ: പ്രാദേശിക പച്ചക്കറി, കന്നുകാലി ഉൽപാദനത്തിൽ കഴിഞ്ഞ വർഷങ്ങളിൽ വലിയ വർധന രേഖപ്പെടുത്തിയതായും കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ 100 ശതമാനം വർധന നേടാൻ കഴിഞ്ഞതായും മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. 2021ൽ പച്ചക്കറി ഉൽപാദനം 1,02,000 ടണ്ണിലെത്തി. 2017ൽ 55,000 ടൺ ആയിരുന്നു പ്രാദേശിക പച്ചക്കറി ഉൽപാദനം. 2022 ആകുമ്പോൾ സ്വയം പര്യാപ്തത 46 ശതമാനം കൈവരിച്ചതായും 2017ൽ ഇത് 20 ശതമാനമായിരുന്നുവെന്നും കാർഷിക വിഭാഗം മേധാവി യൂസുഫ് അൽ ഖുലൈഫി പറഞ്ഞു.
70 ശതമാനമായിരുന്നു ലക്ഷ്യംവെച്ചിരുന്നതെങ്കിലും 2022ൽ 130 ശതമാനം വർധന കൈവരിക്കാനായെന്നും ഖത്തർ വാർത്ത ഏജൻസിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ അൽ ഖുലൈഫി വ്യക്തമാക്കി.
ഖത്തർ ഫാമുകളെല്ലാം ആധുനിക ഫാമിങ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്. 2406 സാധാരണ ഗ്രീൻ ഹൗസിന് പുറമെ 1712 റഫ്രിജറേറ്റഡ് ഹൗസ്, 100 മോഡേൺ ഹൈഡ്രോപോണിക്സ് ഹൗസ്, ഈത്തപ്പഴങ്ങളുടെ ഗുണമേന്മ വർധിപ്പിക്കുന്നതിന് 100 ഡ്രയിങ് ഡേറ്റ്സ് റൂമുകൾ എന്നിവയും മന്ത്രാലയം കർഷകർക്ക് വിതരണം ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
സർക്കാർ തീരുമാനങ്ങളിലും നയപരിപാടികളിലും കാർഷിക മേഖലയുടെ വികസനത്തിനും വളർച്ചക്കും പ്രത്യേക ശ്രദ്ധയും പ്രാധാന്യവും നൽകിയിട്ടുണ്ട്. ആഗോള ഭക്ഷ്യ സൂചികയിൽ ആഗോള തലത്തിൽ 22ാം റാങ്കിലെത്താൻ ഖത്തറിന് കഴിഞ്ഞിട്ടുണ്ടെന്നും അറബ് ലോകത്ത് തന്നെ സൂചികയിൽ ഉന്നത റാങ്കിലെത്തുന്ന പ്രഥമ രാജ്യമാണ് ഖത്തറെന്നും അദ്ദേഹം വ്യക്തമാക്കി.
പച്ചക്കറി, ഈത്തപ്പഴം, മാംസം, കോഴി, മുട്ട, മത്സ്യം, പാൽ, തീറ്റപ്പുൽ തുടങ്ങിയ ഉൽപന്നങ്ങളുടെ ഉൽപാദന വർധന അടിസ്ഥാനമാക്കിയാണ് ഖത്തറിന്റെ കാർഷിക സ്ട്രാറ്റജിയെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രതിവർഷം കാർഷിക ഉൽപാദനത്തിൽ 400 ശതമാനം വരെ വർധനവുണ്ടായിട്ടുണ്ടെന്നും അൽഖുലൈഫി പറഞ്ഞു.
രാജ്യത്തെ ഫാമുടമകൾക്ക് ആവശ്യമായ സേവനം നൽകുന്നതിനായി ഹസാദ് കമ്പനിയുടെ മഹാസീൽ കമ്പനിയുമായി മന്ത്രാലയം കരാർ ഒപ്പുവെച്ചിട്ടുണ്ട്. സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുക, വിത്തുകൾ, വളങ്ങൾ, കീടനാശിനികൾ തുടങ്ങിയ കാർഷികാവശ്യങ്ങൾ നിറവേറ്റുക എന്നിവ ലക്ഷ്യം വെച്ചാണ് മഹാസീലുമായി കരാർ ഒപ്പുവെച്ചിരിക്കുന്നത്. പ്രായോഗിക പദ്ധതിയിലൂടെയാണ് ഖത്തറിന്റെ ദേശീയ ഭക്ഷ്യ സുരക്ഷ സ്ട്രാറ്റജി നടപ്പാക്കുന്നതെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം ഭക്ഷ്യ സുരക്ഷ വകുപ്പ് മേധാവി മസൂദ് അൽ മർരി ഖത്തർ വാർത്ത ഏജൻസിയോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.