ഖത്തർ ഫുട്ബോൾ അസോസിയേഷൻ അവാർഡുകൾ പ്രഖ്യാപിച്ചു

ദോഹ: 2016–2017 സീസണിലെ ഖത്തർ ഫുട്ബോൾ അസോസിയേഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. ലഖ്​വിയയുടെ പ്ലേ മേക്കർ ദക്ഷിണ കൊറിയൻ താരം നാം താ ഹീയാണ് മികച്ച താരമായി തെരെഞ്ഞെടുക്കപ്പെട്ടത്. അൽ സദ്ദി​​െൻറ സൂപ്പർ താരം സാവി ഹെർണാണ്ടസിനെയും സദ്ദിൽ നിന്ന് തന്നെയുള്ള ഹസൻ അൽ ഹൈദൂസിനെയും പിന്തള്ളിയാണ് സീസണിലുടനീളം മികച്ച കളി കാഴ്ചവെക്കുകയും ലഖ്വിയയെ കിരീടത്തിലേക്ക് എത്തിക്കുകയും ചെയ്ത നാം താ ഹീ സുവർണ നേട്ടത്തിലെത്തിയത്. സീസണിൽ 14 ഗോൾ നേടിയ 10ാം നമ്പറുകാരൻ താ ഹീ, ഒമ്പത് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. ലീഗിലെ അവസാന മത്സരത്തിൽ 90ാം മിനുട്ടിൽ ഗോൾ നേടി സദ്ദിനെ പിന്തള്ളി ലഖ്​വിയയെ കിരീടനേട്ടത്തിലേക്ക് എത്തിച്ചതും നാം താ ഹീ ആയിരുന്നു. ലഖ്​വിയയുമായി താ ഹീയുടെ ആറാമത് സീസണാണ് കിരീടനേട്ടത്തോടെ സമാപിച്ചിരിക്കുന്നത്. അതേസമയം, മികച്ച കളിക്കാരനുള്ള പുരസ്​കാരത്തിന് എന്തു കൊണ്ടും അർഹൻ ദക്ഷിണ കൊറിയൻ താരം നാം താ ഹി തന്നെയാണെന്ന് ഖത്തർ ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻറ് ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹ്മദ് ആൽഥാനി പറഞ്ഞു. 

അതേസമയം മികച്ച കോച്ചിനുള്ള പുരസ്​കാരം അൽ സദ്ദി​​െൻറ പോർച്ചുഗീസ്​ കോച്ച് ജസ്​വാൾഡോ ഫെരീറയെ തേടിയെത്തി. ഖത്തർ നാഷണൽ കൺവെൻഷൻ സ​​െൻററിൽ നടന്ന ചടങ്ങിൽ ലഖ്​വിയയുടെ  ജമാൽ ബൽമാദിയെയും ജെയ്ഷി​​െൻറ സബ്രി ലമോഷിയെയും പിന്തള്ളിയാണ് 70കാരനായ ഫെരീറ പുരസ്​കാരം ഏറ്റുവാങ്ങിയത്. ഖത്തർ കപ്പ് ഫൈനലിൽ ജെയ്ഷിനെ വീഴ്ത്തി കിരീടം നേടിയതും അമീർ കപ്പ് ഫൈനലിൽ റയ്യാനെ തകർത്ത് കിരീടനം നേടിയതും ഫെരീറക്ക് പുരസ്​കാരം നേടുന്നതിൽ സഹായകമായി. ലീഗിൽ തുടർച്ചയായി 13 വിജയങ്ങൾ നേടി റെക്കോർഡിടാനും ഫെരീറയുടെ സദ്ദിനായിരുന്നു. ഈ സീസണിലെ മികച്ച യുവതാരമായി ലഖ്​വിയയുടെ അൽ മുഇസ്​ അലിയെ തെരെഞ്ഞെടുക്കപ്പെട്ടു. 21 കാരനായ മുഇസ്​ അലി, ഗറാഫയുടെ ഗോൾകീപ്പർ യൂസുഫ് ഹസ്സനെയും സദ്ദ് മിഡ്ഫീൽഡർ സലീം അൽ ഹജ്രിയെയും പിന്തള്ളിയാണ് അണ്ടർ–23 മികച്ച താരമായത്. സീസണിലെ ഗോൾവേട്ടക്കാരനുള്ള പുരസ്​കാരം ലഖ്​വിയയുടെ യൂസുഫ് അൽ അറബിക്ക് ലഭിച്ചു. ലീഗിൽ 24 ഗോളുകളാണ് അൽ അറബി നേടിയിരിക്കുന്നത്.

Tags:    
News Summary - qatar football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.