ബാംബ്രി-ഡോഡിഗ് സഖ്യം മത്സരത്തിനിടെ
ദോഹ: ഖത്തർ എക്സോൺ മൊബീൽ ഓപൺ ടെന്നീസ് ടൂർണമെന്റ് ഡബ്ൾസിൽ ഇന്ത്യൻ താരം യുകി ബാംബ്രി അടങ്ങിയ സഖ്യത്തിന്റെ കുതിപ്പിന് അവസാനം. സെമിയിൽ ബ്രിട്ടീഷ് ജോഡികളായ യൂലിയൻ കാഷ്-ഗ്ലാസ് പൂൾ സഖ്യത്തിനോട് നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ബാംബ്രി-ഡോഡിഗ് സഖ്യത്തിന്റെ തോൽവി. സ്കോർ 6-7(3), 3-6. എ.ടി.പി 500 ടൂർണമെന്റിന്റെ കലാശപ്പോരിൽ മത്സരിക്കാനുള്ള സുവർണാവസരമാണ് ഇതോടെ നഷ്ടമായത്.
രണ്ടു സെറ്റുകളിലായി നാല് ഇരട്ട പിഴവുകൾ വരുത്തിയ ഇന്തോ-ക്രോട്ട് സഖ്യം അഞ്ച് ബ്രേക്ക് പോയന്റ് അവസരങ്ങളും പാഴാക്കി. തുല്യനിലയിൽ ആരംഭിച്ച മത്സരം 10ാം ഗെയിം വരെ തുടർന്നെങ്കിലും 11ാമത്തെ ഗെയിമിൽ ബ്രിട്ടീഷ് ജോഡി രണ്ട് ബ്രേക്ക് പോയന്റ് നേടിയെങ്കിലും അത് പോയന്റാക്കി മാറ്റുന്നതിൽ പരാജയപ്പെട്ടു. മത്സരം ട്രൈബേക്കറിലേക്ക് കടക്കുകയും കാഷ്-ഗ്ലാസ്പൂൾ സഖ്യം സെറ്റ് കൈക്കലാക്കുകയും ചെയ്തു. 7-3.
രണ്ടാം സെറ്റിൽ ബ്രിട്ടീഷ് ജോഡിക്ക് തുടക്കത്തിൽ തന്നെ മുൻതൂക്കം ലഭിച്ചു. രണ്ടാം ഗെയിമിൽ നിർണായക ബ്രേക്ക് പോയന്റുകൾ നേടി. 3-6ന് സെറ്റ വഴങ്ങി സെമിയിൽനിന്ന് പുറത്തേക്ക്.
സെമി ഫൈനൽ വരെ മികച്ച പ്രകടനം കാഴ്ചവെച്ച ബംബ്രി-ഡോഡിഗ് സഖ്യത്തിന് അവസാന നാലിൽ പിഴച്ചെങ്കിലും ഭാവി ടൂർണമെന്റുകളിൽ മുൻനിര ജോഡികൾക്ക് വെല്ലുവിളിയുയർത്താൻ ഇന്തോ-ക്രോട്ട് സഖ്യത്തിനാകുമെന്നാണ് കരുതപ്പെടുന്നത്. ശനിയാഴ്ച നടക്കുന്ന ഫൈനലിൽ കാഷ്-ഗ്ലാസ്പൂൾ സഖ്യം നാട്ടുകാരായ സാലിസ്ബറി-സ്കുപ്സ്കി സഖ്യത്തെ നേരിടും. ഖലീഫ രാജ്യാന്തര ടെന്നീസ് സ്ക്വാഷ് കോംപ്ലക്സിലെ സെന്റർ കോർട്ടിൽ രാവിലെ 10നാണ് കലാശപ്പോരാട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.