ദോഹ: ഫലസ്തീനിൽ അൽ അഖ്സ മസ്ജിദിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന ഗുരുതരവും ആവർത്തിച്ചുള്ളതുമായ അതിക്രമങ്ങൾ മുഴുവൻ പ്രദേശത്തെയും ബാധിക്കുന്ന അപകടകരമായ സാഹചര്യം സൃഷ്ടിക്കുകയാണെന്ന് പ്രധാനമന്ത്രിയുടെയും വിദേശകാര്യമന്ത്രിയുടെയും ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിലെ ഔദ്യോഗിക വക്താവുമായ ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി.
അൽ അഖ്സ പള്ളി മുസ്ലിംകളുടെ പള്ളിയും പുണ്യസ്ഥലവുമാണെന്നും ഇത് മാറ്റാനുള്ള ശ്രമങ്ങളെ അംഗീകരിക്കാൻ സാധിക്കുകയില്ലെന്നും ഫലസ്തീനുമായി ബന്ധപ്പെട്ട എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും പ്രമേയങ്ങളുടെയും ഗുരുതരമായ ലംഘനമാണിതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ചൂണ്ടിക്കാട്ടി. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കണമെന്നും വാർത്തസമ്മേളനത്തിൽ ഡോ. മാജിദ് അൽ അൻസാരി ആഹ്വാനം ചെയ്തു.
മേഖലയിലെ അതിക്രമങ്ങൾക്കും ഗസ്സയിലെയും തെക്കൻ ലബനാനിലെയും നഗ്നമായ ലംഘനങ്ങൾക്കും ഇസ്രായേൽ മാത്രമാണ് ഉത്തരവാദിയെന്നും അദ്ദേഹം വ്യക്തമാക്കി. വിശുദ്ധ റമദാനിൽ രണ്ട് ബില്യൻ വരുന്ന മുസ്ലിംകളെ പ്രകോപിപ്പിച്ച് ഇസ്രായേൽ തുടരുന്ന ലംഘനങ്ങളെ കടുത്ത ഭാഷയിൽ അപലപിച്ച് ഖത്തർ വിദേശകാര്യമന്ത്രാലയം നേരത്തേ രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.